Thursday, July 14, 2011

മാധ്യമപ്രവർത്തകർക്ക് സി.എസ്.ഐ സ്വാശ്രയം വക അടി

മാധ്യമപ്രവർത്തകർക്ക് സി.എസ്.ഐ സ്വാശ്രയം വക അടി

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് കാരക്കോണം സ്വാശ്രയ മാനേജ്മെന്റ് സ്പോൺസർ ചെയ്ത അടി ! സ്വാശ്രയഅഴിമതി റിപ്പോർട്ട് ചെയ്യാൻ ചെന്ന ഏഷ്യാനെറ്റ് ലേഖകനിട്ട് കോടുത്തുകൊണ്ടായിരുന്നു തുടക്കം. പത്രപ്രവർത്തകരെ തന്നെ ആക്രമിച്ചുകൊണ്ടുള്ള തുടക്കം എന്തുകൊണ്ടും കേമമാണ്. കുറച്ച് എസ്.എഫ്.ഐ ക്കാരെയോ ഡി.വൈ.എഫ്.ഐ ക്കാരെയോ ആക്രമിച്ചുകൊണ്ടായിരുന്നെങ്കിൽ തുടക്കത്തിന് കുറച്ചുംകൂടി ഒരു വീര്യമൊക്കെ ലഭിച്ചേനേ! അല്ല, ഈ ചാനലുകാർക്കും പത്രകാർക്കും ഇതൊക്കെ തന്നെ വരണം. വല്ലപ്പോഴും ഇത്തരം അടിയുടെ ചൂടുണ്ടെങ്കിൽ മാർക്സിസറ്റുകാരെ പറ്റി ഓരോരോ നുണ എഴുതുമ്പോൾ മർക്സിസ്റ്റുകാരുടേ അമ്മേടെ തേങ്ങ എന്നെഴുതേണ്ടിടത്ത് മാർക്സിസ്റ്റു കാരന്റെ മാതാവിന്റെ നാളീകേരം എന്ന് ഒന്ന് സോഫ്റ്റാക്കാൻ തോന്നിയാലോ!

പിണറായിയുടെ കൂടെ ചിലർ മണം പിടിച്ച് നടന്നതു പോലെ സുഖമുള്ള ഏർപ്പാടല്ല ഈ സ്വാശ്രയത്തിലൊക്കെ ചെന്നു കയറിയാൽ എന്ന് ഈ പത്രക്കാരും ചാനലുകാരുമൊക്കെ ഒന്നറിയണമല്ലോ. കാരണം പൊതുവേ മാർക്സിസ്റ്റുകാരണല്ലോ പത്രകാരുടെ ദൃഷ്ടിയിലും ഈ ആക്രമികൾ. ആർ.എസ്.എസ്, എൻ.ഡി.എഫ് (ഇപ്പോൾ എസ്.ഡി.പി ഐ ആണെന്നു തോന്നുന്നു) കോൺഗ്രസ്സുകാർ ഇവരൊക്കെ നാടിന്റെ നാനാ ഭാഗങ്ങളിൽ അഴിച്ചു വിടുന്ന അക്രമങ്ങൾ ഒക്കെ വിശുദ്ധയുദ്ധങ്ങളാണല്ലോ! മാർക്സിസ്റ്റ്രുകാരെ ആരെങ്കിലും അടിച്ചാലും കൊണ്ടോട് മര്യാദയ്ക്ക് പൊയ്ക്കോളണം. ഇടതുപക്ഷ പ്രക്ഷോഭകരെ അടിക്കുമ്പോൾ തീരെ നോവാത്തവർക്കു കൂടി ഇപ്പോൾ നൊന്തു വശായിരിക്കുകയാണല്ലോ.

