Friday, February 26, 2010

യു.കലാനാഥൻ മാസ്റ്ററെ സി.പി.എം -ൽ തിരിച്ചെടുക്കണം

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

2010 ഫെബ്രുവരി 28 തീയതിവച്ച് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേരള യുക്തിവാദിസംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ വെളിച്ചത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്.

വർഷങ്ങൾക്കു മുമ്പ് മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തെ ചൊല്ലി സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററെ പാർട്ടിയിൽ തിരിച്ചെടുക്കണം. ഇതിന് സ. പിണറായി വിജയൻ മുൻ കൈ എടുക്കണം. തീർച്ചയായും സഖാവ് പിണറായിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. വി.എസിനും ഇക്കാര്യത്തിൽ കടമയുണ്ട്. മത വിശ്വാസികൾക്ക്പോലും പാർട്ടിയിൽ അംഗമാകാമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് മതമില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുന്നത് ശരിയല്ല.

തന്റെമേൽ പാർട്ടി നടപടിയെടുത്തിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സി.പി.എമ്മി നോടുള്ള അചഞ്ചലമായ കൂറ് നിലനിർത്തി പോരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കലാനാഥനെ പാർട്ടി അംഗത്വത്തിനു പുറത്തുനിർത്തുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനാദരവാണെന്ന് നാളെ ചരിത്രം വിലയിരുത്തും. കലാനാഥൻ പാർട്ടിയിൽ നിന്നും പുറത്തു പോകാനുണ്ടായ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. കലാ‍നാഥനെ പോലെ ഒരാളെ തിരിച്ചെടുക്കുന്നതിൽ പാർട്ടി ആരെയും ഭയക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ പാർട്ടി, ആരെ എന്തിനെ ഭയക്കണം?

പാർട്ടി വിശ്വസിച്ച് കൊണ്ടുവന്ന പലരും അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിർപക്ഷങ്ങളിലേക്ക് കൂറു മാറുമ്പോഴും ഒന്നും നേടാൻ വേണ്ടി എങ്ങോട്ടും ചാഞ്ചാടാതെ നിന്ന കലാനാഥൻ മാസ്റ്ററെ യുക്തിവാദി ആയി പോയതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് തീരെ ശരിയല്ല. അല്ലെങ്കിൽതന്നെ പാർട്ടിക്കുള്ളിൽ നിൽക്കുന്ന നല്ലൊരു പങ്ക് നേതാക്കളും പ്രവർത്തകരും യുക്തിവാദിസംഘം പ്രവർത്തകർ അല്ലെങ്കിലും സത്യത്തിൽ തികഞ്ഞ യുക്തിവാദികൾ തന്നെയാണ് എന്നതല്ലേ സത്യം?

കൂടാതെ പാർട്ടിയിൽ അംഗത്വവും ചുമതലകളും ഉള്ള എത്രയോ പേർ യുക്തിവാദി സംഘത്തിലും പ്രവർത്തിക്കുന്നു. പിന്നെ അതിന്റെ സംസ്ഥാന പ്രെസിഡന്റിനെ എന്തിനു പാർട്ടിയിൽ നിന്നും പുറത്ത് നിർത്തുന്നു? യുക്തിവാദി സംഘം മതങ്ങളെയും മത സംഘടനകളെയും കാൾ നീചമാണോ?

പാർട്ടിക്ക് നേരിട്ട് നടത്താൻ കഴിയാത്ത പല കാമ്പെയിനുകളും ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമല്ലേ യുക്തിവാദി സംഘം? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭൂരിപക്ഷം മതവിശ്വാസികൾ ജീവിക്കുന്ന സമൂഹത്തിൽ പാർട്ടിക്കുള്ള പരിമിതികൾ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തെ ദോഷൈകദൃഷ്ടിയോടെ നോക്കി കാണുന്നത് ശരിയാണോ?

നോക്കൂ, ബംഗാളിൽ ജ്യോതി ബാസു അടക്കമുള്ള നേതാക്കൾ അവരുടെ കണ്ണുകൾ ദാനം ചെയ്യുകയും മൃതുദേഹങ്ങൾ മെഡിക്കൽ പഠനത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഇതൊക്കെ തന്നെയല്ലേ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം ആദർശപരമാ‍യ ദുശാഠ്യങ്ങൾ ചില യുക്തിവാദികളിൽ ഉണ്ടായിരിക്കാം. പക്ഷെ ആ ദുശാഠ്യത്തിനുപിന്നിൽ ഉള്ളത് ആശയപരമായ ഒരു ആത്മാർത്ഥതയാണെന്ന സത്യം നമുക്ക് അംഗീകരിച്ചുകൂടെ?

ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പല കൊടിയ അന്ധവിശ്വാസങ്ങൾ പോലും വച്ചു പുലർത്തുന്ന എത്രയെങ്കിലും ആളുകൾ സി.പി.എം അംഗങ്ങളും നേതാക്കളും പ്രവർത്തകരും ആയിരിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കലാനാഥൻ മാഷിനെ പോലുൽളളവർ പാർട്ടിയിൽ അംഗത്വമില്ലാത്തതിൽ മനം നൊന്തു കഴിയുന്നത്.

നേരിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെയും അന്നത്തെ ചില രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും സമ്മർദ്ദം കൊണ്ടായിരിക്കണം പതിറ്റാണ്ടുകൾക്ക് മുമ്പ് കലാനാഥനു മേൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. അത് തിരുത്താൻ പാർട്ടിക്കും പാർട്ടിയോട് പൊരുത്തപ്പെടാൻ കലാനാഥനും സമയം അതിക്രമിച്ചിരിക്കുന്നു. കലാനാഥൻ അന്ന് പാർട്ടിയിൽ നിന്ന് പുറത്തു പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഡൽഹിയിലോ തിരുവനന്തപുരത്തോ എ.കെ. ജി സെന്ററുകളിലോ അതുമല്ലെങ്കിൽ പാർട്ടിയുടേ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ പ്രധാനപ്പെട്ട ചുമതലയിൽ ഇരുന്നു കൊണ്ട് വിലപ്പെട്ട സേവനങ്ങൾ പാർട്ടിക്ക് നൽകുമായിരുന്നു.

യുക്തിവാദി സംഘത്തിനുള്ളിൽ പവനനും കലാനാഥനും ചിലപ്പോഴൊക്കെ ചർച്ചകളിലും ഡിബേറ്റുകളിലും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട്ട് യുക്തിവാദി സംഘം സമ്മേളനം നടക്കുമ്പോൾ പ്രതിനിധികളുടെ ചർച്ചയിൽ ചില പ്രതിനിധികൾ അതിരുവിട്ട് സംഘം ഭാരവാഹിയായ കലനാഥൻ മാസ്റ്ററെ വിമർശിച്ചപ്പോൾ പവനൻ സാർ രോഷത്തോടെ ചാടിയെഴുന്നേറ്റ് ആ പ്രതിനിധികളെ ശാസിച്ചത് ഈയുള്ളവൻ ഓർക്കുന്നു.

അന്ന് പവനൻ പറഞ്ഞത് യുക്തിവാദി സംഘം ഉപേക്ഷിച്ച് പാർട്ടിയിൽ നിന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉന്നതമായ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈ ദുർബലമായ പ്രസ്ഥാനം കൊണ്ടു നടക്കുന്ന കലാനാഥനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ്. പവനൻ അത് അല്പം കടുപ്പിച്ച് തന്നെ പറയുകയുണ്ടായി. യുക്തിവാദി സംഘത്തിന് കലാനാഥനോടുള്ള കടപ്പാട് പവനന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പവനസാർ അന്നു പറഞ്ഞതുപോലെ നിശ്ചയമായും പാർട്ടിനേതൃത്വത്തിൽ തിരക്കുള്ളൊരു ചുമതല കലാനാഥൻ മാഷിനു ലഭിക്കുമായിരുന്നു.

എന്തൊക്കെ താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായാലും തീർച്ചയായും സി.പി.എമ്മിലും അതു നേതൃത്വം കൊടുക്കുന്ന ഇടതുപഷത്തിലും മാത്രമാണ് മാനവികതയിൽ വിശ്വസിക്കുന്ന ആർക്കും പ്രതീക്ഷകൾ ഉള്ളത്. അതുകൊണ്ട് സി.പി.എം കുറച്ചുകൂടി അവസരത്തിനൊത്ത് ഉയരാനും നിലപാടുകളിൽ കുറച്ചുകൂടി ചങ്കൂറ്റം കാണിക്കാനും തയ്യാറാകണം. മതങ്ങളെ ഭയന്ന് പുരോഗമനാശയങ്ങൾ വച്ചു പുലർത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിർത്തുന്ന സമീപനം പാർട്ടിക്ക് സ്വീകരിച്ചു കൂട. ഇതൊരു അപേക്ഷയാണ്.

