Friday, February 26, 2010

യു.കലാനാഥൻ മാസ്റ്ററെ സി.പി.എം -ൽ തിരിച്ചെടുക്കണം

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

2010 ഫെബ്രുവരി 28 തീയതിവച്ച് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേരള യുക്തിവാദിസംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ വെളിച്ചത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്.

വർഷങ്ങൾക്കു മുമ്പ് മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തെ ചൊല്ലി സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററെ പാർട്ടിയിൽ തിരിച്ചെടുക്കണം. ഇതിന് സ. പിണറായി വിജയൻ മുൻ കൈ എടുക്കണം. തീർച്ചയായും സഖാവ് പിണറായിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. വി.എസിനും ഇക്കാര്യത്തിൽ കടമയുണ്ട്. മത വിശ്വാസികൾക്ക്പോലും പാർട്ടിയിൽ അംഗമാകാമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് മതമില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുന്നത് ശരിയല്ല.

തന്റെമേൽ പാർട്ടി നടപടിയെടുത്തിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സി.പി.എമ്മി നോടുള്ള അചഞ്ചലമായ കൂറ് നിലനിർത്തി പോരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കലാനാഥനെ പാർട്ടി അംഗത്വത്തിനു പുറത്തുനിർത്തുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനാദരവാണെന്ന് നാളെ ചരിത്രം വിലയിരുത്തും. കലാനാഥൻ പാർട്ടിയിൽ നിന്നും പുറത്തു പോകാനുണ്ടായ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. കലാ‍നാഥനെ പോലെ ഒരാളെ തിരിച്ചെടുക്കുന്നതിൽ പാർട്ടി ആരെയും ഭയക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ പാർട്ടി, ആരെ എന്തിനെ ഭയക്കണം?

പാർട്ടി വിശ്വസിച്ച് കൊണ്ടുവന്ന പലരും അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിർപക്ഷങ്ങളിലേക്ക് കൂറു മാറുമ്പോഴും ഒന്നും നേടാൻ വേണ്ടി എങ്ങോട്ടും ചാഞ്ചാടാതെ നിന്ന കലാനാഥൻ മാസ്റ്ററെ യുക്തിവാദി ആയി പോയതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് തീരെ ശരിയല്ല. അല്ലെങ്കിൽതന്നെ പാർട്ടിക്കുള്ളിൽ നിൽക്കുന്ന നല്ലൊരു പങ്ക് നേതാക്കളും പ്രവർത്തകരും യുക്തിവാദിസംഘം പ്രവർത്തകർ അല്ലെങ്കിലും സത്യത്തിൽ തികഞ്ഞ യുക്തിവാദികൾ തന്നെയാണ് എന്നതല്ലേ സത്യം?

കൂടാതെ പാർട്ടിയിൽ അംഗത്വവും ചുമതലകളും ഉള്ള എത്രയോ പേർ യുക്തിവാദി സംഘത്തിലും പ്രവർത്തിക്കുന്നു. പിന്നെ അതിന്റെ സംസ്ഥാന പ്രെസിഡന്റിനെ എന്തിനു പാർട്ടിയിൽ നിന്നും പുറത്ത് നിർത്തുന്നു? യുക്തിവാദി സംഘം മതങ്ങളെയും മത സംഘടനകളെയും കാൾ നീചമാണോ?

പാർട്ടിക്ക് നേരിട്ട് നടത്താൻ കഴിയാത്ത പല കാമ്പെയിനുകളും ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമല്ലേ യുക്തിവാദി സംഘം? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭൂരിപക്ഷം മതവിശ്വാസികൾ ജീവിക്കുന്ന സമൂഹത്തിൽ പാർട്ടിക്കുള്ള പരിമിതികൾ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തെ ദോഷൈകദൃഷ്ടിയോടെ നോക്കി കാണുന്നത് ശരിയാണോ?

നോക്കൂ, ബംഗാളിൽ ജ്യോതി ബാസു അടക്കമുള്ള നേതാക്കൾ അവരുടെ കണ്ണുകൾ ദാനം ചെയ്യുകയും മൃതുദേഹങ്ങൾ മെഡിക്കൽ പഠനത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഇതൊക്കെ തന്നെയല്ലേ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം ആദർശപരമാ‍യ ദുശാഠ്യങ്ങൾ ചില യുക്തിവാദികളിൽ ഉണ്ടായിരിക്കാം. പക്ഷെ ആ ദുശാഠ്യത്തിനുപിന്നിൽ ഉള്ളത് ആശയപരമായ ഒരു ആത്മാർത്ഥതയാണെന്ന സത്യം നമുക്ക് അംഗീകരിച്ചുകൂടെ?

ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പല കൊടിയ അന്ധവിശ്വാസങ്ങൾ പോലും വച്ചു പുലർത്തുന്ന എത്രയെങ്കിലും ആളുകൾ സി.പി.എം അംഗങ്ങളും നേതാക്കളും പ്രവർത്തകരും ആയിരിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കലാനാഥൻ മാഷിനെ പോലുൽളളവർ പാർട്ടിയിൽ അംഗത്വമില്ലാത്തതിൽ മനം നൊന്തു കഴിയുന്നത്.

നേരിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെയും അന്നത്തെ ചില രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും സമ്മർദ്ദം കൊണ്ടായിരിക്കണം പതിറ്റാണ്ടുകൾക്ക് മുമ്പ് കലാനാഥനു മേൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. അത് തിരുത്താൻ പാർട്ടിക്കും പാർട്ടിയോട് പൊരുത്തപ്പെടാൻ കലാനാഥനും സമയം അതിക്രമിച്ചിരിക്കുന്നു. കലാനാഥൻ അന്ന് പാർട്ടിയിൽ നിന്ന് പുറത്തു പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഡൽഹിയിലോ തിരുവനന്തപുരത്തോ എ.കെ. ജി സെന്ററുകളിലോ അതുമല്ലെങ്കിൽ പാർട്ടിയുടേ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ പ്രധാനപ്പെട്ട ചുമതലയിൽ ഇരുന്നു കൊണ്ട് വിലപ്പെട്ട സേവനങ്ങൾ പാർട്ടിക്ക് നൽകുമായിരുന്നു.

യുക്തിവാദി സംഘത്തിനുള്ളിൽ പവനനും കലാനാഥനും ചിലപ്പോഴൊക്കെ ചർച്ചകളിലും ഡിബേറ്റുകളിലും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട്ട് യുക്തിവാദി സംഘം സമ്മേളനം നടക്കുമ്പോൾ പ്രതിനിധികളുടെ ചർച്ചയിൽ ചില പ്രതിനിധികൾ അതിരുവിട്ട് സംഘം ഭാരവാഹിയായ കലനാഥൻ മാസ്റ്ററെ വിമർശിച്ചപ്പോൾ പവനൻ സാർ രോഷത്തോടെ ചാടിയെഴുന്നേറ്റ് ആ പ്രതിനിധികളെ ശാസിച്ചത് ഈയുള്ളവൻ ഓർക്കുന്നു.

അന്ന് പവനൻ പറഞ്ഞത് യുക്തിവാദി സംഘം ഉപേക്ഷിച്ച് പാർട്ടിയിൽ നിന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉന്നതമായ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈ ദുർബലമായ പ്രസ്ഥാനം കൊണ്ടു നടക്കുന്ന കലാനാഥനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ്. പവനൻ അത് അല്പം കടുപ്പിച്ച് തന്നെ പറയുകയുണ്ടായി. യുക്തിവാദി സംഘത്തിന് കലാനാഥനോടുള്ള കടപ്പാട് പവനന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പവനസാർ അന്നു പറഞ്ഞതുപോലെ നിശ്ചയമായും പാർട്ടിനേതൃത്വത്തിൽ തിരക്കുള്ളൊരു ചുമതല കലാനാഥൻ മാഷിനു ലഭിക്കുമായിരുന്നു.

എന്തൊക്കെ താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായാലും തീർച്ചയായും സി.പി.എമ്മിലും അതു നേതൃത്വം കൊടുക്കുന്ന ഇടതുപഷത്തിലും മാത്രമാണ് മാനവികതയിൽ വിശ്വസിക്കുന്ന ആർക്കും പ്രതീക്ഷകൾ ഉള്ളത്. അതുകൊണ്ട് സി.പി.എം കുറച്ചുകൂടി അവസരത്തിനൊത്ത് ഉയരാനും നിലപാടുകളിൽ കുറച്ചുകൂടി ചങ്കൂറ്റം കാണിക്കാനും തയ്യാറാകണം. മതങ്ങളെ ഭയന്ന് പുരോഗമനാശയങ്ങൾ വച്ചു പുലർത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിർത്തുന്ന സമീപനം പാർട്ടിക്ക് സ്വീകരിച്ചു കൂട. ഇതൊരു അപേക്ഷയാണ്.

