Monday, March 4, 2013
എൽ.ഡി.എഫ് വിപുലീകരണം
Thursday, July 14, 2011
മാധ്യമപ്രവർത്തകർക്ക് സി.എസ്.ഐ സ്വാശ്രയം വക അടി
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് കാരക്കോണം സ്വാശ്രയ മാനേജ്മെന്റ് സ്പോൺസർ ചെയ്ത അടി ! സ്വാശ്രയഅഴിമതി റിപ്പോർട്ട് ചെയ്യാൻ ചെന്ന ഏഷ്യാനെറ്റ് ലേഖകനിട്ട് കോടുത്തുകൊണ്ടായിരുന്നു തുടക്കം. പത്രപ്രവർത്തകരെ തന്നെ ആക്രമിച്ചുകൊണ്ടുള്ള തുടക്കം എന്തുകൊണ്ടും കേമമാണ്. കുറച്ച് എസ്.എഫ്.ഐ ക്കാരെയോ ഡി.വൈ.എഫ്.ഐ ക്കാരെയോ ആക്രമിച്ചുകൊണ്ടായിരുന്നെങ്കിൽ തുടക്കത്തിന് കുറച്ചുംകൂടി ഒരു വീര്യമൊക്കെ ലഭിച്ചേനേ! അല്ല, ഈ ചാനലുകാർക്കും പത്രകാർക്കും ഇതൊക്കെ തന്നെ വരണം. വല്ലപ്പോഴും ഇത്തരം അടിയുടെ ചൂടുണ്ടെങ്കിൽ മാർക്സിസറ്റുകാരെ പറ്റി ഓരോരോ നുണ എഴുതുമ്പോൾ മർക്സിസ്റ്റുകാരുടേ അമ്മേടെ തേങ്ങ എന്നെഴുതേണ്ടിടത്ത് മാർക്സിസ്റ്റു കാരന്റെ മാതാവിന്റെ നാളീകേരം എന്ന് ഒന്ന് സോഫ്റ്റാക്കാൻ തോന്നിയാലോ!
പിണറായിയുടെ കൂടെ ചിലർ മണം പിടിച്ച് നടന്നതു പോലെ സുഖമുള്ള ഏർപ്പാടല്ല ഈ സ്വാശ്രയത്തിലൊക്കെ ചെന്നു കയറിയാൽ എന്ന് ഈ പത്രക്കാരും ചാനലുകാരുമൊക്കെ ഒന്നറിയണമല്ലോ. കാരണം പൊതുവേ മാർക്സിസ്റ്റുകാരണല്ലോ പത്രകാരുടെ ദൃഷ്ടിയിലും ഈ ആക്രമികൾ. ആർ.എസ്.എസ്, എൻ.ഡി.എഫ് (ഇപ്പോൾ എസ്.ഡി.പി ഐ ആണെന്നു തോന്നുന്നു) കോൺഗ്രസ്സുകാർ ഇവരൊക്കെ നാടിന്റെ നാനാ ഭാഗങ്ങളിൽ അഴിച്ചു വിടുന്ന അക്രമങ്ങൾ ഒക്കെ വിശുദ്ധയുദ്ധങ്ങളാണല്ലോ! മാർക്സിസ്റ്റ്രുകാരെ ആരെങ്കിലും അടിച്ചാലും കൊണ്ടോട് മര്യാദയ്ക്ക് പൊയ്ക്കോളണം. ഇടതുപക്ഷ പ്രക്ഷോഭകരെ അടിക്കുമ്പോൾ തീരെ നോവാത്തവർക്കു കൂടി ഇപ്പോൾ നൊന്തു വശായിരിക്കുകയാണല്ലോ.
അല്ല, അതിപ്പോൾ മുംബായിലൊക്കെ നടന്നതുപോലെയുള്ള വൻ സ്ഫോടനങ്ങളോ, പള്ളി പൊളിക്കലോ, ക്രിസ്ത്യാനികളെ ചുട്ടുകരിക്കലോ, ഗോത്രാ കൂട്ടക്കൊലയോ ഒന്നുമല്ലല്ലോ വലിയ കാര്യം. കണ്ണൂരിലെ ജനാധിപത്യ ധ്വംസനമല്ലേ ശരിക്കുള്ള അക്രമം. പിന്നെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് ഇവരൊക്കെ നടത്തുന്ന സമരങ്ങൾ, സോറി അവരുടെ ഭാഷയിൽ പൊതു നശീകരണപ്രവർത്തനങ്ങൾ, പിന്നെ ഹർത്താലുകൾ വഴിയരികിലെ പൊതുയോഗം ഇതൊക്കെയാണ് ശരിയായ ആക്രമണങ്ങൾ. അതൊക്കെ വച്ചു നോക്കുമ്പോൾ പത്രക്കാരന് കാരക്കോണം മെഡിക്കൽ കോളേജ് സ്പോൺസർ ചെയ്ത സ്പെഷ്യൽ അടി ഒരു അടിയേ അല്ല; വെറും സ്നേഹ പ്രകടനം മാത്രമാണ്. ഒരു കോൺഗ്രസ്സ് നേതാവും കൂടിയാണ് അടിയ്ക്ക് നേതൃത്വം നൽകിയതെന്നാണ് പറഞ്ഞ് കേൾക്കുന്നത്. അപ്പോൾ സ്വാശ്രയ-യു.ഡി.എഫ് ബന്ധങ്ങളെപറ്റി ഇനി പ്രത്യേകം എടുത്തു പറയേണ്ടല്ലോ. ഏഷ്യാനെറ്റ് ലേഖകൻ ഷാജഹാന് കണ്ണൂരിൽ നിന്ന് കിട്ടിയതുപോലത്തെ അടിയൊന്നുമല്ലല്ലോ! ഏതായാലും വിശുദ്ധ അടിയല്ലേ. പുണ്യം കിട്ടും!
Sunday, July 3, 2011
യു. കലാനാഥനെ ആക്രമിച്ചിട്ടെന്ത്?
തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും കോടികൾ വിലമതിയ്ക്കുന്ന നിധികൾ കണ്ടെടുത്തു. ഈ നിധിശേഖരം സർക്കാർ ഏറ്റെടുക്കണമോ ക്ഷേത്രമുതലാക്കണമോ എന്നതൊക്കെ അന്തിമമായി സർക്കാരും കോടതികളും തീരുമാനിക്കേണ്ട കാര്യമാണ്. കണ്ടെടുത്ത വിഗ്രഹങ്ങളിൽ ചിലതെല്ലാം ആരാധനയുമായും മറ്റും ബന്ധപ്പെട്ടവ ആയതിനാൽ അവയിൽ പലതും രൂപ മാറ്റം വരുത്താനോ വിൽക്കാനോ പലവിധ എതിർപ്പുകൾ മൂലം കഴിയുമെന്നു തോന്നുന്നില്ല.പുരാവസ്തുക്കൾ എന്ന നിലയിൽ അവയ്ക്ക് വിലമതിയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ചിലത് സൂക്ഷിക്കേണ്ടതായും വരാം. വില പിടിപ്പുണ്ടെങ്കിലും എതിർപ്പുകൾ ഇല്ലാതെ രൂപമാറ്റം വരുത്താവുന്നതും വിൽക്കവുന്നതും ആയ ചില വസ്തുക്കളും അക്കൂട്ടത്തിൽ ഉണ്ടായേക്കാം. ഈ വിഷയത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉയർന്നു വരുന്നുണ്ട്. പൊതു സമൂഹത്തിലാകെ ഇത് സ്വാഭാവികമായും സജീവ ചർച്ചാവിഷയമായിരിക്കുന്നു.
പണ്ട് നനാജാതി മതസ്ഥരായ പ്രജകൾ നികുതികൊടുത്ത പണം കൊണ്ട് വാങ്ങിയവയാണ് അവയെന്നും അതുകൊണ്ട് സമൂഹത്തിന്റെ മൊത്തം നന്മയ്ക്കു വേണ്ടി അവ ഉപയോഗിക്കണമെന്ന് നല്ലൊരു പങ്ക് ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ആക്രമിച്ച് കീഴടക്കിയ നാട്ടുരാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ചതാണെന്നും നാട്ടുരാജ്യങ്ങളിലുള്ളവർ ഭദ്രമായി സൂക്ഷിയ്ക്കാൻ ഏല്പിച്ചവയാണെന്നും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ ഉന്നയിക്കുന്നുണ്ട്. ടിപ്പുവിന്റെ ആക്രമണം ഭയന്ന് ഒളിച്ചു വച്ചവയാണെന്ന് കരുതുന്നവരും ഉണ്ട്. വിശ്വസിക്കാൻ തോന്നുന്നതും അല്ലാത്തതുമായ പലവിധ നിഗമനങ്ങൾ ഇതു സംബന്ധിച്ച് പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്ങനെ വന്നവയാണെങ്കിലും ഇവ ക്ഷേത്ര മുതലാണെന്നും സർക്കാർ ഏറ്റെടുക്കരുതെന്നും ക്ഷേത്രസംബന്ധമായ ആവശ്യങ്ങൾക്കു മാത്രമേ അവ ഉപയോഗിക്കാവൂ എന്നും വാദഗതിയുണ്ട്. ക്ഷേത്ര വിശ്വാസത്തിന്റെ പക്ഷത്തുള്ളവർക്ക് അങ്ങനെ അഭിപ്രായമുണ്ടാകുന്നതും സ്വാഭാവികമാണ്. പ്രത്യേക മ്യൂസിയം നിർമ്മിച്ച് ഈ അമൂല്യ ശേഖരങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും അഭിപ്രായമുള്ളവരുണ്ട്. ചരിത്രകുതുകികൾക്ക് അങ്ങനെയും അഭിപ്രായം ഉണ്ടാകാം. ഇനി യുക്തിവാദികളെ സംബന്ധിച്ചാണെങ്കിൽ ഇതൊക്കെ എങ്ങനെ വന്നതാണെങ്കിലും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്നേ പറയാൻ കഴിയൂ.