സ.കലാനാഥൻ മാസ്റ്റർ ഇന്നും വിശ്വസിക്കുന്ന സി.പി.ഐ (എം) -ൽ അദ്ദേഹത്തിന് അംഗത്വം നൽകണം. അത് പാർട്ടിയുടെ കടമയാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ സായന്തനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം നൽകണം. പ്രത്യേകിച്ചും സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ സേവനങ്ങൾ പാർട്ടിക്ക് ഇനിയും ഒരു മുതൽക്കൂട്ടായിരിക്കും.

മാത്രവുമല്ല മാർക്സിസം അരച്ചു കലക്കി കുടിച്ച ഒരു അടിയുറച്ച മാർക്സിസ്റ്റുകാരനാണ് അദ്ദേഹം. മാനവികതയുടെ മൂർത്തരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഈ നല്ല മനുഷ്യനെ പാർട്ടി അവഗണിച്ച് സ്വയം തെറ്റു തുടരുന്നതെന്തിന്? അതുകൊണ്ട് മാഷിനോട് പാർട്ടി ഉടൻ നീറ്റി ചെയ്യുക. തീർച്ചയായും അതിനുള്ള ആർജ്ജവം സി.പി.ഐ (എം)-നുണ്ട്; ഉണ്ടാകണം!

Tuesday, February 16, 2010

ടാറ്റയുടെ സാമ്രാജ്യം


റ്റാറ്റയുടെ സാമ്രാജ്യം

ആയിരത്തി തൊള്ളയിരത്തി നാല്പത്തിയേഴിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു നമ്മൾ മനസിലാക്കിയിട്ടുണ്ട്. അതില്പിന്നെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായെന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒരു ഭരണഘടനയും അതിൻപ്രകാരം ഒരു ഭരണവ്യവസ്ഥിതിയും നീതിന്യായ വിഭാഗവും മറ്റും പ്രവർത്തിക്കുന്നതായും നമുക്കറിയാം. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും അതിൻപ്രകാരം ഭരണകൂടങ്ങൾ മാ‍റിമാറിവരുന്നതും നമുക്ക് നാളിതുവരെയും അനുഭവമുള്ളതാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇവിടുത്ത പൌരന്മാർ എന്ന നിലയിൽ നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വേറെയും പല കാര്യങ്ങളും നമുക്കറിയാം. എന്നാൽ നമുക്ക് അറിയാവുന്നതിനപ്പുറം നമുക്ക് അറിയാവുന്നവയ്ക്ക് നേർവിപരീതമായ പല കാര്യങ്ങളും ഉണ്ടെന്നും അങ്ങനെ ഒരുപാടറിവുകൾ നമുക്ക് മിസ് ആകുന്നുണ്ടായിരുന്നെന്നും ഉള്ള ചില പുതിയ അറിവുകൾ നമ്മെ തേടിയെത്തുകയാണിപ്പോൾ!

ഇവിടെ വിവരങ്ങൾ അറിയുവാൻ മറ്റേതൊരു രാജ്യത്തെയുമെന്ന പോലെ ഒരുപാട് സൌകര്യങ്ങൾ നമുക്കുമുണ്ട്. മാധ്യമങ്ങളായ മാധ്യമങ്ങൾ. അതും ദൃശ്യവും ശ്രവ്യവും. പത്രങ്ങൾ, ആനുകാലികങ്ങൾ, ചാനലുകളായ ചാനലുകൾ. വിവരസാങ്കേതിക വിദ്യയുടെ പുതുപുത്തൻ ഉറവിടങ്ങൾ. സർക്കാരിന്റെ തന്നെ വിവിധ ബോധന മാർഗ്ഗങ്ങൾ. പാഠപുസ്തകങ്ങൾ..... എല്ലാറ്റിലുമുപരി സർക്കാർ സ്ഥാപങ്ങളിൽ നിന്നും എന്തെങ്കിലും അറിയണമെങ്കിൽ ഇന്ന് വിവരാവകാശനിയമങ്ങൾതന്നെയുണ്ട്. അങ്ങനെ എന്തെന്തെല്ലാം മാർഗ്ഗങ്ങളിലൂടെ നാം എന്തെന്തെല്ലാം അറിഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഇവിടെ സമ്പന്നരും ദരിദ്രരുമുണ്ട്. അതിൽതന്നെ തീരെ ദരിദ്രരും സമ്പന്നരിൽ തന്നെ ഹെക്ടർ കണക്കിനു ഭൂമിയുള്ളവർ ഉണ്ടെന്നും നാം അറിഞ്ഞു വച്ചിട്ടുണ്ട്. ഇങ്ങനെ പലതും പലതും നമുക്കറിയാമായിരുന്നിട്ടും ഇതുവരെ അറിയാതെ പോയ ഒരു പ്രധാ‍ന കാര്യം നാം ഇപ്പോൾ നടുക്കത്തോടെ അറിയുന്നു. അതായത് ഇന്ത്യ എന്ന ഈ സ്വതന്ത്ര രാജ്യത്തിനുള്ളിൽ മറ്റു ചില സ്വതന്ത്ര സാമ്രാജ്യങ്ങൾ ഉണ്ടെന്ന്! സ്വന്തമായി ഭരണവും നീതിയും നിയമവും പോലീസും പട്ടാളവുമുള്ള ( അവരെ ദുഷ്ടബുദ്ധികൾ ഗുണ്ടകൾ എന്നു വിളിക്കും) നികുതി പിരിക്കാൻ ഉദ്യോഗസ്ഥരുമുള്ള സ്വതന്ത്ര സാമ്രാജ്യങ്ങൾ! അങ്ങനെയുള്ള പ്രദേശങ്ങളെ സാധാരണ സ്വതന്ത്ര രാജ്യങ്ങളായാണ് രാഷ്ട്രതന്ത്ര ശാസ്ത്രം പരിഗണിക്കുക. ഇവിടെ നമ്മുടെ ഈ കൊച്ചു കേരളത്തിലെ കിഴക്കൻ മലയിൽ മനോഹരമായ സ്ഥലത്ത് ആരുമറിയാതെ അങ്ങനെ ഒരു സാമ്രാജ്യം നിലനിൽക്കുകയായിരുന്നുവത്രെ! നമ്മുടെ ഭർണകർത്താക്കളും നീതിപീഠങ്ങൾ പോലും പലപ്പോഴും വകവച്ചുകൊടുത്തിട്ടുള്ളതാണത്രേ അവരുടെ ഈ പ്രത്യേക അധികാരം!

പറഞ്ഞത് റ്റാറ്റയുടെ മൂന്നാറിലെ ആ സാമ്രാജ്യത്തെക്കുറിച്ചു തന്നെ. സ്വകാര്യ നിയമങ്ങളും, നിയമപാലകരും, നികുതി പിരിയ്ക്കലും മറ്റും മറ്റുമായി ഒരു കൊച്ചു സ്വതന്ത്ര രാജ്യം പോലെ പ്രവർത്തിക്കുകയായിരുന്നുവത്രേ മൂന്നാർ. ആരും ഇതുവരെ അതറിഞ്ഞില്ലത്രേ! ഒരു സ്വതന്ത്രരാജ്യത്തിനുള്ളിൽ മറ്റൊരു സ്വതന്ത്രസാമ്രാജ്യമോ? സ്വകാര്യവ്യക്തികൾക്ക് ഇത്രയധികം അധികാരാവകാശങ്ങൾ ഭൂമിയുടെ മേൽ ലഭിക്കുന്നതെങ്ങനെ? സ്വത്തും പണവും സമ്പാദിക്കുന്നവർക്ക് നികുതികളിലൂടെയും മറ്റും നിയന്ത്രണങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു തന്നെ രാജ്യത്തെ മൊത്തം ഭൂമി അളന്നു വാങ്ങി രാജ്യം സ്വകാര്യസ്വത്താക്കാതിരിക്കുവാനാണ്. ഭൂമി ആളുകൾക്ക് വിലയ്ക്കു വാങ്ങുകയും കൈമാറ്റം ചെയ്യുകയും വച്ചനുഭവിക്കുകയും ചെയ്യാമെങ്കിലും എല്ലാ ഭൂമിയും രാഷ്ട്രത്തിന്റെ വകയാണ്.
ഭൂമിയുടെ മേൽ കൈവശ-കൈമാറ്റ അധികാരങ്ങളല്ലാതെ അവയുടെ മേൽ ആത്യന്തികമായ അവകാശം ആർക്കുമില്ല. ഏതു സമയത്തും രാഷ്ട്രത്തിനാവശ്യം വന്നാൽ ആരുടെ ഭൂമിയും കണ്ടുകെട്ടാം. സമ്പൂർണ്ണ മുതലാളിത്ത രാജ്യങ്ങളിൽ പോലും ഭൂമിയുടെ മേൽ ഉള്ള വ്യക്തികളുടെ അവകാശം സ്ഥിരമോ സമ്പൂർണ്ണമോ അല്ല. അനുഭവ കൈമാറ്റ അവകാശങ്ങൾ എന്നു പറഞ്ഞാൽ അത് ഹെക്ടർ കണക്കിനു ഭൂമി വാങ്ങി സാമ്രാജ്യങ്ങൾ സ്ഥാപിക്കാനുള്ള അവകാശമല്ല. എന്നാൽ മൂന്നാറിൽ റ്റാറ്റ സ്ഥാപിച്ചിരിക്കുന്നത് ഒരു കൊച്ചു സ്വതന്ത്ര സാമ്രാജ്യം തന്നെയാണ്. അതിനുള്ള അവകാശം ഇന്ത്യയിൽ ആർക്കുമില്ല. എല്ലാം രാജ്യത്തെ ഭരണകൂടത്തിനും രാഷ്ട്രത്തിനും നിയമങ്ങൾക്കും കീഴിലായിരിക്കണം. ഇപ്പോൾ റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് നാം അറിഞ്ഞു. ഇതു പോലെ നമ്മുടെ രാജ്യത്ത് എത്രയെത്ര കൊച്ചു കൊച്ചു ഭൂസാമ്രാജ്യങ്ങൾ ഉണ്ടായിരിക്കാം. എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രമാണല്ലോ പലരും പലതും അറിയുക.

മൂന്നാറിലെ
റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൽ പുതിയലക്കം ചിന്തയിലെ ഈ ലേഖനം ഇവിടെ ചെന്ന് ഒന്നു വായിച്ചാൽ മതി.

Saturday, February 13, 2010

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!

വേറൊന്നുമില്ല. ഇതു പരീക്ഷാകാലമാണ്. സ്കൂൾ, ട്യൂട്ടോറികൾ, കുട്ടികൾ , രക്ഷകർത്താക്കൾ എല്ലാം പരീക്ഷാ ചൂടിലാണ്. എങ്ങനെയും ഗ്രേഡ് മെച്ചപ്പെടുത്താൻ വേണ്ടി നെട്ടോട്ടമോടുന്ന കുട്ടികൾ. ഇനിയും നിസംഗത കൈവിടാതെ ഇതു പോലെ ഇനി എന്തെല്ലാം നമ്മളു കാണാനിരിയ്ക്കുന്നു എന്നമട്ടിൽ പരീക്ഷയെ വകവയ്ക്കാതെ അടിച്ചു പൊളിയ്ക്കുന്ന വേന്ദ്രന്മാരും വേന്ദ്രത്തികളും ഇല്ലാതില്ല. സധൈര്യം പരീക്ഷ എഴുതുന്നവർ മിക്കവാറും പരീക്ഷകളെ വകവയ്ക്കാത്ത ഈ ഉരുപ്പടികളായിരിയ്ക്കും. പരീക്ഷയ്ക്ക് ബെല്ലടിയ്ക്കുമ്പോൾ കയ്യും കുടഞ്ഞ് ചുണ്ടും കോട്ടി കരഞ്ഞും വിറച്ചും വലിയ പഠിപ്പിസ്റ്റുകളായ കുട്ടികൾ പരീക്ഷാഹാളിലേയ്ക്ക് കടക്കുമ്പോൾ പഠിപ്പിസ്റ്റാകാൻ ആഗ്രഹിക്കാത്ത വീര-വീരത്തികൾ ലാഘവത്തോടെ ആരോടൊക്കെയോ സല്ലപിച്ചുകൊണ്ട് ആർക്കോവേണ്ടി പരീക്ഷാഹാളിലേയ്ക്ക് കയറുന്നു