അല്ല, അതിപ്പോൾ മുംബായിലൊക്കെ നടന്നതുപോലെയുള്ള വൻ സ്ഫോടനങ്ങളോ, പള്ളി പൊളിക്കലോ, ക്രിസ്ത്യാനികളെ ചുട്ടുകരിക്കലോ, ഗോത്രാ കൂട്ടക്കൊലയോ ഒന്നുമല്ലല്ലോ വലിയ കാര്യം. കണ്ണൂരിലെ ജനാധിപത്യ ധ്വംസനമല്ലേ ശരിക്കുള്ള അക്രമം. പിന്നെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് ഇവരൊക്കെ നടത്തുന്ന സമരങ്ങൾ, സോറി അവരുടെ ഭാഷയിൽ പൊതു നശീകരണപ്രവർത്തനങ്ങൾ, പിന്നെ ഹർത്താലുകൾ വഴിയരികിലെ പൊതുയോഗം ഇതൊക്കെയാണ് ശരിയായ ആക്രമണങ്ങൾ. അതൊക്കെ വച്ചു നോക്കുമ്പോൾ പത്രക്കാരന് കാരക്കോണം മെഡിക്കൽ കോളേജ് സ്പോൺസർ ചെയ്ത സ്പെഷ്യൽ അടി ഒരു അടിയേ അല്ല; വെറും സ്നേഹ പ്രകടനം മാത്രമാണ്. ഒരു കോൺഗ്രസ്സ് നേതാവും കൂടിയാണ് അടിയ്ക്ക് നേതൃത്വം നൽകിയതെന്നാണ് പറഞ്ഞ് കേൾക്കുന്നത്. അപ്പോൾ സ്വാശ്രയ-യു.ഡി.എഫ് ബന്ധങ്ങളെപറ്റി ഇനി പ്രത്യേകം എടുത്തു പറയേണ്ടല്ലോ. ഏഷ്യാനെറ്റ് ലേഖകൻ ഷാജഹാന് കണ്ണൂരിൽ നിന്ന് കിട്ടിയതുപോലത്തെ അടിയൊന്നുമല്ലല്ലോ! ഏതായാലും വിശുദ്ധ അടിയല്ലേ. പുണ്യം കിട്ടും!

Sunday, July 3, 2011

യു. കലാനാഥനെ ആക്രമിച്ചിട്ടെന്ത്?


യു. കലാനാഥനെ ആക്രമിച്ചിട്ടെന്ത്?

തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കോടികൾ വിലമതിയ്ക്കുന്ന നിധികൾ കണ്ടെടുത്തു. ഈ നിധിശേഖരം സർക്കാർ ഏറ്റെടുക്കണമോ ക്ഷേത്രമുതലാക്കണമോ എന്നതൊക്കെ അന്തിമമായി സർക്കാരും കോടതികളും തീരുമാനിക്കേണ്ട കാര്യമാണ്. കണ്ടെടുത്ത വിഗ്രഹങ്ങളിൽ ചിലതെല്ലാം ആരാധനയുമായും മറ്റും ബന്ധപ്പെട്ടവ ആയതിനാൽ അവയിൽ പലതും രൂപ മാറ്റം വരുത്താനോ വിൽക്കാനോ പലവിധ എതിർപ്പുകൾ മൂലം കഴിയുമെന്നു തോന്നുന്നില്ല.പുരാവസ്തുക്കൾ എന്ന നിലയിൽ അവയ്ക്ക് വിലമതിയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ചിലത് സൂക്ഷിക്കേണ്ടതായും വരാം. വില പിടിപ്പുണ്ടെങ്കിലും എതിർപ്പുകൾ ഇല്ലാതെ രൂപമാറ്റം വരുത്താവുന്നതും വിൽക്കവുന്നതും ആയ ചില വസ്തുക്കളും അക്കൂട്ടത്തിൽ ഉണ്ടായേക്കാം. ഈ വിഷയത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉയർന്നു വരുന്നുണ്ട്. പൊതു സമൂഹത്തിലാകെ ഇത് സ്വാഭാവികമായും സജീവ ചർച്ചാവിഷയമായിരിക്കുന്നു.

