Monday, March 4, 2013

എൽ.ഡി.എഫ് വിപുലീകരണം

എൽ.ഡി.എഫ് വിപുലീകരണം

ഇപ്പോഴെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ എല്ലാവർക്കും ബോധോദയം ഉണ്ടായത് നന്നായി. മുന്നണി വിപുലീകരണം ഗൌരവമായെടുത്തിരിക്കുന്നു. മുമ്പ് ഉള്ളവരെ പിണക്കി വിടാനും കടന്നുവരാനാഗ്രഹിക്കുന്നവരെ തിരിച്ചു വിടാനും ആണ് ഉത്സാഹിച്ചിരുന്നത്. വരട്ട് തത്വവാദവും കൊണ്ടിരുന്നാൽ ഇടയ്ക്കിടെയെങ്കിലും ഭരണം കിട്ടുന്നത് ഇല്ലാതാകും. അല്ലെങ്കിൽ ഭരണവും വേണ്ട തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ട എന്ന് തീരുമാനിച്ച് മറ്റ് മാർഗ്ഗങ്ങളിലൂടെ പ്രവർത്തിക്കണം. വിപ്ലവത്തിലൂടെ അധികാരം കിട്ടിയാൽ മതിയെന്നു കരുതണം.  അഴിമതിയിലും  പെണ്ണുകേസിലും  മറ്റും കുടുങ്ങി എതിർപക്ഷത്ത് നിന്ന് നിഷ്കാസിതരായി വരുന്നവരൊഴികെ മറ്റ് കാരണങ്ങളാൽ മുന്നണിയും പാർട്ടിയും മറ്റും വിട്ടുവരുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം. മുമ്പ് പി.ഡി.പി വന്നപ്പോൾ അവരെ കളിയാക്കി വിട്ടു. ബി.ജെ.പിയിൽ നിന്ന് വിട്ടുവന്ന ജനപക്ഷത്തെയും ഒഴിവാക്കി വിട്ടു. ഉള്ള ഘടക കക്ഷികളിൽ ചിലരെ തന്നെ പിണക്കിയും വിട്ടു.  അതൊന്നും വലിയ ആദർശമൊന്നുമല്ല.

വർഗ്ഗീയതയെയും തീവ്രവാദത്തെയും പൂർണ്ണമായും തള്ളിക്കളഞ്ഞാൽ ഇടതുപക്ഷത്തേയ്ക്ക് വരാൻ പി.ഡി.പിയ്ക്ക് മടിച്ചു നിൽക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷെ സ്വീകരിച്ചില്ല. ബി.ജെ.പിയിൽ നിന്നും പുറത്തുവന്ന ജനപക്ഷവും ഇടതുപക്ഷത്തേയ്ക്ക് വരാൻ തതയ്യാറായിരുന്നു എന്നു പറഞ്ഞാൽ ബി.ജെ.പിയുടെ വർഗ്ഗീയ രാഷ്ട്രീയത്തോട് അവർ വിടപറഞ്ഞു എന്നാണർത്ഥം. അവരെയും ഇടതുപക്ഷം ഒപ്പം നിർത്തിയില്ല. വർഗ്ഗീയ കക്ഷികളിൽ നിന്ന് അവർ ഉയർത്തിപ്പിടിക്കുന്ന അപകടകരമായ ആശയങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് പുറത്തുവരുന്നവരെ ഇടതുപക്ഷം സ്വാഗതം ചെയ്യണം. പല സാഹചര്യങ്ങൾ കൊണ്ടാണ് പലരും പല പ്രസ്ഥാനങ്ങളിലും അറിഞ്ഞും അറിയാതെയും ചെന്നുപെടുന്നത്. മാനസാന്തരപ്പെട്ടുവന്നാൽ അവരെ എന്തുകൊണ്ട് സ്വീകരിച്ചുകൂട? 

മാറിവന്നാൽ ഇടവും സംരക്ഷണവും കിട്ടിയാൽ പല അപകടകരമായ പ്രസ്ഥാനങ്ങളിൽ നിന്നും പല കാരണങ്ങളാൽ  കൂടുതൽ ആളുകൾ ഭാവിയിലും വരും. അത്തരം പ്രസ്ഥാനങ്ങൾ ആ വിധം ക്ഷയോന്മുഖമാകുന്നത് ആശ്വാസകരമാണെന്നു മാത്രമല്ല,  അത്തരം പ്രസ്ഥാനങ്ങൾ അവരുടെ വർഗ്ഗീയ പ്രതിലോമ നിലപാടുകളിൽ അയവു വരുത്താനും അക്രമ സ്വഭാവങ്ങളിൽ “ഇളവു” വരുത്താനും നിർബ്ബന്ധിതമാക്കപ്പെടും. തങ്ങളിൽ നിന്ന് ആരും വിട്ടുപോകില്ലെന്ന ആത്മവിശ്വാസമാണ് പല പ്രസ്ഥാനങ്ങളെയും കൂടുതൽ അക്രമാസക്തമാക്കുന്നത്.