പ്ലസ്-ടു , എസ്.എസ്.എൽ.സി പരീക്ഷകൾ എല്ലാം ഏതാണ്ട് ഒരുമിച്ചാണു നടക്കുന്നത്. ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളും ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളും ഉത്തരങ്ങളേക്കാൾ വലിയ ചോദ്യങ്ങളുമൊക്കെയായി വരുന്ന ചോദ്യപേപ്പറുകൾ തന്നെ ഒരു തമാശയാണെന്നതിനാലും, പാഠപുസ്തകങ്ങലുമായി അതിനു പറയത്തക്ക ബന്ധമൊന്നും ഉണ്ടാകാനിടയില്ലാത്തതിനാലും വായിൽ തോന്നിയത് എന്തും കടലാസിലേയ്ക്ക് ആവാഹിച്ചു വച്ച് സായൂജ്യമടയാം എന്നത് പതിവു പോലെ ഇത്തവണയും നമ്മുടെ ഈ പരീക്ഷകളുടെ പ്രത്യേകത തന്നെ ആയിരിയ്ക്കും. അതുകൊണ്ടു തന്നെ ഉറക്കമിളച്ചു പഠിക്കുന്നവർ കുറഞ്ഞ ഗ്രേഡിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്ത് വിഡ്ഡികളാകുമ്പോൾ ചോദ്യകർത്താക്കൾക്ക് തന്നെ ഉത്തരം അറിയാത്ത അഥവാ ഉത്തരമുണ്ടോ എന്നറിയാത്ത ചോദ്യങ്ങളെ ചോദ്യമുണ്ടാക്കിയ അദ്ധ്യാപകരുടെ അതേ “മനോനിലയിൽ“ നേരിട്ടുകൊണ്ട് ക്ലാസ്സിൽ കയറാതെ നടന്ന ആന്റി പഠിപ്പിസ്റ്റുകൾ ഉയർന്ന ഗ്രേഡോടെ ജയിച്ച് കയറുന്നത് കണ്ട് സ്കൂളിലെയും ട്യൂട്ടോറികളിലേയും അദ്ധ്യാപകർക്കും തങ്ങളുടേ മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൈവിട്ട രക്ഷകർത്താക്കൾക്കും കണ്ണുമിഴിച്ച് നോക്കി നിൽക്കാനേ കഴിയൂ.

എന്തായാലും അസുഖം മൂർച്ഛിച്ച് എങ്ങനെയും ജീവൻ രക്ഷിക്കാൻ വേണ്ടി ആശുപത്രികളിൽനിന്നും ആശുപത്രികളിലെയ്ക്കു നെട്ടോട്ടമൂടുന്ന രോഗികളെ പോലെ ഒരു ട്യൂട്ടോറിയിൽ നിന്നും മറ്റൊരിടത്തെക്കും സ്പെഷ്യൽ ക്ലാസുകളിലേയ്ക്കും നെട്ടോട്ടമോടുന്ന കുട്ടികൾ തളർന്ന് വീട്ടിലെത്തുമ്പോൾ കുറിപ്പടിപ്രകാരം മരുന്നു കഴിപ്പിക്കുവാൻ അതാ ഇരിയ്ക്കുന്നു ഡോർ ടു ഡൊർ വിജ്ഞാന വിതരണക്കാരിൽ ഒരാളായ ഹോം ട്യൂഷൻ മാസ്റ്റർ! ഇങ്ങനെയൊക്കെ പഠിച്ച് എഴുതേണ്ടതരം പരീക്ഷയൊന്നുമല്ല ഇപ്പോൾ നടക്കുന്നതെന്ന് അറിയാവുന്ന രക്ഷിതാക്കൾ തന്നെയാ‍ണ് കുട്ടികളെ ഇത്തരത്തിൽ പീഡിപ്പിയ്ക്കുന്നത്. സ്കൂളിൽ നിന്നും പാരലൽ കോളേജുകളിൽ നിന്നും ആവശ്യത്തിനുള്ള സഹായങ്ങൾ ഒക്കെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. വീട്ടിൽ ചെന്ന് കൂടുതൽ അദ്ധ്വാനിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്ന സ്കൂൾ അദ്ധ്യാപകർ തന്നെ പക്ഷെ കുട്ടികൾക്ക് വലിയ പഠന ഭാരങ്ങളാണ് ഏല്പിച്ചു വിടുന്നത്.

