Monday, October 31, 2011

ആർ. ബാലകൃഷണപിള്ളയ്ക്ക് ജയിൽമോചനം

ആർ. ബാലകൃഷണപിള്ളയ്ക്ക് ജയിൽമോചനം

ആർ. ബാലകൃഷ്ണപിള്ള ജയിൽ മോചിതനാകുന്നു. വിശേഷ ദിവസങ്ങളിൽ ജയിൽ ശിക്ഷ ഇളവു നൽകാൻ ഭരണഘടന അനുവദിക്കുന്ന വകുപ്പ് അനുസരിച്ചാണ് പിള്ളയ്ക്ക് ശിക്ഷ ഇളവ് ലഭിക്കുന്നത്. ആകെ നൂറ്റിമുപ്പത്തെട്ടോ മറ്റോ ജയിലാളികൾക്ക് ഇപ്പോൾ ഈ ആനുകൂല്യത്തിൽ മോചനമുണ്ട്. തുലാസിലാടുന്ന ഒരു ഭരണം കൈയ്യാളുന്ന യു.ഡി.എഫ് നേതൃത്വത്തിനുമേൽ എത്ര മാത്രം സമ്മർദ്ദം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ടി.എം. ജേക്കബ്ബിന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാൽ പിള്ളയുടെ ജയിൽ മോചനം പ്രതിപക്ഷത്തിന്റെ ധർമ്മബോധം കത്തിക്കയറും.

സത്യത്തിൽ പിള്ള ജയിൽ മോചിതനാകുന്നതും ആകാതിരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. അദ്ദേഹം ജയിൽ വാസം അനുഭവിക്കുകയായിരുന്നില്ല. ആഘോഷിക്കുകയായിരുന്നു. ആകെ ലഭിച്ച ശിക്ഷയിൽ നല്ലൊരു പങ്ക് പരോളിലായിരുന്നു. പിന്നെ വീട്ടിനേക്കാൾ സുഖഭോഗങ്ങളോടെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ. ജയിലിൽ കഴിച്ചുകൂട്ടിയത് ശേഷഭാഗമ്മാത്രമേ ജയിലിലുണ്ടായിരുന്നുള്ളൂ. അതിലും ഭേദം ജയിലിൽ നിന്ന് മോചിപ്പിക്കുന്നതുതന്നെ. സർക്കാരിന്റെ ചെലവെങ്കിലും കുറഞ്ഞുകിട്ടും. അഴിമതി നടത്തി ഖജനാവിനുണ്ടാക്കിയ നഷ്ടം വീണ്ടെടുക്കാനുമാകില്ല. ഇനി അദ്ദേഹം പുറത്തിറങ്ങി രാഷ്ട്രീയം ആഘോഷിക്കട്ടെ. പ്രതിഷേധമുള്ളവർക്ക് ചുമ്മാ മുരണ്ടുകൊണ്ടു നടക്കാം.

വി.ഐ.പി കുറ്റങ്ങൾക്ക് വി.ഐ.പി ശിക്ഷയും ഇളവുകളും. ഈ അത്ര പറ്റിൽ വി.ഐ.പികളല്ലാത്ത ചിലർക്കും ആനുകൂല്യം ലഭിക്കുന്നുണ്ട്. അവർ ഇക്കാര്യത്തിൽ പിള്ളയോട് നന്ദിയുള്ളവരാകട്ടെ. അഴിമതി നടത്തേണ്ടവർക്ക് ഇതൊക്കെ ഒരു പ്രചോദനമാണ്. ജീവിത സായന്തനത്തിൽ അല്പകാലം ശിക്ഷിക്കപ്പെട്ടാലെന്താ? പഞ്ചനക്ഷത്രവാസം നടത്തിയാലെന്താ? നേടിയതൊക്കെ നേടിയതുതന്നെ! ഇനി ജനങ്ങളുടെ കോടതി ശിക്ഷിച്ചുകൊള്ളും എന്നെങ്ങാനും കരുതിയിട്ടും കാര്യമില്ല. കുപ്രസിദ്ധി നേടിയാലും അതൊക്കെ ഒരു സ്റ്റാർ വാല്യൂ ആണ്. പിള്ളജിയും, ഗണേശ് കുമാർജിയും, പി.സി.ജോർജ്ജിയുമൊക്കെ അടുത്ത ഇലക്ഷനിൽ മുമ്പില്ലാത്ത ഭൂരിപക്ഷത്തിൽ ജയിച്ചു വരും. സാക്ഷരജനാധിപത്യം കീ ജയ്!