പണ്ട് നനാജാതി മതസ്ഥരായ പ്രജകൾ നികുതികൊടുത്ത പണം കൊണ്ട് വാങ്ങിയവയാണ് അവയെന്നും അതുകൊണ്ട് സമൂഹത്തിന്റെ മൊത്തം നന്മയ്ക്കു വേണ്ടി അവ ഉപയോഗിക്കണമെന്ന് നല്ലൊരു പങ്ക് ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ആക്രമിച്ച് കീഴടക്കിയ നാട്ടുരാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ചതാണെന്നും നാട്ടുരാജ്യങ്ങളിലുള്ളവർ ഭദ്രമായി സൂക്ഷിയ്ക്കാൻ ഏല്പിച്ചവയാണെന്നും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ ഉന്നയിക്കുന്നുണ്ട്. ടിപ്പുവിന്റെ ആക്രമണം ഭയന്ന് ഒളിച്ചു വച്ചവയാണെന്ന് കരുതുന്നവരും ഉണ്ട്. വിശ്വസിക്കാൻ തോന്നുന്നതും അല്ലാത്തതുമായ പലവിധ നിഗമനങ്ങൾ ഇതു സംബന്ധിച്ച് പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്ങനെ വന്നവയാണെങ്കിലും ഇവ ക്ഷേത്ര മുതലാണെന്നും സർക്കാർ ഏറ്റെടുക്കരുതെന്നും ക്ഷേത്രസംബന്ധമായ ആവശ്യങ്ങൾക്കു മാത്രമേ അവ ഉപയോഗിക്കാവൂ എന്നും വാദഗതിയുണ്ട്. ക്ഷേത്ര വിശ്വാസത്തിന്റെ പക്ഷത്തുള്ളവർക്ക് അങ്ങനെ അഭിപ്രായമുണ്ടാകുന്നതും സ്വാഭാവികമാണ്. പ്രത്യേക മ്യൂസിയം നിർമ്മിച്ച് ഈ അമൂല്യ ശേഖരങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും അഭിപ്രായമുള്ളവരുണ്ട്. ചരിത്രകുതുകികൾക്ക് അങ്ങനെയും അഭിപ്രായം ഉണ്ടാകാം. ഇനി യുക്തിവാദികളെ സംബന്ധിച്ചാണെങ്കിൽ ഇതൊക്കെ എങ്ങനെ വന്നതാണെങ്കിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്നേ പറയാൻ കഴിയൂ.

കിട്ടിയ നിധി എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച് പൊതു ജനാഭിപ്രായം ഉയർന്നു വരുന്നത് സ്വാഭാവികമാണ്. വിശ്വാസികളും അവിശ്വാസികളും ഒക്കെ ഈ വിഷയത്തിൽ അവരുടേതായ പ്രതികരണം അറിയിക്കും. അവയിൽ എല്ലാം എല്ലാവർക്കുമോ സർക്കാരിനോ സ്വീകാര്യമായിരിക്കണം എന്നില്ല. സ്വീകരിക്കപ്പെടില്ല എന്നതുകൊണ്ട് എല്ലാവരും അഭിപ്രായം പറയാതിരിക്കണം എന്നുമില്ലല്ലോ! എന്തായാലും നമ്മുടെ ഭർണാധികാരികൾ ഇത്തരം ഒരു വിഷയത്തിൽ ഏറ്റവും ഉചിതമായ ഒരു തീരുമാനത്തിൽ എത്തിചേരും എന്ന കാര്യത്തിലും നമുക്ക് പ്രതീക്ഷ വയ്ക്കാം. വ്യത്യസ്തമായ അഭിപ്രായങ്ങളും ചർച്ചകളും ഉയർന്നു വരുന്നത് തീർച്ചയായും അധികൃതർക്ക് ഏറ്റവും ശരിയായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സഹായിക്കും. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ സജീവമായി നടക്കുന്ന ചർച്ചകളെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമായിട്ടുള്ളത്.