കിട്ടിയ നിധി എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച് പൊതു ജനാഭിപ്രായം ഉയർന്നു വരുന്നത് സ്വാഭാവികമാണ്. വിശ്വാസികളും അവിശ്വാസികളും ഒക്കെ ഈ വിഷയത്തിൽ അവരുടേതായ പ്രതികരണം അറിയിക്കും. അവയിൽ എല്ലാം എല്ലാവർക്കുമോ സർക്കാരിനോ സ്വീകാര്യമായിരിക്കണം എന്നില്ല. സ്വീകരിക്കപ്പെടില്ല എന്നതുകൊണ്ട് എല്ലാവരും അഭിപ്രായം പറയാതിരിക്കണം എന്നുമില്ലല്ലോ! എന്തായാലും നമ്മുടെ ഭർണാധികാരികൾ ഇത്തരം ഒരു വിഷയത്തിൽ ഏറ്റവും ഉചിതമായ ഒരു തീരുമാനത്തിൽ എത്തിചേരും എന്ന കാര്യത്തിലും നമുക്ക് പ്രതീക്ഷ വയ്ക്കാം. വ്യത്യസ്തമായ അഭിപ്രായങ്ങളും ചർച്ചകളും ഉയർന്നു വരുന്നത് തീർച്ചയായും അധികൃതർക്ക് ഏറ്റവും ശരിയായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സഹായിക്കും. അതുകൊണ്ട് ഇത്തരം വിഷയങ്ങളിൽ സജീവമായി നടക്കുന്ന ചർച്ചകളെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമായിട്ടുള്ളത്.
ആരെങ്കിലും അഭിപ്രായം അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനു നേർക്ക് കടന്നാക്രമണം നടത്തുന്നത് ജനാധിപത്യ മര്യാദയല്ല. ആരുടെയെങ്കിലും അഭിപ്രായങ്ങളെ തടഞ്ഞുകൊണ്ട് പ്രശ്നപരിഹാരം കാണാം എന്നു കരുതുന്നതും മൌഢ്യമാണ്. ഓരോരുത്തരും നമ്മൾ പറയുന്നത് മാത്രമാണ് ശരി, മറിച്ചാരും ചിന്തിക്കുകുയോ ഒന്നും പറയുകയോ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നത് തികഞ്ഞ ഫാസിസം അല്ലാതെ മറ്റൊന്നുമല്ല. ലോകത്തിനാകെ വിസ്മയമാകുന്ന ഈ നിധി ശേഖരത്തിന്റെ കണ്ടെത്തലിൽ അഭിമാനിക്കുകയും ആ അഭിമാനത്തിനിണങ്ങും വിധം അത് ഭാവിയിലേയ്ക്ക് ഉപയോഗിക്കുകയും ചെയ്യുകയാണ് വേണ്ടത്. പ്രത്യേകിച്ചും ഒരു ആരാധനാലയത്തിൽ നിന്നും കണ്ടെത്തുന്ന നിധിശേഖരം സാമൂഹ്യനന്മയ്ക്ക് ഏറ്റവും ഉതകുന്ന നിലയിൽ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും വലിയ പുണ്യം എന്നാണ് യയഥാർത്ഥ വിശ്വാസികൾക്ക് കരുതാനാകുക. പ്രത്യേകിച്ചും ശ്രീപത്മനാഭന് അടിയറവച്ച ഒരു രാജ്യത്ത് അതേ ശ്രീ പത്മനാഭന്റെ ക്ഷേത്രത്തിൽ നിന്ന് അമൂല്യ നിധി ശേഖരം കണ്ടെത്തുമ്പോൾ അത് തന്റെ പ്രജകളുടെ സന്തോഷത്തിന് ഉതകുന്നവിധത്തിൽ ഉപയോഗിക്കണം എന്നുതന്നെ ആയിരിക്കും പത്മനാഭ സ്വാമികളും ആഗ്രഹിക്കുക. എന്തായാലും അതീവ ഗൌരവമേറിയ ഈ ഒരു വിഷയത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം ആയിക്കൊള്ളണം എന്നു വിചാരിച്ചിട്ട് കാര്യമില്ല. ഈ വ്യത്യസ്ത അഭിപ്രായങ്ങളിൽ നിന്ന് നെല്ലും പതിരും വേർതിരിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ ഭരണകൂട നീതിപീഠസംവിധാനങ്ങൾക്ക് കഴിയണം.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നുന്നും കണ്ടെത്തിയ ഈ നിധി ശേഖരം സർക്കാർ മുതൽക്കൂട്ടണമെന്നും പൊതുജനനന്മയ്ക്കുപയോഗിക്കണമെന്നും കേരള യുക്തി വാദി സംഘം സംസ്ഥാന പ്രസിഡന്റ് യു.കലനാഥൻ ആവശ്യപ്പെട്ടു. ചാനൽ ചർച്ചകളിൽ ഇങ്ങനെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സംഘ പരിവാർ സംഘടനകളിൽ പെട്ടവർ എന്നു കരുതുന്ന ചിലർ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചു. കലാനാഥനെ പോലെ ഒരു യുക്തിവാദിയ്ക്ക് ഈ നിധി ശേഖരം ക്ഷേത്രത്തിനുള്ളിൽ നിന്നും കിട്ടിയതാണെന്നു കരുതി ആരാധനയുമായി ബന്ധപ്പെട്ട് മതസംഘടനകൾക്കോ ക്ഷേത്രത്തിനോ നൽകണമെന്ന് പറയാൻ കഴിയില്ല. അദ്ദേഹത്തിന് അതിന്റെ കാര്യമില്ല. കാരണം അദ്ദേഹം യുക്തി വാദി ആണെന്നതു തന്നെ! വിശ്വാസി അല്ലാത്ത ഒരാൾ എന്ന നിലയിൽ മതപരമായതോ പള്ളി-ചർച്ച്-ക്ഷേത്രം മുതലായ കാര്യങ്ങളെ കുറിച്ചോ അഭിപ്രായം പറഞ്ഞുകൂടെന്നുമില്ല്ല്ല. അതുകൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയെ പ്രതി നിധീകരിച്ച് തന്റെയും സംഘടനയുടെയും ആശയങ്ങൾക്ക് ഇണങ്ങുന്ന ഒരു നിലപാട് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ ആക്രമിക്കുക എന്നൊക്കെ പറയുന്നത് തികച്ചും ഫാസിസമാണ്. ഇപ്പോൾ ഹിന്ദു വർഗ്ഗീയ വാദികളാണ് അദ്ദേഹത്തിന്റെ വീട് ആക്രമിച്ചതെന്നാണ് മനസിലാക്കുന്നത്. പണ്ട് മുസ്ലി വർഗ്ഗീയവാദികളിൽ നിന്നും കലാനാഥൻ മാസ്റ്റർക്ക് ആക്രമണം ഏൽക്കേണ്ടി വന്നിട്ടുണ്ട്. യുക്തിവാദികളെ ശാരീരികമായി ആക്രമിക്കുന്ന കാര്യത്തിൽ എല്ലാ മതത്തിലും പെട്ട വർഗ്ഗീയവാദികൾ തികഞ്ഞ മതേതരത്വം പ്രകടിപ്പിക്കാറുണ്ട്!