ഇന്ന് പാണ്ടൻ പുസ്തകങ്ങൾ മാത്രം ചുമന്നു കൊണ്ടു പൊയാൽ പോര. കൂറേ ചാർട്ടുകളും അസൈന്മെന്റു പേപ്പറുകളും ചപ്പുചവറുകളുമായി വേച്ചുവേച്ചു നീങ്ങുന്ന കുട്ടികൾ തങ്ങളൂടെ തൊഴിലവസരം നിഷേധിച്ചു കൊണ്ടാണ് ഈ പാ‍ണ്ടങ്ങൾ ചുമന്നു നീങ്ങുന്നതെന്നാണ് ചുമട്ടുതൊഴിലാളി സുഹൃത്തുക്കൾ പിറുപിറുക്കുന്നത്. നോക്കു കൂലിയെ സ. പിണറായിതന്നെ തള്ളിപ്പറഞ്ഞ സ്ഥിതിയ്ക്ക് അതിനും സ്കോപ്പില്ല. ഇനി ഇതയും വലുപ്പവും ഭാരവുമുള്ള പുസ്തകത്തിനുള്ളിൽ എന്താണെന്നു ചോദിച്ചാൽ ചോളി കേ പീച്ചേ ക്യാഹേ ആകും. പദപ്രശ്നങ്ങളെ തോല്പിയ്ക്കുന്ന അവ്യക്തതകളും ദുരൂഹതകളും കുട്ടികളോടുള്ള മുൻ കൂർ മറുചോദ്യങ്ങളും വെല്ലുവിളികളും (ധൈര്യമുണ്ടെങ്കിൽ ഉത്തരം കണ്ടു പിടി എന്ന മട്ടിൽ) മറ്റുമായി അടിച്ചിറക്കുന്ന പുസ്തകങ്ങൾ ഭ്രാന്തു പിടിയ്ക്കുമെന്നു കരുതി അദ്ധ്യാപകർ പേടിച്ചു തുറക്കാറില്ല. പകരം കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുകയാണ്. രക്ഷിതാക്കളാകട്ടെ പാഠപുസ്തകങ്ങളിൽ ഭ്രാന്തൻ ഉള്ളടക്കങ്ങളാണുള്ളതെന്നറിയാതെ ഉറക്കമിളപ്പിച്ചു വായിപ്പിയ്ക്കുന്നു.

ചോദ്യങ്ങൾ നേരേ ഉത്തരങ്ങൾ ചൊവ്വേ എന്നതല്ല, ചോദ്യങ്ങൾ വളച്ച് ഉത്തരങ്ങൾ കുഴച്ച് എന്നതാണ് നമ്മുടെ ഇപ്പോഴത്തെ പുസ്തകങ്ങളുടെയും പരീക്ഷാ ചോദ്യങ്ങളുടെയും രീതി! ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ ആകോ! എം.എ.ബേബി സഖാവിനെങ്ങാനും സമയമുണ്ടായി സ്കൂൾ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയാൽ ബെറ്റി സഖാവിനു പിന്നെ ബേബി സഖാവിന്റെ മേലിൽ സദാ ഒരു കണ്ണു വേണ്ടിവരും. കാരണം അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ ഇതിന്റെയൊക്കെ ഉത്തരവാദിത്വവും ചുമന്നാണോ താൻ ഇത്രയും കാലം നടന്നതെന്നു വിചാരിച്ച് രാഷ്ട്രീയവും നിരീശ്വരവാദവും മറ്റും ഉപേക്ഷിച്ച് സന്യാസത്തിനു പോയാലും അദ്ഭുതമില്ല.

വിവരമുള്ളവരാരും ഇന്നു വരെ നമ്മുടെ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയിട്ടില്ലാത്തതുകൊണ്ടും മേലിലും വായിക്കാൻ സാദ്ധ്യതകൾ ഇല്ലാത്തതുകൊണ്ടും അതിപ്രകാരംതന്നെ തുടരും.ഗ്രേഡിംഗിനെയോ പുതിയ പാഠ്യപദ്ധതിയൂടെ സോദ്ദേശ്യത്തെയോ തല്ലിപ്പറയുന്നില്ല. സമീപനങ്ങൾ നല്ലതുതന്നെ. പക്ഷെ പാഠപുസ്തകങ്ങൾ അടക്കമുള്ള ഇപ്പോഴത്തെ ഉപാധികളെ വിമർശിക്കാതെ വയ്യ! ഈ പോരായ്മകള്‍ പരിഹരിക്കപ്പെടേണ്ടതാണ് . പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ! പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ!

Tuesday, February 2, 2010

ആദരാഞ്ജലികൾ!

അന്തരിച്ച
പ്രശസ്ത ചലച്ചിത്ര നടൻ
കൊച്ചിൻ ഹനീഫയ്ക്ക്
ആദരാഞ്ജലികൾ!