ആരെങ്കിലും അഭിപ്രായം അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു നേർക്ക് കടന്നാക്രമണം നടത്തുന്നത് ജനാധിപത്യ മര്യാദയല്ല. ആരുടെയെങ്കിലും അഭിപ്രായങ്ങളെ തടഞ്ഞുകൊണ്ട് പ്രശ്നപരിഹാരം കാണാം എന്നു കരുതുന്നതും മൌഢ്യമാണ്. ഓരോരുത്തരും നമ്മൾ പറയുന്നത് മാത്രമാണ് ശരി, മറിച്ചാരും ചിന്തിക്കുകുയോ ഒന്നും പറയുകയോ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നത് തികഞ്ഞ ഫാസിസം അല്ലാതെ മറ്റൊന്നുമല്ല. ലോകത്തിനാകെ വിസ്മയമാകുന്ന ഈ നിധി ശേഖരത്തിന്റെ കണ്ടെത്തലിൽ അഭിമാനിക്കുകയും ആ അഭിമാനത്തിനിണങ്ങും വിധം അത് ഭാവിയിലേയ്ക്ക് ഉപയോഗിക്കുകയും ചെയ്യുകയാണ് വേണ്ടത്. പ്രത്യേകിച്ചും ഒരു ആരാധനാലയത്തിൽ നിന്നും കണ്ടെത്തുന്ന നിധിശേഖരം സാമൂഹ്യനന്മയ്ക്ക് ഏറ്റവും ഉതകുന്ന നിലയിൽ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും വലിയ പുണ്യം എന്നാണ് യയഥാർത്ഥ വിശ്വാസികൾക്ക് കരുതാനാകുക. പ്രത്യേകിച്ചും ശ്രീപത്മനാഭന് അടിയറവച്ച ഒരു രാജ്യത്ത് അതേ ശ്രീ പത്മനാഭന്റെ ക്ഷേത്രത്തിൽ നിന്ന് അമൂല്യ നിധി ശേഖരം കണ്ടെത്തുമ്പോൾ അത് തന്റെ പ്രജകളുടെ സന്തോഷത്തിന് ഉതകുന്നവിധത്തിൽ ഉപയോഗിക്കണം എന്നുതന്നെ ആയിരിക്കും പത്മനാഭ സ്വാമികളും ആഗ്രഹിക്കുക. എന്തായാലും അതീവ ഗൌരവമേറിയ ഈ ഒരു വിഷയത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം ആയിക്കൊള്ളണം എന്നു വിചാരിച്ചിട്ട് കാര്യമില്ല. ഈ വ്യത്യസ്ത അഭിപ്രായങ്ങളിൽ നിന്ന് നെല്ലും പതിരും വേർതിരിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ഭരണകൂട നീതിപീഠസംവിധാ‍നങ്ങൾക്ക് കഴിയണം.


ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നുന്നും കണ്ടെത്തിയ ഈ നിധി ശേഖരം സർക്കാർ മുതൽക്കൂട്ടണമെന്നും പൊതുജനനന്മയ്ക്കുപയോഗിക്കണമെന്നും കേരള യുക്തി വാദി സംഘം സംസ്ഥാന പ്രസിഡന്റ് യു.കലനാഥൻ ആവശ്യപ്പെട്ടു. ചാനൽ ചർച്ചകളിൽ ഇങ്ങനെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സംഘ പരിവാർ സംഘടനകളിൽ പെട്ടവർ എന്നു കരുതുന്ന ചിലർ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചു. കലാനാഥനെ പോലെ ഒരു യുക്തിവാദിയ്ക്ക് ഈ നിധി ശേഖരം ക്ഷേത്രത്തിനുള്ളിൽ നിന്നും കിട്ടിയതാണെന്നു കരുതി ആരാധനയുമായി ബന്ധപ്പെട്ട് മതസംഘടനകൾക്കോ ക്ഷേത്രത്തിനോ നൽകണമെന്ന് പറയാൻ കഴിയില്ല. അദ്ദേഹത്തിന് അതിന്റെ കാര്യമില്ല. കാരണം അദ്ദേഹം യുക്തി വാദി ആണെന്നതു തന്നെ! വിശ്വാസി അല്ലാത്ത ഒരാൾ എന്ന നിലയിൽ മതപരമായതോ പള്ളി-ചർച്ച്-ക്ഷേത്രം മുതലായ കാര്യങ്ങളെ കുറിച്ചോ അഭിപ്രായം പറഞ്ഞുകൂടെന്നുമില്ല്ല്ല. അതുകൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയെ പ്രതി നിധീകരിച്ച് തന്റെയും സംഘടനയുടെയും ആശയങ്ങൾക്ക് ഇണങ്ങുന്ന ഒരു നിലപാട് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ ആക്രമിക്കുക എന്നൊക്കെ പറയുന്നത് തികച്ചും ഫാസിസമാണ്. ഇപ്പോൾ ഹിന്ദു വർഗ്ഗീയ വാദികളാണ് അദ്ദേഹത്തിന്റെ വീട് ആക്രമിച്ചതെന്നാണ് മനസിലാക്കുന്നത്. പണ്ട് മുസ്ലി വർഗ്ഗീയവാദികളിൽ നിന്നും കലാനാഥൻ മാസ്റ്റർക്ക് ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ട്. യുക്തിവാദികളെ ശാരീരികമായി ആക്രമിക്കുന്ന കാര്യത്തിൽ എല്ലാ മതത്തിലും പെട്ട വർഗ്ഗീയവാദികൾ തികഞ്ഞ മതേതരത്വം പ്രകടിപ്പിക്കാറുണ്ട്!

മതതീവ്രവാദ സംഘങ്ങളോട് ജനാധിപത്യത്തെക്കുറിച്ചോ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചോ മറ്റോ പറഞ്ഞിട്ടു കാര്യമില്ല. കാരണം അവർ അക്രമത്തിന്റെ മാത്രം കൈമുതലിൽ നില നിൽക്കുന്നവയാണ്. തീവ്രവാദം എന്നാൽ അക്രമം ഉൾചേർന്ന ഒരു പദമാണ്. കാട്ടിൽ താമസിക്കുന്നവരോട് നിങ്ങൾ വേട്ടയാടരുതെന്നു പറയും പോലെയാണ് മത തീവ്രവാദി സഘങ്ങളോട് നിങ്ങൾ അക്രമം കാണിക്കരുതെന്നു പറയുന്നത്. അക്രമം അത്തരം സംഘടനകളുടെ മുഖ മുദ്രയാണ്. അക്രമ വാസനയുള്ളവരാണ് അത്തരം സംഘങ്ങളിൽ ചെന്നു ചേരുന്നത്. പക്ഷെ ഒരു കാര്യം അവർ ഓർക്കണം. വനവാസിയോട് വേട്ടയാടരുതെന്നു പറയുന്നതുപോലെ തന്നെയാണ്, മുക്കുവരോട് മീൻ പിടിക്കരുതെന്നു പറയുന്നതുപോലെയാണ് യുക്തിവാദിയോട് മത- ദൈവാദികളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ആശയപരമായി എതിർക്കരുതെന്ന് പറയുന്നതും! ജാതി, മതം, വിവിധതരം ദൈവ വിശ്വാസങ്ങൾ തുടങ്ങി അന്ധവിശ്വാസങ്ങൾ എന്ന് യുക്തിവാദികൾ വിശ്വസിക്കുന്ന കാര്യങ്ങളെ എതിർക്കുക എന്നതാണ് യുക്തിവാദികളുടെ ധർമ്മം. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ അക്രമം നടത്തിയിട്ട് ഒരു കാര്യവുമില്ല.