മതതീവ്രവാദ സംഘങ്ങളോട് ജനാധിപത്യത്തെക്കുറിച്ചോ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചോ മറ്റോ പറഞ്ഞിട്ടു കാര്യമില്ല. കാരണം അവർ അക്രമത്തിന്റെ മാത്രം കൈമുതലിൽ നില നിൽക്കുന്നവയാണ്. തീവ്രവാദം എന്നാൽ അക്രമം ഉൾചേർന്ന ഒരു പദമാണ്. കാട്ടിൽ താമസിക്കുന്നവരോട് നിങ്ങൾ വേട്ടയാടരുതെന്നു പറയും പോലെയാണ് മത തീവ്രവാദി സഘങ്ങളോട് നിങ്ങൾ അക്രമം കാണിക്കരുതെന്നു പറയുന്നത്. അക്രമം അത്തരം സംഘടനകളുടെ മുഖ മുദ്രയാണ്. അക്രമ വാസനയുള്ളവരാണ് അത്തരം സംഘങ്ങളിൽ ചെന്നു ചേരുന്നത്. പക്ഷെ ഒരു കാര്യം അവർ ഓർക്കണം. വനവാസിയോട് വേട്ടയാടരുതെന്നു പറയുന്നതുപോലെ തന്നെയാണ്, മുക്കുവരോട് മീൻ പിടിക്കരുതെന്നു പറയുന്നതുപോലെയാണ് യുക്തിവാദിയോട് മത- ദൈവാദികളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ആശയപരമായി എതിർക്കരുതെന്ന് പറയുന്നതും! ജാതി, മതം, വിവിധതരം ദൈവ വിശ്വാസങ്ങൾ തുടങ്ങി അന്ധവിശ്വാസങ്ങൾ എന്ന് യുക്തിവാദികൾ വിശ്വസിക്കുന്ന കാര്യങ്ങളെ എതിർക്കുക എന്നതാണ് യുക്തിവാദികളുടെ ധർമ്മം. അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ അക്രമം നടത്തിയിട്ട് ഒരു കാര്യവുമില്ല.
ഇവിടെ ഉയർത്താവുന്ന ചില ചോദ്യങ്ങൾ ഉണ്ട്; ആളെണ്ണത്തിൽ തീരെ ദുർബലരായ യുക്തിവാദികളെ വിവിധ മത സംഘടനകളും വർഗ്ഗീയ വാദികളും എന്തിനാണ് ഭയക്കുന്നത്? നിങ്ങളുടെ മതത്തെ ഇത്തിരി പോന്ന ഈ യുക്തിവാദികൾ വിചാരിച്ചാൽ തകർക്കാൻ പറ്റുമോ? എങ്കിൽ അത്ര ദുർബലലമായിരിക്കണമല്ലോ നിങ്ങളുടെ ഓരോരുത്തരുടേയും മതങ്ങൾ! നിങ്ങളുടെ മതാശയങ്ങളും പരമ്പരാഗതമായി നിങ്ങൾ തുടർന്നു പോരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കൊണ്ടുമാത്രം നിങ്ങൾക്കവയെ നില നിർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ മതങ്ങളുടെ മഹത്വം? നിങ്ങളെ എതിർക്കുന്നവരെ വക വരുത്തുന്നതുകൊണ്ടു മാത്രം നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കാൻ കഴിയുമോ? അതു മാത്രമല്ല , മതത്തിന്റെ പേരിൽ അക്രമം നടത്താൻ ആളെ കിട്ടാതെ വരുമ്പോൾ നിങ്ങളുടെ മതം തകരുമെന്നാണോ മനസിലാക്കേണ്ടത്? ലോകത്തിനു ശാന്തിയും സമാധാനവും സർവ്വ നന്മകളും പുലരാനെന്ന പേരിൽ നിങ്ങൾ പരിപാലിച്ചു പോരുന്ന ഈ മതങ്ങളുടെ പേരിൽ നിങ്ങൾ തന്നെ ഇന്ന് ലോകത്തെവിടെയും മനുഷ്യന്റെ സ്വൈരജീവിതം തകർത്തുകൊണ്ടിരിക്കുന്നതിനാലാണ് നിങ്ങളുടെ മതങ്ങളിൽ നിന്നും പഠിപ്പുള്ളവരും പരിഷ്കൃതരുമായ ആളുകൾ തന്ത്രപൂർവ്വം അകലം പാലിച്ചുകൊണ്ടിരിക്കുന്നത്. അതിനു നാലും മൂന്നും ഏഴു പേരെന്ന് നിങ്ങൾ തന്നെ അധിക്ഷേപിക്കുന്ന യുക്തിവാദികളെ കായികമായി ആക്രമിച്ചിട്ട് എന്തു കാര്യം?
ഇവിടെ ഹിന്ദു മുതലുകൾ സർക്കാർ ഖജാനയിൽ ആക്കണം എന്നാവശ്യപ്പെടുന്നവർ മറ്റു മതങ്ങളുടെ സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കണമെന്നു പറയാത്തതെന്തെന്നൊരു മറു ചോദ്യം ഉയർന്നു വരുന്നുണ്ട്. ഏതു മതസ്ഥാപനങ്ങളിലായാലും കുന്നു കൂടുന്ന സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്ത് നല്ല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കണമെന്നു തന്നെയാണ് യുക്തിവാദികൾക്ക് പറയാനാകുക. അതിന് ഇന്ന മതം എന്നില്ല. ഈ രാജ്യത്തെ സർവ്വ മതക്കാരുടെയും ആരാധാനാലയങ്ങളിലുള്ള സ്വത്തുക്കൾ ഉപയോഗിച്ചാൽ തന്നെ നമ്മുടെ രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും നല്ലൊരളവിൽ ഇല്ലാതാക്കാൻ കഴിയും. ദൈവങ്ങൾക്ക് എന്തിന് പണം? എന്നുവച്ച് ഏതെങ്കിലും മതത്തിന്റെ സ്വത്തെല്ലാം അവർ മാത്രം കൈകാര്യം ചെയ്യുമ്പോൾ മറ്റൊരു മതത്തിന്റെ സ്വത്ത് സർക്കാർ കൈകാര്യം ചെയ്തുകൂടെന്ന് പറയേണ്ടത് പക്ഷെ യുക്തിവാദികളെ സംബന്ധിച്ച് പ്രധാനവുമല്ല. അങ്ങനെ അഭിപ്രായമുള്ളവർക്ക് അത് പറയാം. അതിൽ ന്യായത്തിന്റെ അംശവും ഉണ്ട്. എന്നാൽ ആരാധനാലയങ്ങളിൽ കുന്നു കൂടുന്ന സ്വത്തുക്കൾ പാവപ്പെട്ട ഭക്തജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കണമെന്ന് യുക്തിവാദികൾ പറയുന്നതിൽ അയുക്തിയോ അന്യായമോ ഉണ്ടെന്നു കരുതാനാകില്ല.
അമ്പലങ്ങളുടെയോ പള്ളീകളുടെയോ പണമെടുത്ത് യുക്തിവാദികൾക്ക് വിതരണം ചെയ്യേണ്ട. അത്തരം പണത്തിന്റെ ആനുകൂല്യങ്ങളിൽ നിന്ന് യുക്തിവാദികളെ ഒഴിച്ചു നിർത്താൻ വേണമെങ്കിൽ നിയമം കൊണ്ടുവരുന്നതിലും വിരോധമില്ല. മനുഷ്യർ കൂടുതലും വിശ്വാസികൾ ആണല്ലോ. ഭക്തജനങ്ങളിലുൾപ്പെടുന്ന പട്ടിണിക്കാർക്കും ഉടുതുണിക്കു മറുതുണിയില്ലാത്തവർക്കും വേണ്ടി നല്ലതു വല്ലതും ചെയ്യാൻ ഈ വിശ്വാസമുതലുകൾ ഉപയോഗിക്കുന്നതുകൊണ്ട് ദൈവകോപം വരില്ലെന്നു തന്നെ യുക്തിവാദികൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പണ്ട് ഇന്നത്തെ പോലെ ഇ.എം.എസ് ഭവന പദ്ധതിയും മറ്റും ഇല്ലാതിരുന്ന ഒരു കാലത്തുതന്നെ ഗുരുവായൂർ അമ്പലത്തിലെ വരുമാനത്തിൽ ഒരു പങ്ക് കൃഷ്ണഭക്തന്മാർക്ക് വീടു വച്ച് നൽകാൻ വിനിയോഗിക്കണമെന്ന് പറഞ്ഞ് പണ്ട് പവനൻ സാറടക്കമുള്ള യുക്തിവാദികൾ ചെന്ന് അടി വാങ്ങിയത്.
ഇന്ന് പാവം കലാനാഥൻ മാസ്റ്ററെ ആക്രമിക്കാൻ നടക്കുന്നവർ ശബരിമലയിലെ ദിവ്യ ജ്യോതി മനുഷ്യനിർമ്മിതമാണെന്ന് പറയാൻ നിർബന്ധിതരായ ദേവസ്വം ബോർഡ് ഭാരവാഹികൾക്കും അതിനിടയാക്കിയ നീതി പീഠങ്ങൾക്കും എതിരെ അക്രമം അഴിച്ചു വിടുമോ? ദിവ്യജ്യോതി തട്ടിപ്പണെന്ന് കണ്ടെത്തി വിളിച്ചു പറഞ്ഞ യുക്തിവാദിക്ക് അടി. അത് തട്ടിപ്പണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് ഭാരവാഹികൾക്ക് അടിയില്ല. ഇത് ഇരട്ടത്താപ്പല്ലേ? ഇപ്പോഴെങ്കിലും ആ തട്ടിപ്പ് സമ്മതിച്ച ദേവസ്വം ഭാരവാഹികളോടും അതിലേയ്ക്ക് നയിച്ച നീതിപീഠ ശസനകളോടും യുക്തിവാദികൾക്ക് മതിപ്പുണ്ട്. എന്തേ? കലാനാഥനെ ആക്രമിച്ച് അദ്ദേഹത്തെക്കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കിട്ടിയ നിധി സർക്കാർ ഏറ്റെടുക്കരുതെന്ന് പറയിപ്പിച്ചാൽ സർക്കാർ അത് കേൾക്കും എന്നതുകൊണ്ട് അദ്ദേഹത്തെ ആക്രമിച്ച് നിലപാട് മാറ്റിയ്ക്കാൻ നോക്കിയതാണോ, നിങ്ങൾ? ആശയശേഷിയല്ലാതെ കായിക ശേഷി ഇല്ലാത്ത യുക്തിവാദികളാണ് അക്രമം പരീക്ഷിക്കാൻ പറ്റിയവർ എന്നു കരുതുന്നോ, നിങ്ങൾ? കലാനാഥൻ പറഞ്ഞ അതേ അഭിപ്രായം കായികശേഷിയുള്ള ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാക്കളാണു പറഞ്ഞിരുന്നതെങ്കിൽ നിങ്ങൾ പൊടുന്നനേ അവരുടെ വീടാക്രമിക്കുമായിരുന്നോ?
ഇനി മറ്റൊരു കാര്യം. ഇവിടെ പല അക്രമങ്ങൾക്കും എതിരെ പ്രതികരിക്കുന്ന ജനാധിപത്യവാദികൾ പലരുമുണ്ടല്ലോ. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് അക്രമത്തിനെതിരെ വാചാലരാകുന്ന കുറെപ്പേർ ! എന്തേ അവർ യുക്തിവാദികൾ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കാത്തത്? കണ്ണൂരിലെ ജനാധിപത്യ ധ്വംസനങ്ങൾക്കും സിംഗൂരിലെ നടപടികൾക്കും ഒക്കെ എതിരെ മനം നൊന്തു നീറി നടക്കുന്നവർ ഇവിടെ കലാനാഥൻ വർഗ്ഗീയ വാദികളുടെ അക്രമത്തിനിരയാകുമ്പോൾ അത് അറിഞ്ഞഭാവമില്ല. കള്ളുകുടിക്കാനും പെണ്ണു പിടിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അവിടെ ആരും എത്തി നോക്കരുതെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണെന്നും പറഞ്ഞ് പല വമ്പന്മാരുടെയും സദാചാര ലംഘനങ്ങളെ ന്യായീകരിച്ച എത്രയോ വ്യക്തിസ്വാതന്ത്ര്യവാദികൾ ഉണ്ടിവിടെ! എന്തേ അവരൊന്നും യുക്തിവാദികൾ അവരുടെ ആശയം പ്രചരിപ്പിക്കുന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ല? സ്വാതന്ത്ര്യം എന്നാൽ ചിലർക്കു മാത്രം അനുഭവിക്കാനുള്ളതാണോ? യുക്തിവാദികൾക്ക് ജനാധിപത്യ അവകാശങ്ങൾ ഇല്ലെന്നുണ്ടോ? പക്ഷെ ഒന്നോർക്കുക, ഏതു മതത്തിന്റെ പേരിലാണെങ്കിലും തീവ്രവാദവും അക്രമവും കൊണ്ടു നടക്കുന്നവർക്ക് ഇന്നയിന്ന കൂട്ടരെ മാത്രമേ ആക്രമിക്കാവൂ എന്ന് ഒരു നിർബന്ധവുമുള്ളവരല്ല. ഇന്ന് എനിക്കെങ്കിൽ നാളെ നിനക്കാണ് എന്ന് എല്ലാവരും ഓർക്കുക; എല്ലാവരും ജാഗ്രത പുലർത്തുക!
Wednesday, March 16, 2011
ഐ.റ്റി മേഖല ഇടതുഭരണത്തിൽ
അഞ്ചു വർഷത്തിനിടയിൽ അസൂയാവഹമായ പുരോഗതിയാണ് ഐ.റ്റി മേഖല കൈവരിച്ചത്.
സാമ്പത്തിക മന്ദ്യത്തിന്റെ പശ്ചാത്തലത്തിലും കയറ്റുമതി രംഗത്ത് 70 ശതമാനം വളർച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തി.
ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പുതിയ കമ്പനികൾ വന്നു.
തിരുവനന്തപുരത്തെ ടെക്നോ സിറ്റിയ്ക്ക് 428 ഏക്കർ സ്ഥലം ഏറ്റെടുത്തു.
ടെക്നോപാർക്ക് മൂന്നാം ഘട്ടം, ഇൻഫോ പാർക്ക് രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് വേഗം കൂട്ടി.
അമ്പലപ്പുഴ ചേർത്തല കുണ്ടറ ഐ.റ്റി പാർക്ക് നിർമ്മാണം തുടങ്ങി.
ചീമേനിയിലും എരമത്തും ഐ.റ്റി പാർക്ക്. കൊരട്ടി ഇൻഫോപാർക്ക് പ്രവർത്തനം തുടങ്ങി.
കോഴിക്കൊട് സൈബർ സിറ്റി, കണ്ണൂരിൽ സൈബർ പാർക്ക്.
ഗ്രാമപഞ്ചായത്തുകളിൽ ചെറുകിട ഐ.റ്റി പാർക്കുകൾ. സംസ്ഥാന വ്യാപകമായി ഒൻപത് ടെക്നോ ലോഡ്ജുകൾ.
അങ്ങനെ പോകുന്നു ഐ.റ്റി മേഖലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നനിയുടെ ഭരണ നേട്ടങ്ങൾ.
എല്ലാറ്റിലുമുപരി കേരളത്തിനു ദോഷകരമായ വ്യവസ്ഥകൾ ഒന്നുമില്ലാതെ തന്നെ കൊച്ചി സ്മാർട്ട് സിറ്റി കരാർ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു.
Sunday, March 13, 2011
ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്
ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്
ഒരു സംസ്ഥാന ഗവർണ്മെന്റിന് ഒരുപാട് പരിമിതികളുണ്ട്.പ്രത്യേകിച്ചും കേന്ദ്രം ഭരിക്കുന്ന മുന്നണി സംസ്ഥാനം ഭരിക്കുന്ന മുന്നണിയ്ക്ക് അനുകൂലമായ മുന്നണിയല്ലെങ്കിൽ. അധികാരത്തിന്റെ കാര്യത്തിലും സംസ്ഥാനത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട്. എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി തീരുമാനിച്ച് നടപ്പിലാക്കാനാകില്ല. ഈ പരിമിതികൾ എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നതിനാൽ നൂറുശതമാനം സംതൃപ്തിയോടെ ഭരിക്കാനോ വിജയിക്കാനോ ഒരു സംസ്ഥാന ഭരണകൂടത്തിന് കഴിയില്ല.
ഒരു സംസ്ഥാന ഭരണകൂടത്തിന് പരമാവധി പോയാൽ ഒരു തൊണ്ണൂറു ശതമാനം വിജയം കൈവരിക്കാൻ കഴിയും. അതിനെ സമ്പൂർണ്ണ വിജയമായിത്തന്നെ കണക്കാക്കാം. കാരണം അതിനപ്പുറം പോകാൻ കഴിയില്ലല്ലോ. എന്നാൽ ഒരു അറുപത് ശതമാനത്തിനു മേൽ മാർക്ക് നേടാൻ ഒരു സംസ്ഥാന സർക്കാരിന് കഴിഞ്ഞാൽ ആ ഗവർണ്മെന്റിനു ഗൂഡ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അറുപതിനു മുകളിൽ മാർക്ക് വാങ്ങുന്ന ഒരു ഗവർണ്മെന്റിനെ നയിക്കുന്ന മുന്നണിയ്ക്ക് തുടർന്നു ഭരണം നേടാൻ അർഹയുണ്ടായിരിക്കും. ആ അർഹത അംഗീകരിക്കേണ്ടത് വോട്ടർമാരാണ്.
അപ്പോൾ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർന്നും അധികാരത്തിൽ വരേണ്ടത് വികസന മുന്നേറ്റത്തിന് അനിവാര്യമാണ്. നിഷ്പക്ഷതയുടെ മൂടുപടം അണിഞ്ഞവർ പോലും ഈ ഗവർണ്മെന്റിന് എഴുപത് മാർക്കിന് മുകളിൽ നൽകുന്നുണ്ട് എന്നിരിക്കെ ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ തൊണ്ണൂറുശതമാനം വിജയകരമായ വികസന മുന്നേറ്റത്തിന് അത് സഹായമരമാകും എന്നതിൽ സംശയമില്ല.
ഇടതുപക്ഷ അനുകൂലികൾ ഈ ഗവർണ്മെന്റിന് എൺപത് ശതമാനം റേറ്റിംഗ് നൽകുന്നുണ്ട്. അത് ഒരു അവകാശവാദമായി കരുതിയാലും നിഷ്പക്ഷരും ഇടതുപക്ഷ വിരുദ്ധരും നൽകുന്ന എഴുപത് ശതമാനം റേറ്റിംഗിനെ ആർക്കും നിഷേധിക്കാനാകില്ല. നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം കാഴ്ചവച്ചിട്ടുള്ളത്.
Wednesday, March 9, 2011
എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ശ്രമം തുടങ്ങി
എല്‍.ഡി.എഫ് വിജയം കാംക്ഷിക്കുന്നവര്‍ പ്രതിഷേധിക്കുക!
മലബാർ മേഖലയിൽ എൽ.ഡി.എഫിനു മുൻ തൂക്കമെന്നും. അത്രയെങ്കിലും ഇപ്പോൾ സമ്മതിക്കാതെ പറ്റില്ലല്ലോ. എന്നിട്ടും എൺപത്തി ഏഴിനപ്പുറം സീറ്റ് യു.ഡി.എഫിന് കിട്ടുമെന്ന് സർവ്വേ ഫലം പറയുന്നില്ലത്രേ. നോക്കണേ നൂറ്റിപ്പത്തിൽ കിടന്ന പ്രതീക്ഷ ഇടിഞ്ഞ് താണത്. തെരഞ്ഞെടുപ്പിന്യെ സ്വാധീനിക്കും എന്നതിനാൽ ഈ സർവ്വേകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തടയേണ്ടതാണ്.
പാവങ്ങൾക്ക് മുൻ തീരുമാനപ്രകാരം രണ്ട് രൂപയ്ക്ക് അരി കൊടുക്കാനുള്ള നടപടി നിറുത്തിവയ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ദുരുദ്ദേശ കപട സർവ്വേകളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല? ആർക്കാണ് ആരു ജയിക്കുമെന്നറിയാൻ ഇത്ര തിടുക്കം? ആർക്ക് വേണ്ടിയാണ് ഈ സർവ്വേ? ഇത് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ചാനലുകളെയും സർവ്വേ നടത്തുന്ന മറ്റ് ഏജൻസികളെയും കർശനമായി നിയന്ത്രിക്കണം
Thursday, June 24, 2010
റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ....
റോഡരികിൽ പൊതു യോഗങ്ങൾ നടത്തരുതെന്ന് ബഹുമാനപ്പെട്ട ഹിക്കോടതി വിധി! അങ്ങനെ ഒരു ജനാധിപത്യാവകാശം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. പെരുകി വരുന്ന റോഡപകടങ്ങളാണത്രേ ഇത്തരം ഒരു വിധിക്കുള്ള പ്രേരണകളിൽ ഒന്ന്. ഇതു കേട്ടാൽ തോന്നും എന്നും ഇവിടെ റോഡിൽ പൊതുയോഗങ്ങളാണെന്ന്. കാരണം റോഡപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. ഇതൊക്കെ റോഡരികിൽ പൊതുയോഗങ്ങൾ നടക്കുന്നതുകൊണ്ടാണോ?
പൊതു യോഗങ്ങൾ മൈതാനങ്ങളിൽ ഒതുക്കണമെന്നാണു കോടതി നിർദ്ദേശം. കൊള്ളാം! പണ്ടും വലിയ പൊതു സമ്മേളനങ്ങളൊക്കെ വലിയ മൈതാനങ്ങളിൽ വച്ചു തന്നെയാണു നടത്തിയിരുന്നത്. ഇന്നും അങ്ങനെ തന്നെ. എന്നാൽ ചെറു യോഗങ്ങളൊക്കെ റോഡരികിലാണ് നടത്തി വരുന്നത്. റോഡരികെന്നു പറയുമ്പോൾ നാലാളു കൂടുന്ന ഏതെങ്കിലും ഒരു ജംഗ്ഷനിലെ റോഡരികിലാണ് സാധാരണ പൊതു യോഗങ്ങൾ നടക്കാറ്. ഇത് യോഗത്തിൽ പറയുന്ന കാര്യങ്ങൾ നാലാളു കാണാനും കേൾക്കാനുമാണു നടത്തുന്നത്. ഒഴിഞ്ഞ മൈതാനിയിൽ കൊണ്ടുവച്ച് എല്ലാ യോഗങ്ങളും നടത്തിയിട്ട് എന്തു കാര്യം?
രാഷ്ട്രീയ പാർട്ടികളാണ് പ്രധാനമായും ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പൊതു യോഗങ്ങൾ നടത്താറ്. അവയെ ഇല്ലാതാക്കുകയെന്നതു തന്നെയാണ് ഈ വിധി ശരിക്കും ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയാവകാശങ്ങളുടെ നിഷേധമാണിത്. ഇത് ഭരണ ഘടനാ ലംഘനമാണ്. ഒരു സമര രൂപമായ ബന്ദ് മുമ്പേ നിരോധിച്ചു. കലായങ്ങളിലെ രാഷ്ട്രീയം നിരോധിച്ചതിനു തുല്യമായ നിബന്ധനകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു. തന്മൂലം കലാലയങ്ങൾ അരാജകത്വത്തിലേയ്ക്ക് നീങ്ങുന്നു.
ഇപ്പോളിതാ പൊതു യോഗങ്ങൾ നടത്താനുള്ള അവകാശവും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനു പിന്നിൽ അരാഷ്ട്രീയ വാദമാണ്. ഏതോ അരാഷ്ട്രീയ വാദികളായിരിക്കണം ഇങ്ങനെ ഒരു വിധി വരാൻ കാരണമായ ഹർജി നൽകിയിട്ടുണ്ടാകുക. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി സമ്മേളിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനും ഒക്കെയുള്ള അവകാശമുണ്ട്. അവയുടെ നിഷേധമാണ് ഈ വിധി. ഇത് ജനാധിപത്യ ധ്വംസനമല്ലാതെ മറ്റൊന്നുമല്ല.
ജനങ്ങളിൽ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രബുദ്ധത ഉണ്ടാക്കിക്കൊടുക്കുന്നതിൽ കവലയോഗങ്ങൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. അതൊക്കെ റോഡിന്റെ ഒരു ഓരം പറ്റി നടത്തിയതുകൊണ്ട് ഒരാകാശവും ഇതുവരെ ഇടിഞ്ഞു വീണിട്ടില്ല. ഇതൊന്നുമില്ലെങ്കിൽ എന്തു ജനധിപത്യം? ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഏതെങ്കിലും വ്യക്തിക്കോ ഏതാനും വ്യക്തികൾക്കോ ഉണ്ടായ ഒറ്റപ്പെട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു നൽകുന്ന ആവലാതിയിന്മേൽ ഇത്തരം വിധി നൽകി ജനാധിപത്യത്തെ മൊത്തത്തിൽ ദുർബലപ്പെടുത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ ബഹുമാനപ്പെട്ട കോടതികൾക്ക് ചേർന്നതല്ല.
ആശയപ്രകാശനത്തിനുള്ള അവകാശം നിഷേധിക്കുന്ന ഈ വിധിക്കെതിരെ ഡി.വൈ.എഫ്. ഐയുടെ പ്രതികരണം വന്നിട്ടുണ്ട്. ഇനി മറ്റു സംഘടനകളും ഈ വിധിയിൽ ഒളിഞ്ഞിരിക്കുന്ന നഗ്നമായ ജനാധിപത്യ ധ്വംസനത്തിനെതിരെ രംഗത്തു വരേണ്ടതാണ്.ഈ വിധി നിലനിന്നാൽ ഇനി ഒരു കാൽനട ജാഥ പോലും നടത്താൻ കഴിയില്ല. കാൽനടജാഥകൾ നടത്തുന്നത് സാധാരണ പൊതു വഴികളിലൂടെയാണ്. (നാളെ ഇതും നിഷേധിച്ചുകൊണ്ട് കോടതി വിധി വന്നേക്കാം). കാൽനടജാഥകൾ ചുമ്മാ അങ്ങു പോകുന്നവയല്ല. ഇടയ്ക്ക് ആളുകൂടുന്ന ജംഗ്ഷനുകളിൽ സ്വീകരണങ്ങളുണ്ടാകും. ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രസംഗങ്ങളുണ്ടാകും.