അതുപോലെ കോൺഗ്രസ്സ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്സ് തുടങ്ങി ഏതു  കക്ഷികളിൽ നിന്നും കൊള്ളാവുന്ന ആളുകൾ വിട്ടുവന്നാൽ അവരെയും സ്വീകരിക്കണം. ഇടതുപക്ഷത്തുനിന്നു പോകുന്നവരെ അവരും അങ്ങനെ സ്വീകരിച്ചുകൊള്ളട്ടെ. അതൊരു കാലു മാറ്റമൊന്നുമല്ല. കാലം ചിലരുടെ ചിന്തകളിൽ  വരുത്തുന്ന മാറ്റങ്ങളാണ്. ജനാധിപത്യത്തിൽ അതിനെ ആർക്കും തടയാനാകില്ല. അവരവരുടെ പാർട്ടികളിലും മുന്നണികളിലും നിൽക്കുന്നവർ ആരും  പിണങ്ങാതെയും ആരും വിട്ടുപോകാതെയും നോക്കേണ്ടത് അതത് പാർട്ടികളുടെയും മുന്നണണികളുടെയും കടമയാണ്. എന്നാൽ കാലപ്രയാണത്തിൽ പല മാറ്റംമറിച്ചിലുകളും ഉണ്ടായെന്നിരിക്കാം. അത് സ്വാഭാവികമാണ്. അത് രാഷ്ട്രീയത്തിൽ മാത്രം സംഭവിക്കുന്ന കാര്യമല്ലല്ലോ. മതങ്ങളുടെ കാര്യം എടുത്താലും അതല്ലേ ചരിത്രം?

രാഷ്ട്രീയത്തിലാകട്ടെ പ്രായോഗിക ചിന്തകൾക്ക് മുന്തിയ സ്ഥാനമുണ്ട്.
ഇപ്പോൾ യു.ഡി.എഫിലുള്ള ചില അസംതൃപ്തകക്ഷികൾ എൽ.ഡി.എഫിൽ വരാൻ സന്നദ്ധരായി നിൽക്കുന്നുണേന്ന് മനസിലാക്കുന്നു. എങ്കിൽ അവരെ വരട്ടുപുരട്ടു ന്യായങ്ങൾ പറഞ്ഞ് അകറ്റി നിർത്തേണ്ട കാര്യമില്ല. അവർ വന്നാൽ യു.ഡി.എഫ് മന്ത്രിസഭ ഉരുണ്ടുവീഴുന്നത് എൽ.ഡി.എഫ് കാര്യമാക്കേണ്ടതില്ല. അനല്പമായ ഭൂരിപക്ഷം മാർത്രമുള്ള യു.ഡി.എഫ് മന്ത്രിസഭയെ നിലപാടുകളിലെ ആദർശം കൊണ്ട് നിലനിർത്താനുള്ള ബാദ്ധ്യതയൊന്നും ഇടതുപക്ഷത്തിനില്ല.

ഇപ്പോഴത്തെ ഭരണം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളും ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് മാണിവരട്ടെ. ഗൌരിയമ്മ വരട്ടെ. എം.വി.രാഘവൻ വരട്ടെ. ജനതാദൾ വീരൻപക്ഷം തിരിച്ചുവരട്ടെ. പുതുതായി  മറ്റ് പാർട്ടികളിൽ നിന്നും വരുന്നവരെ സ്വീകരിക്കുകയും ഒരിക്കൽ പാർട്ടിയും മുന്നണിയും  വിട്ടുപോയവരെ സ്വീകരിക്കാൻ വൈമനസ്യം കാണിക്കുകയും ചെയ്യേണ്ട കാര്യമില്ലല്ലല്ലോ. അതുകൊണ്ട് മുൻ‌നിലപാടുകൾ തിരുത്തിവന്ന് ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ  തയ്യാറായാൽ അവരെ കൂട്ടാതിരിക്കേണ്ട കാര്യമില്ല.    ഭരണകൂട സ്ഥാനത്തിരിക്കുന്നവരുടെ അഹങ്കാരങ്ങൾക്ക് അല്പ ശമനമുണ്ടാകുവാൻ ഇത്തരം മാറ്റം മറിച്ചിലുകൾ ഇടയാക്കുമെങ്കിൽ അത്രയുമാകട്ടെ.

കുത്തുപറമ്പ് രക്തസാക്ഷികൾ പൊറുത്തുകൊടുക്കട്ടെ. അവർ കൊല്ലപ്പെടാൻ കാരണമായവർ മാനസാന്തരപ്പെട്ടെങ്കിൽ അതിൽ നമ്മൾ അത്രയും ആശ്വസിക്കുക. പുതിയ ശരികളെക്കൊണ്ട് പഴയ പാപക്കറകൾ കഴികിക്കളയാൻ സന്നദ്ധരായി വരുന്നവരോട് നമുക്ക് ക്ഷമിക്കുക. ഇനിയും നമുക്കു നേരെ അക്രമം  കാണിയ്ക്കുന്നവർക്ക് അതൊരു ചരിത്രപാഠമാകുമെങ്കിൽ അത് അങ്ങനെയാകട്ടെ. പണ്ട് കുഞ്ഞാലി കൊലക്കേസിലെ ഒന്നാം പ്രതിയ്ക്കു വേണ്ടി നമ്മൾ വോട്ടു പിടിച്ചിട്ടുണ്ട്. കാലം അങ്ങനെ ചില നിർബന്ധതിതമായ സാഹചര്യങ്ങളിൽ നമ്മെ കൊണ്ടുചെന്നെത്തിച്ചെന്നിരിക്കും. നാം പൊരുത്തപ്പെടുക. നമ്മുടെ ധീര സഖാക്കൾ എന്തിനുവേണ്ടിയൊക്കെയാണോ രക്തസാക്ഷികളായത് ആ മഹത്തായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ നമുക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്. അതിനിടയിൽ ചില ശത്രുക്കൾ പിന്നെ മിത്രങ്ങളായും മിത്രങ്ങളിൽ ചിലർ പിന്നെ ശത്രുക്കളായുമൊക്കെ വന്നെന്നിരിക്കും. എന്തും ത്യജിക്കാൻ സന്നദ്ധരാകുന്ന നാം എന്തും സഹിക്കാനും തയ്യാറാകണമല്ലോ!

ഇപ്പോഴത്തെ യു.ഡി.എഫ് സ്വയം ചീഞ്ഞ് ഒടുവിൽ അവർ ഭരണത്തിന് പുറത്തു പോകും. നാം ഒന്നും ചെയ്യേണ്ടതില്ല. നമുക്കൊപ്പം വരാൻ തയ്യാറുള്ളവർക്കുവേണ്ടി വാതിലും തുറന്ന് കാത്തിരുന്നാൽ മതി.എങ്കിലും അതുപോരാ. സാഹചര്യങ്ങൾക്കനുസരിച്ച് ഉണർന്നു പ്രവർത്തിക്കണം.  നിലവിലെ യു.ഡി.എഫ് സംവിധാനത്തിന് ഇനി അധികകാലം ഈ നിലയിൽ തുടരാനാകില്ല. ഒരു ഭരണമാറ്റം മണക്കുന്നുണ്ട്.  പക്ഷെ  എൽ.ഡി.എഫ് വേണ്ടവിധം ഒന്നു മനസ്സുവയ്ക്കണം. അത്രമാത്രം. അല്ലാതെ തത്വവും പറഞ്ഞിരുന്നാൽ സ്ഥിതിഗതികൾ എപ്പോഴാണ് മാറി മറിഞ്ഞ് പ്രതികൂലമാകുന്നതെന്ന് അറിയത്തില്ല.

കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എന്തു വിലകൊടുത്തും അധികാരത്തിൽ പങ്കാളീയാകുക എന്നതാണ് ബുദ്ധി.അല്ലാതെ സി.പി.ഐ.എമ്മിന്  ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി സംഭവിക്കരുത്. പ്രധാനമന്ത്രിസ്ഥാനവും ഭരണ നേതൃത്വവും ലഭിച്ചാലേ കേന്ദ്ര മന്ത്രിസഭയിൽ ചേരൂ, മുഖ്യമന്ത്രിസ്ഥാനവും ഭരണനേതൃത്വവും ലഭിച്ചാൽ മാത്രമേ സംസ്ഥാനമന്ത്രിസഭയിൽ ചേരൂ എന്നിങ്ങനയുള്ള പിടിവാശികൾ കളയണം. അതൊക്കെ ഒരുതരം വരട്ടുമൊരട്ട് നിലപാടുകളാണ്. യാഥാർത്ഥ്യബോധം ഉൾക്കൊള്ളണം. ഭരണപങ്കാളിത്വത്തിനുള്ള ഒരവസരവും പാഴാക്കാൻ പാടില്ല. അതുവഴി വേണ്ടവിധം കടന്നുചെല്ലാൻ കഴിയാത്ത സംസ്ഥാനങ്ങളിലൊക്കെ കടന്നുചെല്ലാനും പാർട്ടിയുടെ നിലമെച്ചപ്പെടുത്താനും കഴിയും. ഒന്നുകിൽ പാർളമെന്ററി ജനാധിപത്യത്തെ പരമാവധി പ്രയോജനപ്പെടുത്തുക. അല്ലെങ്കിൽ അവയോട് സഹകരിക്കാതെ വേറിട്ട വഴികൾ സ്വീകരിക്കുക.