ഇവിടെ ഉയർത്താവുന്ന ചില ചോദ്യങ്ങൾ ഉണ്ട്; ആളെണ്ണത്തിൽ തീരെ ദുർബലരായ യുക്തിവാദികളെ വിവിധ മത സംഘടനകളും വർഗ്ഗീയ വാദികളും എന്തിനാണ് ഭയക്കുന്നത്? നിങ്ങളുടെ മതത്തെ ഇത്തിരി പോന്ന ഈ യുക്തിവാദികൾ വിചാരിച്ചാൽ തകർക്കാൻ പറ്റുമോ? എങ്കിൽ അത്ര ദുർബലലമായിരിക്കണമല്ലോ നിങ്ങളുടെ ഓരോരുത്തരുടേയും മതങ്ങൾ! നിങ്ങളുടെ മതാശയങ്ങളും പരമ്പരാഗതമായി നിങ്ങൾ തുടർന്നു പോരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാ‍നങ്ങളും കൊണ്ടുമാത്രം നിങ്ങൾക്കവയെ നില നിർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ മതങ്ങളുടെ മഹത്വം? നിങ്ങളെ എതിർക്കുന്നവരെ വക വരുത്തുന്നതുകൊണ്ടു മാത്രം നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കാൻ കഴിയുമോ? അതു മാത്രമല്ല , മതത്തിന്റെ പേരിൽ അക്രമം നടത്താൻ ആളെ കിട്ടാതെ വരുമ്പോൾ നിങ്ങളുടെ മതം തകരുമെന്നാണോ മനസിലാക്കേണ്ടത്? ലോകത്തിനു ശാന്തിയും സമാധാനവും സർവ്വ നന്മകളും പുലരാനെന്ന പേരിൽ നിങ്ങൾ പരിപാലിച്ചു പോരുന്ന ഈ മതങ്ങളുടെ പേരിൽ നിങ്ങൾ തന്നെ ഇന്ന് ലോകത്തെവിടെയും മനുഷ്യന്റെ സ്വൈരജീവിതം തകർത്തുകൊണ്ടിരിക്കുന്നതിനാലാണ് നിങ്ങളുടെ മതങ്ങളിൽ നിന്നും പഠിപ്പുള്ളവരും പരിഷ്കൃതരുമായ ആളുകൾ തന്ത്രപൂർവ്വം അകലം പാലിച്ചുകൊണ്ടിരിക്കുന്നത്. അതിനു നാലും മൂന്നും ഏഴു പേരെന്ന് നിങ്ങൾ തന്നെ അധിക്ഷേപിക്കുന്ന യുക്തിവാദികളെ കായികമായി ആക്രമിച്ചിട്ട് എന്തു കാര്യം?

ഇവിടെ ഹിന്ദു മുതലുകൾ സർക്കാർ ഖജാനയിൽ ആക്കണം എന്നാവശ്യപ്പെടുന്നവർ മറ്റു മതങ്ങളുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കണമെന്നു പറയാത്തതെന്തെന്നൊരു മറു ചോദ്യം ഉയർന്നു വരുന്നുണ്ട്. ഏതു മതസ്ഥാപനങ്ങളിലായാലും കുന്നു കൂടുന്ന സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്ത് നല്ല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കണമെന്നു തന്നെയാണ് യുക്തിവാദികൾക്ക് പറയാനാകുക. അതിന് ഇന്ന മതം എന്നില്ല. ഈ രാജ്യത്തെ സർവ്വ മതക്കാരുടെയും ആരാധാനാലയങ്ങളിലുള്ള സ്വത്തുക്കൾ ഉപയോഗിച്ചാൽ തന്നെ നമ്മുടെ രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും നല്ലൊരളവിൽ ഇല്ലാതാക്കാൻ കഴിയും. ദൈവങ്ങൾക്ക് എന്തിന് പണം? എന്നുവച്ച് ഏതെങ്കിലും മതത്തിന്റെ സ്വത്തെല്ലാം അവർ മാത്രം കൈകാര്യം ചെയ്യുമ്പോൾ മറ്റൊരു മതത്തിന്റെ സ്വത്ത് സർക്കാർ കൈകാര്യം ചെയ്തുകൂടെന്ന് പറയേണ്ടത് പക്ഷെ യുക്തിവാദികളെ സംബന്ധിച്ച് പ്രധാനവുമല്ല. അങ്ങനെ അഭിപ്രായമുള്ളവർക്ക് അത് പറയാം. അതിൽ ന്യായത്തിന്റെ അംശവും ഉണ്ട്. എന്നാൽ ആരാധനാലയങ്ങളിൽ കുന്നു കൂടുന്ന സ്വത്തുക്കൾ പാവപ്പെട്ട ഭക്തജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കണമെന്ന് യുക്തിവാദികൾ പറയുന്നതിൽ അയുക്തിയോ അന്യായമോ ഉണ്ടെന്നു കരുതാനാകില്ല.

അമ്പലങ്ങളുടെയോ പള്ളീകളുടെയോ പണമെടുത്ത് യുക്തിവാദികൾക്ക് വിതരണം ചെയ്യേണ്ട. അത്തരം പണത്തിന്റെ ആനുകൂല്യങ്ങളിൽ നിന്ന് യുക്തിവാദികളെ ഒഴിച്ചു നിർത്താൻ വേണമെങ്കിൽ നിയമം കൊണ്ടുവരുന്നതിലും വിരോധമില്ല. മനുഷ്യർ കൂടുതലും വിശ്വാസികൾ ആണല്ലോ. ഭക്തജനങ്ങളിലുൾപ്പെടുന്ന പട്ടിണിക്കാർക്കും ഉടുതുണിക്കു മറുതുണിയില്ലാത്തവർക്കും വേണ്ടി നല്ലതു വല്ലതും ചെയ്യാൻ ഈ വിശ്വാസമുതലുകൾ ഉപയോഗിക്കുന്നതുകൊണ്ട് ദൈവകോപം വരില്ലെന്നു തന്നെ യുക്തിവാദികൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പണ്ട് ഇന്നത്തെ പോലെ ഇ.എം.എസ് ഭവന പദ്ധതിയും മറ്റും ഇല്ലാതിരുന്ന ഒരു കാലത്തുതന്നെ ഗുരുവായൂർ അമ്പലത്തിലെ വരുമാനത്തിൽ ഒരു പങ്ക് കൃഷ്ണഭക്തന്മാർക്ക് വീടു വച്ച് നൽകാൻ വിനിയോഗിക്കണമെന്ന് പറഞ്ഞ് പണ്ട് പവനൻ സാറടക്കമുള്ള യുക്തിവാദികൾ ചെന്ന് അടി വാങ്ങിയത്.