ആശയ പ്രചരണം അവരവരുടെ വീട്ടിൽ കതകടച്ചിരുന്ന് നടത്തേണ്ട ഒന്നല്ല. സമരങ്ങൾ അവരവരുടെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് നടത്താവുന്നവയല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് ഈ ജനാധിപത്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തി വരുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പും രാഷ്ട്രീയ പ്രവർത്തനവും സമരവും ഒക്കെ നടത്തിയിരുന്നത് തെരുവുകളിൽതന്നെയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. ആ രാഷ്ട്രീയ പാർട്ടികളുടെ സമാധന പരമയ ഏതു പ്രവർത്തനങ്ങൾക്കും തടയിടുന്നത് ജനാധിപത്ത്യവിരുദ്ധമാണ്.
(അറിഞ്ഞുടൻ ഉറക്കപ്പിരാന്തിലിരുന്ന് എഴുതിയതാണ്. പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടേക്കും)
അനുബന്ധം:
ഈ പോസ്റ്റിനു് ആദ്യം കമന്റു നൽകിയ ജയപ്രകാശിന്റെ വരികളും അതിനുള്ള മറുപടിയും കൂടി അനുബന്ധമായി ചേർക്കുന്നു.
Dear Saji,
No civic concious citizen would say that road is also meant for the political parties to show their might. Road is meant for vehicular traffic. Court has upheld and protected our civic rights. Be more civic concious and sensible, Mr. Saji.
Jayaprakash, Maldives.
jayaprakashts@gmail.com
പ്രിയ ജയപ്രകാശ്,
റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തിൽ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ മുഴുവൻ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല.
വാഹനങ്ങൾ ആൾക്കൂട്ടം കാണുമ്പോൾ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോൾ എവിടെയെങ്കിലും മറ്റുതരത്തിൽ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങൾക്ക് മുഴുവൻ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നതി ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടാണ്.
ഇപ്പോൾ പ്രകടനങ്ങൾ നടത്തുന്നത് പബ്ലിക്ക് റോഡിലൂടെയാണല്ലോ നാളെ അതുംകൂടി വിലക്കിയാൽ എവിടെ പ്രകടനം നടത്തും. അവനവന്റെ വീട്ടു വളപ്പിലോ? സുഹൃത്തേ ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്!
നാലാമത് വന്ന അനോണിമസ് കമന്റു കൂടി അനുബന്ധമായി താഴെ ചേർക്കുന്നു:
ഹൈക്കോടതി വിധി, റോഡരികിൽ പൊതുയോഗങ്ങളും മറും നിരോധിച്ചു കൊണ്ടുള്ള വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷെ ഒരു സംശയം, രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗം മാത്രമല്ലല്ലൊ പ്രശ്നം. റോഡരികിലല്ല നടുറോടിൽ പോലും ആനയും അമ്പാരിയും എഴുന്നുള്ളിച്ച് ഉൽസവം നടത്തുന്നത്, റോഡ് ബ്ളോക്ക് ചെയ്ത് പള്ളികളിൽ പരിപാടി നടത്തുന്നത് നിരോധിക്കുമോ?
എന്തോക്കെയായാലും രാഷ്ട്രീയ പാർട്ടികൾ മനുഷ്യന് ആത്യന്തികമായി ഗുണമേ ചെയ്യൂ ചെയ്തിട്ടുള്ളു. എന്നാൽ മതങ്ങൾ എന്നും മനുഷ്യനെ പിന്നോക്കം വലിച്ചിട്ടേയുള്ളു. നോക്കൂ കോടതി പുരോഗമനത്തെ തടയുന്നതു കണ്ടോ, എത്ര ലാഘവത്തോടെയുമാണത് ചെയ്യുന്നതെന്നും കണ്ടോ
Friday, February 26, 2010
യു.കലാനാഥൻ മാസ്റ്ററെ സി.പി.എം -ൽ തിരിച്ചെടുക്കണം
2010 ഫെബ്രുവരി 28 തീയതിവച്ച് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേരള യുക്തിവാദിസംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ വെളിച്ചത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്.
വർഷങ്ങൾക്കു മുമ്പ് മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തെ ചൊല്ലി സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററെ പാർട്ടിയിൽ തിരിച്ചെടുക്കണം. ഇതിന് സ. പിണറായി വിജയൻ മുൻ കൈ എടുക്കണം. തീർച്ചയായും സഖാവ് പിണറായിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. വി.എസിനും ഇക്കാര്യത്തിൽ കടമയുണ്ട്. മത വിശ്വാസികൾക്ക്പോലും പാർട്ടിയിൽ അംഗമാകാമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് മതമില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുന്നത് ശരിയല്ല.
തന്റെമേൽ പാർട്ടി നടപടിയെടുത്തിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സി.പി.എമ്മി നോടുള്ള അചഞ്ചലമായ കൂറ് നിലനിർത്തി പോരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കലാനാഥനെ പാർട്ടി അംഗത്വത്തിനു പുറത്തുനിർത്തുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനാദരവാണെന്ന് നാളെ ചരിത്രം വിലയിരുത്തും. കലാനാഥൻ പാർട്ടിയിൽ നിന്നും പുറത്തു പോകാനുണ്ടായ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. കലാനാഥനെ പോലെ ഒരാളെ തിരിച്ചെടുക്കുന്നതിൽ പാർട്ടി ആരെയും ഭയക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ പാർട്ടി, ആരെ എന്തിനെ ഭയക്കണം?
പാർട്ടി വിശ്വസിച്ച് കൊണ്ടുവന്ന പലരും അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിർപക്ഷങ്ങളിലേക്ക് കൂറു മാറുമ്പോഴും ഒന്നും നേടാൻ വേണ്ടി എങ്ങോട്ടും ചാഞ്ചാടാതെ നിന്ന കലാനാഥൻ മാസ്റ്ററെ യുക്തിവാദി ആയി പോയതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് തീരെ ശരിയല്ല. അല്ലെങ്കിൽതന്നെ പാർട്ടിക്കുള്ളിൽ നിൽക്കുന്ന നല്ലൊരു പങ്ക് നേതാക്കളും പ്രവർത്തകരും യുക്തിവാദിസംഘം പ്രവർത്തകർ അല്ലെങ്കിലും സത്യത്തിൽ തികഞ്ഞ യുക്തിവാദികൾ തന്നെയാണ് എന്നതല്ലേ സത്യം?
കൂടാതെ പാർട്ടിയിൽ അംഗത്വവും ചുമതലകളും ഉള്ള എത്രയോ പേർ യുക്തിവാദി സംഘത്തിലും പ്രവർത്തിക്കുന്നു. പിന്നെ അതിന്റെ സംസ്ഥാന പ്രെസിഡന്റിനെ എന്തിനു പാർട്ടിയിൽ നിന്നും പുറത്ത് നിർത്തുന്നു? യുക്തിവാദി സംഘം മതങ്ങളെയും മത സംഘടനകളെയും കാൾ നീചമാണോ?
പാർട്ടിക്ക് നേരിട്ട് നടത്താൻ കഴിയാത്ത പല കാമ്പെയിനുകളും ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമല്ലേ യുക്തിവാദി സംഘം? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭൂരിപക്ഷം മതവിശ്വാസികൾ ജീവിക്കുന്ന സമൂഹത്തിൽ പാർട്ടിക്കുള്ള പരിമിതികൾ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തെ ദോഷൈകദൃഷ്ടിയോടെ നോക്കി കാണുന്നത് ശരിയാണോ?
നോക്കൂ, ബംഗാളിൽ ജ്യോതി ബാസു അടക്കമുള്ള നേതാക്കൾ അവരുടെ കണ്ണുകൾ ദാനം ചെയ്യുകയും മൃതുദേഹങ്ങൾ മെഡിക്കൽ പഠനത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഇതൊക്കെ തന്നെയല്ലേ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം ആദർശപരമായ ദുശാഠ്യങ്ങൾ ചില യുക്തിവാദികളിൽ ഉണ്ടായിരിക്കാം. പക്ഷെ ആ ദുശാഠ്യത്തിനുപിന്നിൽ ഉള്ളത് ആശയപരമായ ഒരു ആത്മാർത്ഥതയാണെന്ന സത്യം നമുക്ക് അംഗീകരിച്ചുകൂടെ?
ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പല കൊടിയ അന്ധവിശ്വാസങ്ങൾ പോലും വച്ചു പുലർത്തുന്ന എത്രയെങ്കിലും ആളുകൾ സി.പി.എം അംഗങ്ങളും നേതാക്കളും പ്രവർത്തകരും ആയിരിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കലാനാഥൻ മാഷിനെ പോലുൽളളവർ പാർട്ടിയിൽ അംഗത്വമില്ലാത്തതിൽ മനം നൊന്തു കഴിയുന്നത്.
നേരിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെയും അന്നത്തെ ചില രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും സമ്മർദ്ദം കൊണ്ടായിരിക്കണം പതിറ്റാണ്ടുകൾക്ക് മുമ്പ് കലാനാഥനു മേൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. അത് തിരുത്താൻ പാർട്ടിക്കും പാർട്ടിയോട് പൊരുത്തപ്പെടാൻ കലാനാഥനും സമയം അതിക്രമിച്ചിരിക്കുന്നു. കലാനാഥൻ അന്ന് പാർട്ടിയിൽ നിന്ന് പുറത്തു പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഡൽഹിയിലോ തിരുവനന്തപുരത്തോ എ.കെ. ജി സെന്ററുകളിലോ അതുമല്ലെങ്കിൽ പാർട്ടിയുടേ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ പ്രധാനപ്പെട്ട ചുമതലയിൽ ഇരുന്നു കൊണ്ട് വിലപ്പെട്ട സേവനങ്ങൾ പാർട്ടിക്ക് നൽകുമായിരുന്നു.
യുക്തിവാദി സംഘത്തിനുള്ളിൽ പവനനും കലാനാഥനും ചിലപ്പോഴൊക്കെ ചർച്ചകളിലും ഡിബേറ്റുകളിലും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട്ട് യുക്തിവാദി സംഘം സമ്മേളനം നടക്കുമ്പോൾ പ്രതിനിധികളുടെ ചർച്ചയിൽ ചില പ്രതിനിധികൾ അതിരുവിട്ട് സംഘം ഭാരവാഹിയായ കലനാഥൻ മാസ്റ്ററെ വിമർശിച്ചപ്പോൾ പവനൻ സാർ രോഷത്തോടെ ചാടിയെഴുന്നേറ്റ് ആ പ്രതിനിധികളെ ശാസിച്ചത് ഈയുള്ളവൻ ഓർക്കുന്നു.
അന്ന് പവനൻ പറഞ്ഞത് യുക്തിവാദി സംഘം ഉപേക്ഷിച്ച് പാർട്ടിയിൽ നിന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉന്നതമായ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈ ദുർബലമായ പ്രസ്ഥാനം കൊണ്ടു നടക്കുന്ന കലാനാഥനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ്. പവനൻ അത് അല്പം കടുപ്പിച്ച് തന്നെ പറയുകയുണ്ടായി. യുക്തിവാദി സംഘത്തിന് കലാനാഥനോടുള്ള കടപ്പാട് പവനന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പവനസാർ അന്നു പറഞ്ഞതുപോലെ നിശ്ചയമായും പാർട്ടിനേതൃത്വത്തിൽ തിരക്കുള്ളൊരു ചുമതല കലാനാഥൻ മാഷിനു ലഭിക്കുമായിരുന്നു.
എന്തൊക്കെ താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായാലും തീർച്ചയായും സി.പി.എമ്മിലും അതു നേതൃത്വം കൊടുക്കുന്ന ഇടതുപഷത്തിലും മാത്രമാണ് മാനവികതയിൽ വിശ്വസിക്കുന്ന ആർക്കും പ്രതീക്ഷകൾ ഉള്ളത്. അതുകൊണ്ട് സി.പി.എം കുറച്ചുകൂടി അവസരത്തിനൊത്ത് ഉയരാനും നിലപാടുകളിൽ കുറച്ചുകൂടി ചങ്കൂറ്റം കാണിക്കാനും തയ്യാറാകണം. മതങ്ങളെ ഭയന്ന് പുരോഗമനാശയങ്ങൾ വച്ചു പുലർത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിർത്തുന്ന സമീപനം പാർട്ടിക്ക് സ്വീകരിച്ചു കൂട. ഇതൊരു അപേക്ഷയാണ്.
സ.കലാനാഥൻ മാസ്റ്റർ ഇന്നും വിശ്വസിക്കുന്ന സി.പി.ഐ (എം) -ൽ അദ്ദേഹത്തിന് അംഗത്വം നൽകണം. അത് പാർട്ടിയുടെ കടമയാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ സായന്തനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം നൽകണം. പ്രത്യേകിച്ചും സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ സേവനങ്ങൾ പാർട്ടിക്ക് ഇനിയും ഒരു മുതൽക്കൂട്ടായിരിക്കും.
മാത്രവുമല്ല മാർക്സിസം അരച്ചു കലക്കി കുടിച്ച ഒരു അടിയുറച്ച മാർക്സിസ്റ്റുകാരനാണ് അദ്ദേഹം. മാനവികതയുടെ മൂർത്തരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഈ നല്ല മനുഷ്യനെ പാർട്ടി അവഗണിച്ച് സ്വയം തെറ്റു തുടരുന്നതെന്തിന്? അതുകൊണ്ട് മാഷിനോട് പാർട്ടി ഉടൻ നീറ്റി ചെയ്യുക. തീർച്ചയായും അതിനുള്ള ആർജ്ജവം സി.പി.ഐ (എം)-നുണ്ട്; ഉണ്ടാകണം!
Tuesday, February 16, 2010
ടാറ്റയുടെ സാമ്രാജ്യം
റ്റാറ്റയുടെ സാമ്രാജ്യം
ആയിരത്തി തൊള്ളയിരത്തി നാല്പത്തിയേഴിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു നമ്മൾ മനസിലാക്കിയിട്ടുണ്ട്. അതില്പിന്നെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായെന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒരു ഭരണഘടനയും അതിൻപ്രകാരം ഒരു ഭരണവ്യവസ്ഥിതിയും നീതിന്യായ വിഭാഗവും മറ്റും പ്രവർത്തിക്കുന്നതായും നമുക്കറിയാം. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും അതിൻപ്രകാരം ഭരണകൂടങ്ങൾ മാറിമാറിവരുന്നതും നമുക്ക് നാളിതുവരെയും അനുഭവമുള്ളതാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇവിടുത്ത പൌരന്മാർ എന്ന നിലയിൽ നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വേറെയും പല കാര്യങ്ങളും നമുക്കറിയാം. എന്നാൽ നമുക്ക് അറിയാവുന്നതിനപ്പുറം നമുക്ക് അറിയാവുന്നവയ്ക്ക് നേർവിപരീതമായ പല കാര്യങ്ങളും ഉണ്ടെന്നും അങ്ങനെ ഒരുപാടറിവുകൾ നമുക്ക് മിസ് ആകുന്നുണ്ടായിരുന്നെന്നും ഉള്ള ചില പുതിയ അറിവുകൾ നമ്മെ തേടിയെത്തുകയാണിപ്പോൾ!
ഇവിടെ വിവരങ്ങൾ അറിയുവാൻ മറ്റേതൊരു രാജ്യത്തെയുമെന്ന പോലെ ഒരുപാട് സൌകര്യങ്ങൾ നമുക്കുമുണ്ട്. മാധ്യമങ്ങളായ മാധ്യമങ്ങൾ. അതും ദൃശ്യവും ശ്രവ്യവും. പത്രങ്ങൾ, ആനുകാലികങ്ങൾ, ചാനലുകളായ ചാനലുകൾ. വിവരസാങ്കേതിക വിദ്യയുടെ പുതുപുത്തൻ ഉറവിടങ്ങൾ. സർക്കാരിന്റെ തന്നെ വിവിധ ബോധന മാർഗ്ഗങ്ങൾ. പാഠപുസ്തകങ്ങൾ..... എല്ലാറ്റിലുമുപരി സർക്കാർ സ്ഥാപങ്ങളിൽ നിന്നും എന്തെങ്കിലും അറിയണമെങ്കിൽ ഇന്ന് വിവരാവകാശനിയമങ്ങൾതന്നെയുണ്ട്. അങ്ങനെ എന്തെന്തെല്ലാം മാർഗ്ഗങ്ങളിലൂടെ നാം എന്തെന്തെല്ലാം അറിഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഇവിടെ സമ്പന്നരും ദരിദ്രരുമുണ്ട്. അതിൽതന്നെ തീരെ ദരിദ്രരും സമ്പന്നരിൽ തന്നെ ഹെക്ടർ കണക്കിനു ഭൂമിയുള്ളവർ ഉണ്ടെന്നും നാം അറിഞ്ഞു വച്ചിട്ടുണ്ട്. ഇങ്ങനെ പലതും പലതും നമുക്കറിയാമായിരുന്നിട്ടും ഇതുവരെ അറിയാതെ പോയ ഒരു പ്രധാന കാര്യം നാം ഇപ്പോൾ നടുക്കത്തോടെ അറിയുന്നു. അതായത് ഇന്ത്യ എന്ന ഈ സ്വതന്ത്ര രാജ്യത്തിനുള്ളിൽ മറ്റു ചില സ്വതന്ത്ര സാമ്രാജ്യങ്ങൾ ഉണ്ടെന്ന്! സ്വന്തമായി ഭരണവും നീതിയും നിയമവും പോലീസും പട്ടാളവുമുള്ള ( അവരെ ദുഷ്ടബുദ്ധികൾ ഗുണ്ടകൾ എന്നു വിളിക്കും) നികുതി പിരിക്കാൻ ഉദ്യോഗസ്ഥരുമുള്ള സ്വതന്ത്ര സാമ്രാജ്യങ്ങൾ! അങ്ങനെയുള്ള പ്രദേശങ്ങളെ സാധാരണ സ്വതന്ത്ര രാജ്യങ്ങളായാണ് രാഷ്ട്രതന്ത്ര ശാസ്ത്രം പരിഗണിക്കുക. ഇവിടെ നമ്മുടെ ഈ കൊച്ചു കേരളത്തിലെ കിഴക്കൻ മലയിൽ മനോഹരമായ സ്ഥലത്ത് ആരുമറിയാതെ അങ്ങനെ ഒരു സാമ്രാജ്യം നിലനിൽക്കുകയായിരുന്നുവത്രെ! നമ്മുടെ ഭർണകർത്താക്കളും നീതിപീഠങ്ങൾ പോലും പലപ്പോഴും വകവച്ചുകൊടുത്തിട്ടുള്ളതാണത്രേ അവരുടെ ഈ പ്രത്യേക അധികാരം!
