Thursday, January 15, 2009

ലേഖനം- മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?

ലേഖനം

മതമില്ലെന്നു പറഞ്ഞുകൂടെന്നോ ?

ഇന്ത്യന്‍ ഭരണഘടനപ്രകാരം രാഷ്ട്രത്തിനു ഔദ്യോഗിക മതം ഇല്ല . എന്നാല്‍ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതങ്ങളില്‍ വിശ്വസിക്കാം. ഇഷ്ടമുള്ള ആരാധനാ രീതികള്‍ വച്ചുപുലര്‍ത്ത്താം. എന്നാല്‍ ഇതിന്‍റെ അര്‍ഥം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിച്ചേ പറ്റുഎന്നല്ല. മതങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം എന്നാണ്.

വിശ്വാസമില്ലത്തവരെ വിശ്വസിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. രാഷ്ട്രത്തിനും അങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. വിശ്വാസം കുടികൊള്ളുന്നത് മനുഷ്യമനസ്സുകളിലാണ്‌. ഒരാളുടെയും മനസ്സിലേയ്ക്ക് അയാള്‍ക്ക് ഇഷ്ടമല്ലാത്ത മതവിശ്വാസമെന്നല്ല, ഒരു വിശ്വാസത്തെയും കടത്തിവിടാനാവില്ല.

മതമില്ല എന്നതും ഒരു വിശ്വാസമാണ്. മതം ഉണ്ടെന്നു പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മതം ഇല്ലെന്നു പറയാനും സ്വാതന്ത്ര്യമുണ്ട്.

പള്ളിക്കൂടത്തില്‍ ചേര്‍ക്കുമ്പോള്‍ മതം എഴുതിവച്ചാലും മതപരമായ ആനുകൂല്യങ്ങള്‍ ലഭിയ്ക്കാന്‍ സമയാസമയങ്ങളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങി കൊടുക്കുകയും വേണം.കാരണം വിശ്വാസങ്ങളില്‍ മാറ്റം വരാമല്ലോ! അപ്പോള്‍പ്പിന്നെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വിശ്വാസം ഉള്ളവര്‍ തന്നെ ജാതി എഴുതിവയ്ക്കുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കിലും എഴുതണം എന്നുള്ളവര്‍ എഴുതട്ടെ.

ജാതിപരമായ ആനുകൂല്യങ്ങള്‍ വേണ്ട എന്ന് കരുതുന്നവരെയും, ജാതിയും മതവും തന്നെ വേണ്ടെന്നു പറയുന്നവരെയും, വളരുമ്പോള്‍ കുട്ടികള്‍ ജാതിമത ദൈവ കാര്യങ്ങളില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ എന്ന് കരുതുന്നവരെയും അവരുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുക! അത് അവരുടെ സ്വാതന്ത്ര്യമാണ്.

No comments: