Thursday, January 15, 2009

പ്രതികരണം- പെപ്ടിക് തോട്സ് ബ്ലോഗില്‍ നല്കിയ കമന്റ്

പ്രതികരണം

മനുഷ്യന്‍ നന്നാവാന്‍ മതങ്ങള്‍ നന്നാവണം

ലോകത്ത് ഏറ്റവുമധികം അക്രമവും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ശാന്തിയും സമാധാനവും സ്ഥാപിയ്ക്കുവാന്‍ അവതരിച്ച മതങ്ങളുടെ പേരിലായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇന്നും അതിനു മാറ്റമില്ല.

മതം എന്നു കേൾക്കുമ്പോൾ ഭക്തിയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും വൈകാരികമായ ( വിശ്വാസികൾ ആത്മീയം എന്നൊക്കെ പറയും) ഒരു അനുഭൂതി ഒരു വിശ്വാസിയില്‍ ജനിപ്പിച്ചിരുന്ന കാലം എന്നേ പോയ് മറഞ്ഞു. ഇന്നു മതം എന്നു കേൾക്കുമ്പൊൾതന്നെ -അത് ഏതു മതമായാലും- വിശ്വാസിയും അവിശ്വാസിയും എല്ലാം പേടിച്ച് വിറങ്ങലിയ്ക്കുകയാണ്.

വേദ ഗ്രന്ഥങ്ങളിലെ മതമല്ല ഇന്നു നാം ലോകത്ത് എവിടെയും കാണുന്നത് ! മതങ്ങൾ തമ്മിലുള്ള കൊന്നുകൊലവിളി മാത്രമല്ല, മതങ്ങൾക്കുള്ളിൽതന്നെ കലാപങ്ങളാണ് എന്നു പറയുമ്പോതന്നെ മതം കൈകാര്യം ചെയ്യുന്നവരുടെ ആത്മീയമായ പ്രബുദ്ധത നമുക്കു ദർശിയ്ക്കാം. പേരു കൊണ്ട് മതം തിരിച്ചറിയപ്പെടുന്നവന് അന്യമതസ്ഥനെ ഭയന്ന് എങ്ങും സഞ്ചരിയ്ക്കുവാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരിയ്ക്കുന്നു കര്യങ്ങൾ.

നോക്കൂ, ഇത്രയൊക്കെയായിട്ടും മതങ്ങൾക്കുള്ളിൽ നിന്ന് ഉത്പതിഷ്ണുക്കളായ ആരുംതന്നെ ഉയർന്നുവന്ന് ഈ കൊടിയ പാതകങ്ങൾക്കെതിരെ യഥാർഥ വിശ്വാസികളെ മതത്തിന്റെ ക്രിയാത്മകവും, നിരുപദ്രവപരവും, സമാധാനപരവുമായ മാർഗ്ഗങ്ങളിലേക്ക് ആനയിക്കുന്നില്ല.

മതത്തിനു വേണ്ടി മരിച്ചു ചെന്നാൽ പരലോകത്തു കിട്ടുന്ന പുണ്യത്തിനായി സ്വയം പൊട്ടിത്തെറിയ്ക്കുന്ന ആധുനിക മത വിശ്വാസിയെ ആർക്കാണു ശരിയായ ദിശയിലേയ്ക്കു നയിക്കാൻ കഴിയുക? അന്യമതഭയമാണ് ഏതു മതത്തെയും അക്രമത്തിനായുള്ള തയ്യാറെടുപ്പുകൾക്കും- മുന്‍ കരുതലുകൾക്കും പ്രേരിപ്പിയ്ക്കുന്നത്.

ലോകത്തു ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലും മതത്തിൽ വിശ്വസിയ്ക്കുന്നവരാണ്. ആ മതവിശ്വാസികളെല്ലാം മതങ്ങൾക്കുള്ളീലെ നല്ല ആശയങ്ങൾ മാത്രം ഉൾക്കോണ്ട് ജീവിച്ചാൽ മാത്രം മതി ലോകം നന്നാകാൻ. പക്ഷേ, സംഭവിയ്ക്കുന്നത് മറിച്ചാണെന്നു മാത്രം.

മനുഷ്യന്‍ നന്നാവാന്‍ മതങ്ങള്‍ നന്നാവണം !

No comments: