Wednesday, June 10, 2009

ഗവർണ്ണർ ചെയ്തതു ശരിയല്ല

ഗവർണ്ണർ ചെയ്തതു ശരിയല്ല

പിണറായി വിജയനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ ഗവർണ്ണർ ആർ.എസ്. ഗവായ് സി.ബി.ഐയ്ക്ക് അനുമതി നൽകിയ നടപടി സമ്മിശ്ര പ്രതികരണത്തിന് ഇടവരുത്തിയിരിയ്ക്കുകയണല്ലോ. നിയമത്തിൻ എത്രയെത്ര വഴികൾ കിടക്കുന്നു. ഇവിടെ പിണറായി തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതൊക്കെ ഏതെങ്കിലും നിയമവഴികളിൽ പരിശോധിയ്ക്കട്ടെ. അതല്ല ഇവിടെ ചർച്ചാ വിഷയം. അതിലും ഗൌരവമുള്ളതാണ് ഗവർണ്ണർ പദവിയും അധികാരവും സംബന്ധിച്ചുള്ളത്. ജനാധിപത്യ ഭരണകൂടത്തെ രാഷ്ട്രപതിയോ ഗവർണ്ണറോ മറികടക്കുന്നതു ശരിയോ?

ഇവിടെ ഇപ്പോൾ സംസ്ഥാനസർക്കാർ നൽകിയ റിപ്പോർട്ടിനെ മറികടന്നുകൊണ്ടാണ് ഗവർണ്ണർ നടപടി എടുത്തിരിയ്ക്കുന്നത്. ഗവർണ്ണറുടെ ഈ നടപടി എല്ലാവരും കൂടി വേട്ടയാടി രസിയ്ക്കുന്ന പിണറായി വിജയനെതിരെ ആയതു കൊണ്ടോ അദ്ദേഹം സി,പി.ഐ (എം) സംസ്ഥാന സെക്രട്ടറി ആയതുകൊണ്ടോ ന്യായീകരിയ്ക്കപെടുന്നില്ല. ഒരു പാർട്ടിയോടും അതിന്റെ നേതാവിനോടുമുള്ള കലി തീർക്കാൻ ഭരണഘടനാ തത്വങ്ങളെ പാടെ മറന്നുകൊണ്ട് ഇങ്ങനെ ഒരു നടപടിയ്ക്ക് ഗവർണ്ണറെ പ്രേരിപ്പിച്ച കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ നടപടിയോ അതിനു വഴങ്ങിയ ഗവർണ്ണറുടെ നടപടിയോ ഒരു തരത്തിലും ന്യായീകരിയ്ക്കാവുന്നതല്ല. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ജനാധിപത്യപരമാ‍യി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ അവഹേളിയ്ക്കുകവഴി ജനാധിപത്യത്തെ വെല്ലുവിളിയ്ക്കലാണ്.

സംസ്ഥാന സർക്കാർ നൽക്കുന്ന ഏതൊരു റിപ്പോർട്ടും, ശുപാർശയും, ഫയലും തൃപ്തികരമല്ലെന്നു കണ്ടാൽ പുന:പരിശോധനയ്ക്കായി തിരിച്ചയക്കാനല്ലാതെ എതിരായി ഒരു തീരുമാനം കക്കൊള്ളുന്നത് ഉചതമെന്നു കരുതാവുന്ന രീതിയിലല്ല നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഗവർണ്ണർ പദവിയെ വിഭാവന ചെയ്തിട്ടുള്ളത്. ഗവർണ്ണർ എന്നൊരു സ്ഥാനം തന്നെ ആവശ്യമാണോ എന്ന ചർച്ച പലപ്പോഴും ഉയർന്നുവന്നിട്ടുള്ളതുമാണെന്ന് ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. രാഷ്ട്രീയ പകപോക്കലിനു ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത ഇടയ്ക്കു കുറെക്കാലം ഇല്ലാതിരുന്നതാണ്. വീണ്ടും അത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കു ഇപ്പോഴത്തെ സംഭവം തുടക്കവും തുടർച്ചയും ആയിത്തീർന്നേക്കും. ആർ ആർക്കെതിരെ ചെയ്യുന്നു എന്നു നോക്കി അഭിപ്രായം പറയുന്ന രീതി ഇത്തരം കാര്യത്തിൽ അനുവർത്തിയ്ക്കുന്നത് ശരിയല്ല.

യു.ഡി.എഫിന് അടുത്ത നിയമസഭാ തെരരഞ്ഞെടുപ്പുവരെ ഇടതുപക്ഷത്തിനെതിരെ ഇത്തരം വിഷയങ്ങൾ നീട്ടിപ്പൊണ്ടു പോകേണ്ടത് ആവശ്യമായിരിയ്ക്കാം. പക്ഷെ എക്കാലത്തും കോൺഗ്രസ്ശ് അധികാരത്തിൽ ഇരിയ്ക്കും എന്ന ധാരണ വച്ചു പുലർത്തി അഹങ്കരിച്ചിരുന്ന കാലത്തേയ്ക്കു തിരിച്ചു പോകാൻ ശ്രമിയ്ക്കുന്നത് ചരിത്രം നൽകുന്ന പാഠം ഉൾക്കൊള്ളാൻ തയ്യാറല്ലെന്നതിന്റെ തെളിവാണ്. ഒരു മതേതര പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സിനു ഇന്ത്യൻ ജനത ഇന്നും കല്പിച്ചു പോരുന്ന ഒരു ഉദാര മനസ്കതകൊണ്ടും പകരം വയ്ക്കാൻ സമാനമായ മറ്റൊരു രാഷ്ട്ട്രീയ ബദൽ ഇല്ലാത്തതുകൊണ്ടും ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിനു ജയിക്കാനായത്. അത് ഒരു കണക്കിൽ ആവശ്യവുമായിരുന്നു. പരമ്പരാഗതമായി കോൺഗ്രസ്സ് ചെയ്തുപോരുന്ന ജനാധിപത്യ വിരുദ്ധ നടപടികൾ തുടരുന്നത് നല്ലതല്ല. കോൺഗ്രസ്സ് അവമതിയ്ക്കപ്പെടുന്നതിനും ഒരു പരിധി ഉണ്ടാക്കുന്നതു നല്ലതാണ്. കാരണം കോൺഗ്രസ്സിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷി എന്ന സ്ഥാനം കോൺഗ്രസിനു തന്നെ ഇന്നും. കോൺഗ്രസ്സ് എപ്പോഴും ഈ മതേതര ഇമേജ് നിലനിർത്തുന്നുണ്ടോ എന്നത് വേറെ വിഷയം.

രാഷ്ട്രീയമായി പരാജയപ്പെടുന്നിടത്ത് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിയ്ക്കുന്നത് ആർക്കെതിരെ ആയാലും നല്ലതല്ല. സി.പി.ഐ (എം)നെയും പിണറായി വിജയനെയും അനുകൂലിയ്ക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും. അതുകോണ്ടുതന്നെ ആ പാർട്ടിയേയും പിണറായി വിജയനേയും ബന്ധപ്പെട്ട വിഷയങ്ങളേയും മാറ്റി നിർത്തിയിട്ടു വേണം ഗവർണ്ണറുടെ ഇപ്പോഴത്തെ ഈ നടപടിയെ വിലയിരുത്താൻ. അല്ലെങ്കിൽ സത്യസന്ധമായി ഇക്കാര്യത്തിൽ ഒരു നിലപാടിൽ എത്താൻ കഴിയില്ല. സംസ്ഥാനസർക്കാരുകളെ പിരിച്ചു വിടാനുള്ള ഗവർണ്ണറുടെ അധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ് ഇപ്പോൾ സംസ്ഥാനസർക്കാരിനെ മറികടന്ന് ഗവർണ്ണർ സ്വീകരിച്ചിരിയ്ക്കുന്ന നടപടി. ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് രാഷ്ട്രപതിയ്ക്കു തന്നെ നാമമാത്ര അധികാരങ്ങളേയുള്ളു. എല്ലാ അധികാരങ്ങളുമുണ്ട് പക്ഷെ ഒന്നും തോന്നും മാതിരി പ്രയോഗിയ്ക്കാൻ കഴിയാത്ത തരത്തിൽ ഉള്ള അധികാരം.

ജനാധിപത്യ ഭരണകൂടത്തിന് എതിരെ ആയത് അങ്ങേയറ്റം രാജ്യതാല്പര്യത്തിനു എതിരായി വരുമ്പോൾ മാത്രം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട അധികാരങ്ങൾ ആണ് പ്രസിഡന്റിനുള്ളത്.
അങ്ങനെയുള്ള രാഷ്ട്രത്തലവന്റെ സംസ്ഥാന പ്രതിനിനിധികളാണു ഗവർണ്ണർമാർ. ഗവർണ്ണർക്കും സ്വാഭാവികമായി ഒരു കാവലാളിന്റെ ചുമതലയേ ഉള്ളു. അതു കൊണ്ടാണ് പല‌പ്പോഴും ഈ പദവികളെ കേവലം യന്ത്രങ്ങൾ എന്നു പലരും വിശേഷിപ്പിയ്ക്കുന്നത്. അതായത് ഒപ്പിടീൽ യന്ത്രങ്ങൾ . രാഷ്ട്രപതി കേന്ദ്രഗവർണ്മെന്റിന്റേയും ഗവർണ്ണർമാർ സംസ്ഥാന ഗവർണ്മെന്റിന്റേയും തീരുമാനങ്ങളിൽ സാങ്കേതികാർത്ഥത്തിൽ മാത്രം ഒപ്പിടൂന്നവരാണ്. ജനാധിപത്യ ഭരണകൂടം ഭരണഘടന ഉൾക്കൊണ്ട് രാഷ്ട്രത്തിന് വിധേയമായി തന്നെയാണോ പ്രവർത്തിക്കുന്നതെന്നു നോക്കാൻ ഒരാൾ. അതേ സമയം ഒരു കാരണവരും. ഒരോ ഗവർണ്ണർമാരും രാഷ്ട്രപതിമാരും ഓരോരോ സന്ദർഭങ്ങളിൽ ഇത്തരം ഇടപെടലുകൾ നടത്തുന്നത് ജനാധിപത്യത്തിനു ഭീഷണിയാണ്. രാഷ്ട്രീയമോ അരാഷ്ട്രീയമോ ആയ തിമിരം വന്ന കണ്ണുകളിലൂടെ നോക്കിക്കാണേണ്ട ഒന്നല്ല ഇത്.

അതുകൊണ്ടൊക്കെത്തന്നെ ഇപ്പോൾ കേരള ഗവർണ്ണർ എടുത്ത തീരുമാനത്തെ ഈയുള്ളവൻ ഇതിനാൽ അപലപിച്ചുകൊള്ളുന്നു. തന്നെ ഗവർണ്ണറാക്കിയ പാർടിയോട്‌ അദ്ദേഹത്തിനുള്ള വിധേയത്വം മനസിലാക്കുന്നു. ഒരു പക്ഷെ അദ്ദേഹത്തിനു വ്യക്തിപരമായി ഇതു തെറ്റാണെന്ന് ബോദ്ധ്യമുണ്ടായേക്കാം. എങ്കിലും ഇതിനെ ഒരു തരത്തിലും ന്യായീകരിയ്ക്കാനാകില്ല.

7 comments:

N.J Joju said...

സജി,

താങ്കള്‍ പറയുന്നതു ശരിയല്ല. ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ മറികടക്കുകയല്ല ഗവര്‍ണ്ണര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ചോദിയ്ക്കുകയാണ്‌ ചെയ്തത്. പ്രോസിക്യൂഷന്‍ അനുവദിയ്ക്കാനുള്ള അവകാശം ഗവര്‍ണ്ണറില്‍ നിക്ഷിപ്തമാണ്‌, അതില്‍ തങ്ങളുടെ നിലപാടുകള്‍  അദ്ദേഹം അഡ്വക്കേറ്റ് ജനറലിനോടും മന്ത്രിസഭയോടും ആരാഞ്ഞു എന്നു മാത്രം.

ബില്ലുകളിലും ഓര്‍ഡിനന്‍സിലും ഒപ്പുവയ്ക്കുകയും പുനപ്പരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്യുന്നതു പോലെയുള്ള ഒന്നല്ല ഇത്.


See my post

പാഞ്ഞിരപാടം............ said...

പ്രോസിക്യൂഷന്‍ അനുവദിയ്ക്കാനുള്ള ഗവര്‍ണ്ണറുടെ അവകാശം പലപ്പോഴും കോടതിയില്‍ ചോധ്യം ചെയ്യപ്പെടുകയും ഗവര്‍ണ്ണര്‍ക്കു അനുകൂലമാകുകയും ചെയ്തിട്ടുണ്ടു, പ്രത്യകിച്ചും അഴിമതിക്കെതിരെ, ഭരിക്കുന്ന പാര്‍ട്ടി ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്‍ബോള്‍.
ഇവിടെ AG CBI കൊടുത്ത രേഖകള്‍ ശരിയായി പരിശോദിക്കാതെ കേവലം സീ പി എം അനുഭാവി ആയി പ്രോസിക്യൂഷന്‍ അനുമതി നിഷേതിച്ചതൊ, ഗവര്‍ണ്ണര് അതു തള്ളീ തന്റെ വിവേചനാധികാരം പ്രയൊഗിച്ചതൊ ഏതാണു പ്രായൊഗിക നിലപാടെന്നു ജനം തീരുമാനിക്കട്ടെ, കോടതി തീരുമാനിക്കട്ടെ.

ജനകീയ കോടതി ഒരിക്കല്‍ തീരുമാനിച്ചു,നിയമകോടതിയില്‍ പോകാന്‍ പിണറായിക്കു ധൈര്യമില്ലതാനും.

jayanEvoor said...
This comment has been removed by the author.
jayanEvoor said...

സജി കറ്റുവട്ടിപ്പണ എന്ന പേര് ‘കൂട്ട‘ത്തില്‍ വച്ചാണാദ്യം കണ്ടത്....

പിന്നെ എവിടെപ്പോയി?

ലേഖനം നന്നായിട്ടുണ്ട്. രാഷ്ട്രീയം നോക്കി നില്‍ക്കല്‍ മാത്രമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. കാഴചക്കാരന്‍.

http://jayandamodaran.blogspot.com/

സജി കറ്റുവട്ടിപ്പണ said...

പ്രതികരണങ്ങൾക്ക് നന്ദി!

വശംവദൻ said...
This comment has been removed by the author.
വശംവദൻ said...

ലേഖനം നന്നായിട്ടുണ്ട്. ആശംസകൾ