സ.കലാനാഥൻ മാസ്റ്റർ ഇന്നും വിശ്വസിക്കുന്ന സി.പി.ഐ (എം) -ൽ അദ്ദേഹത്തിന് അംഗത്വം നൽകണം. അത് പാർട്ടിയുടെ കടമയാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ സായന്തനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം നൽകണം. പ്രത്യേകിച്ചും സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ സേവനങ്ങൾ പാർട്ടിക്ക് ഇനിയും ഒരു മുതൽക്കൂട്ടായിരിക്കും.

മാത്രവുമല്ല മാർക്സിസം അരച്ചു കലക്കി കുടിച്ച ഒരു അടിയുറച്ച മാർക്സിസ്റ്റുകാരനാണ് അദ്ദേഹം. മാനവികതയുടെ മൂർത്തരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഈ നല്ല മനുഷ്യനെ പാർട്ടി അവഗണിച്ച് സ്വയം തെറ്റു തുടരുന്നതെന്തിന്? അതുകൊണ്ട് മാഷിനോട് പാർട്ടി ഉടൻ നീറ്റി ചെയ്യുക. തീർച്ചയായും അതിനുള്ള ആർജ്ജവം സി.പി.ഐ (എം)-നുണ്ട്; ഉണ്ടാകണം!

3 comments:

സുശീല്‍ കുമാര്‍ പി പി said...

ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വരുന്നത്. നന്നായിരിക്കുന്നു. മാതൃഭൂമി ഇന്നലെ വായിച്ചു. കലാനാഥന്‍ മാസ്റ്ററെ സി പി ഐ എം പുറത്താക്കിയത് അദ്ദേഹത്തോടോ അദ്ദേഹം പറഞ്ഞ കാര്യങ്ങളോടോ ഉള്ള വിരോധം കൊണ്ടൊന്നുമാണെന്നു തോന്നുന്നില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ചില നീക്കുപോക്കുകളൊക്കെ വേണ്ടി വരും. മദനിയുമായി വേദി പങ്കിടാന്‍ ഓടിയ പോലെ. അതു വോട്ടു കിട്ടുമെന്നു കരുതി. മാഷെ പുറത്താക്കിയതും അങ്ങനെ ചെയ്താല്‍ മറ്റു ചിലരുടെ വോട്ടുകിട്ടുമെന്നു കരുതിയാകാം. രണ്ടും അബദ്ധമായെന്ന് കാലം തെളിയിച്ചു.

Anonymous said...

യുക്തിവാദികള്‍ പലരും തികഞ്ഞ ഹിന്ദു വര്‍ഗീയവാദികളെപ്പോലെ ചിന്തിക്കയും പ്രവര്‍ത്തിക്കയും ചെയ്യുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കലാനാഥനുമായി മാതൃഭൂമി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍‍ അക്കാര്യം ഒന്നുകൂടി ബോധ്യമായി. മാത്രമല്ല, ഇത്രനാളത്തെ സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം ഉള്ള ആളിന്റെ സാമൂഹിക-ചരിത്ര ബോധം ഏത്ര പരിതാപകരവും സഹതാപാര്ഹവുമാണെന്നും മനസ്സിലായി. അങ്ങേര് പാര്ട്ടിയില് നിന്ന് പോരാനുണ്ടായ കാരണം തന്നെ നോക്കുക.മുന്പൊരിക്കല് സുശീല് കുമാറുമായി ഇക്കാര്യം ചര്ച്ച ചെയ്തതാണ്. ശരീയത്ത് അഥവാ മുസ്ലിം വ്യക്തിനിയമത്തിന്റെ കാര്യത്തില് ഇതര മതസ്ഥര്ക്കും മതമില്ലാത്തവര്ക്കും എന്താ തരക്കേട് ?ആ നിയമങ്ങള് മറ്റുള്ളവരെ എങ്ങനെയാണ് അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നത് ?

റ്റോംസ് കോനുമഠം said...

സജീ,
രാഷ്ട്രീയം ഇഷ്ടമാണ്‌. പക്ഷേ എഴുതാനല്പം മടി.
വാര്‍ത്ത കണ്ടിരുന്നു.
പാര്‍ട്ടിക്ക് എല്ലാക്കാലത്തും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഇതും അത്തരത്തില്‍ ഒന്ന് മാത്രമെന്ന് പറഞ്ഞ് പിന്നെ കൈകഴുകും. അന്ന് നമ്മളും ഈ മാഷിനെ മറക്കും.