ഇന്ന് പാവം കലാനാഥൻ മാസ്റ്ററെ ആക്രമിക്കാൻ നടക്കുന്നവർ ശബരിമലയിലെ ദിവ്യ ജ്യോതി മനുഷ്യനിർമ്മിതമാണെന്ന് പറയാൻ നിർബന്ധിതരായ ദേവസ്വം ബോർഡ് ഭാരവാഹികൾക്കും അതിനിടയാക്കിയ നീതി പീഠങ്ങൾക്കും എതിരെ അക്രമം അഴിച്ചു വിടുമോ? ദിവ്യജ്യോതി തട്ടിപ്പണെന്ന് കണ്ടെത്തി വിളിച്ചു പറഞ്ഞ യുക്തിവാദിക്ക് അടി. അത് തട്ടിപ്പണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് ഭാരവാഹികൾക്ക് അടിയില്ല. ഇത് ഇരട്ടത്താപ്പല്ലേ? ഇപ്പോഴെങ്കിലും ആ തട്ടിപ്പ് സമ്മതിച്ച ദേവസ്വം ഭാരവാഹികളോടും അതിലേയ്ക്ക് നയിച്ച നീതിപീഠ ശസനകളോടും യുക്തിവാദികൾക്ക് മതിപ്പുണ്ട്. എന്തേ? കലാനാഥനെ ആക്രമിച്ച് അദ്ദേഹത്തെക്കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കിട്ടിയ നിധി സർക്കാർ ഏറ്റെടുക്കരുതെന്ന് പറയിപ്പിച്ചാൽ സർക്കാർ അത് കേൾക്കും എന്നതുകൊണ്ട് അദ്ദേഹത്തെ ആക്രമിച്ച് നിലപാട് മാറ്റിയ്ക്കാൻ നോക്കിയതാണോ, നിങ്ങൾ? ആശയശേഷിയല്ലാതെ കായിക ശേഷി ഇല്ലാത്ത യുക്തിവാദികളാണ് അക്രമം പരീക്ഷിക്കാൻ പറ്റിയവർ എന്നു കരുതുന്നോ, നിങ്ങൾ? കലാനാഥൻ പറഞ്ഞ അതേ അഭിപ്രായം കായികശേഷിയുള്ള ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാക്കളാണു പറഞ്ഞിരുന്നതെങ്കിൽ നിങ്ങൾ പൊടുന്നനേ അവരുടെ വീടാക്രമിക്കുമായിരുന്നോ?

ഇനി മറ്റൊരു കാര്യം. ഇവിടെ പല അക്രമങ്ങൾക്കും എതിരെ പ്രതികരിക്കുന്ന ജനാധിപത്യവാദികൾ പലരുമുണ്ടല്ലോ. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് അക്രമത്തിനെതിരെ വാചാലരാകുന്ന കുറെപ്പേർ ! എന്തേ അവർ യുക്തിവാദികൾ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കാത്തത്? കണ്ണൂരിലെ ജനാധിപത്യ ധ്വംസനങ്ങൾക്കും സിംഗൂരിലെ നടപടികൾക്കും ഒക്കെ എതിരെ മനം നൊന്തു നീറി നടക്കുന്നവർ ഇവിടെ കലാനാഥൻ വർഗ്ഗീയ വാദികളുടെ അക്രമത്തിനിരയാകുമ്പോൾ അത് അറിഞ്ഞഭാവമില്ല. കള്ളുകുടിക്കാനും പെണ്ണു പിടിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അവിടെ ആരും എത്തി നോക്കരുതെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണെന്നും പറഞ്ഞ് പല വമ്പന്മാരുടെയും സദാചാര ലംഘനങ്ങളെ ന്യായീകരിച്ച എത്രയോ വ്യക്തിസ്വാതന്ത്ര്യവാദികൾ ഉണ്ടിവിടെ! എന്തേ അവരൊന്നും യുക്തിവാദികൾ അവരുടെ ആശയം പ്രചരിപ്പിക്കുന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ല? സ്വാതന്ത്ര്യം എന്നാൽ ചിലർക്കു മാത്രം അനുഭവിക്കാനുള്ളതാണോ? യുക്തിവാദികൾക്ക് ജനാധിപത്യ അവകാശങ്ങൾ ഇല്ലെന്നുണ്ടോ? പക്ഷെ ഒന്നോർക്കുക, ഏതു മതത്തിന്റെ പേരിലാണെങ്കിലും തീവ്രവാദവും അക്രമവും കൊണ്ടു നടക്കുന്നവർക്ക് ഇന്നയിന്ന കൂട്ടരെ മാത്രമേ ആക്രമിക്കാവൂ എന്ന് ഒരു നിർബന്ധവുമുള്ളവരല്ല. ഇന്ന് എനിക്കെങ്കിൽ നാളെ നിനക്കാണ് എന്ന് എല്ലാവരും ഓർക്കുക; എല്ലാവരും ജാഗ്രത പുലർത്തുക!