പറഞ്ഞത് റ്റാറ്റയുടെ മൂന്നാറിലെ ആ സാമ്രാജ്യത്തെക്കുറിച്ചു തന്നെ. സ്വകാര്യ നിയമങ്ങളും, നിയമപാലകരും, നികുതി പിരിയ്ക്കലും മറ്റും മറ്റുമായി ഒരു കൊച്ചു സ്വതന്ത്ര രാജ്യം പോലെ പ്രവർത്തിക്കുകയായിരുന്നുവത്രേ മൂന്നാർ. ആരും ഇതുവരെ അതറിഞ്ഞില്ലത്രേ! ഒരു സ്വതന്ത്രരാജ്യത്തിനുള്ളിൽ മറ്റൊരു സ്വതന്ത്രസാമ്രാജ്യമോ? സ്വകാര്യവ്യക്തികൾക്ക് ഇത്രയധികം അധികാരാവകാശങ്ങൾ ഭൂമിയുടെ മേൽ ലഭിക്കുന്നതെങ്ങനെ? സ്വത്തും പണവും സമ്പാദിക്കുന്നവർക്ക് നികുതികളിലൂടെയും മറ്റും നിയന്ത്രണങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു തന്നെ രാജ്യത്തെ മൊത്തം ഭൂമി അളന്നു വാങ്ങി രാജ്യം സ്വകാര്യസ്വത്താക്കാതിരിക്കുവാനാണ്. ഭൂമി ആളുകൾക്ക് വിലയ്ക്കു വാങ്ങുകയും കൈമാറ്റം ചെയ്യുകയും വച്ചനുഭവിക്കുകയും ചെയ്യാമെങ്കിലും എല്ലാ ഭൂമിയും രാഷ്ട്രത്തിന്റെ വകയാണ്.
ഭൂമിയുടെ മേൽ കൈവശ-കൈമാറ്റ അധികാരങ്ങളല്ലാതെ അവയുടെ മേൽ ആത്യന്തികമായ അവകാശം ആർക്കുമില്ല. ഏതു സമയത്തും രാഷ്ട്രത്തിനാവശ്യം വന്നാൽ ആരുടെ ഭൂമിയും കണ്ടുകെട്ടാം. സമ്പൂർണ്ണ മുതലാളിത്ത രാജ്യങ്ങളിൽ പോലും ഭൂമിയുടെ മേൽ ഉള്ള വ്യക്തികളുടെ അവകാശം സ്ഥിരമോ സമ്പൂർണ്ണമോ അല്ല. അനുഭവ കൈമാറ്റ അവകാശങ്ങൾ എന്നു പറഞ്ഞാൽ അത് ഹെക്ടർ കണക്കിനു ഭൂമി വാങ്ങി സാമ്രാജ്യങ്ങൾ സ്ഥാപിക്കാനുള്ള അവകാശമല്ല. എന്നാൽ മൂന്നാറിൽ റ്റാറ്റ സ്ഥാപിച്ചിരിക്കുന്നത് ഒരു കൊച്ചു സ്വതന്ത്ര സാമ്രാജ്യം തന്നെയാണ്. അതിനുള്ള അവകാശം ഇന്ത്യയിൽ ആർക്കുമില്ല. എല്ലാം രാജ്യത്തെ ഭരണകൂടത്തിനും രാഷ്ട്രത്തിനും നിയമങ്ങൾക്കും കീഴിലായിരിക്കണം. ഇപ്പോൾ റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് നാം അറിഞ്ഞു. ഇതു പോലെ നമ്മുടെ രാജ്യത്ത് എത്രയെത്ര കൊച്ചു കൊച്ചു ഭൂസാമ്രാജ്യങ്ങൾ ഉണ്ടായിരിക്കാം. എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രമാണല്ലോ പലരും പലതും അറിയുക.
മൂന്നാറിലെ റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൽ പുതിയലക്കം ചിന്തയിലെ ഈ ലേഖനം ഇവിടെ ചെന്ന് ഒന്നു വായിച്ചാൽ മതി.
Saturday, February 13, 2010
പരീക്ഷാകാലത്തെ മാനസിക വിഭ്രാന്തികള്‍!
വേറൊന്നുമില്ല. ഇതു പരീക്ഷാകാലമാണ്. സ്കൂൾ, ട്യൂട്ടോറികൾ, കുട്ടികൾ , രക്ഷകർത്താക്കൾ എല്ലാം പരീക്ഷാ ചൂടിലാണ്. എങ്ങനെയും ഗ്രേഡ് മെച്ചപ്പെടുത്താൻ വേണ്ടി നെട്ടോട്ടമോടുന്ന കുട്ടികൾ. ഇനിയും നിസംഗത കൈവിടാതെ ഇതു പോലെ ഇനി എന്തെല്ലാം നമ്മളു കാണാനിരിയ്ക്കുന്നു എന്നമട്ടിൽ പരീക്ഷയെ വകവയ്ക്കാതെ അടിച്ചു പൊളിയ്ക്കുന്ന വേന്ദ്രന്മാരും വേന്ദ്രത്തികളും ഇല്ലാതില്ല. സധൈര്യം പരീക്ഷ എഴുതുന്നവർ മിക്കവാറും പരീക്ഷകളെ വകവയ്ക്കാത്ത ഈ ഉരുപ്പടികളായിരിയ്ക്കും. പരീക്ഷയ്ക്ക് ബെല്ലടിയ്ക്കുമ്പോൾ കയ്യും കുടഞ്ഞ് ചുണ്ടും കോട്ടി കരഞ്ഞും വിറച്ചും വലിയ പഠിപ്പിസ്റ്റുകളായ കുട്ടികൾ പരീക്ഷാഹാളിലേയ്ക്ക് കടക്കുമ്പോൾ പഠിപ്പിസ്റ്റാകാൻ ആഗ്രഹിക്കാത്ത വീര-വീരത്തികൾ ലാഘവത്തോടെ ആരോടൊക്കെയോ സല്ലപിച്ചുകൊണ്ട് ആർക്കോവേണ്ടി പരീക്ഷാഹാളിലേയ്ക്ക് കയറുന്നു
പ്ലസ്-ടു , എസ്.എസ്.എൽ.സി പരീക്ഷകൾ എല്ലാം ഏതാണ്ട് ഒരുമിച്ചാണു നടക്കുന്നത്. ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യങ്ങളും ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളും ഉത്തരങ്ങളേക്കാൾ വലിയ ചോദ്യങ്ങളുമൊക്കെയായി വരുന്ന ചോദ്യപേപ്പറുകൾ തന്നെ ഒരു തമാശയാണെന്നതിനാലും, പാഠപുസ്തകങ്ങലുമായി അതിനു പറയത്തക്ക ബന്ധമൊന്നും ഉണ്ടാകാനിടയില്ലാത്തതിനാലും വായിൽ തോന്നിയത് എന്തും കടലാസിലേയ്ക്ക് ആവാഹിച്ചു വച്ച് സായൂജ്യമടയാം എന്നത് പതിവു പോലെ ഇത്തവണയും നമ്മുടെ ഈ പരീക്ഷകളുടെ പ്രത്യേകത തന്നെ ആയിരിയ്ക്കും. അതുകൊണ്ടു തന്നെ ഉറക്കമിളച്ചു പഠിക്കുന്നവർ കുറഞ്ഞ ഗ്രേഡിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്ത് വിഡ്ഡികളാകുമ്പോൾ ചോദ്യകർത്താക്കൾക്ക് തന്നെ ഉത്തരം അറിയാത്ത അഥവാ ഉത്തരമുണ്ടോ എന്നറിയാത്ത ചോദ്യങ്ങളെ ചോദ്യമുണ്ടാക്കിയ അദ്ധ്യാപകരുടെ അതേ “മനോനിലയിൽ“ നേരിട്ടുകൊണ്ട് ക്ലാസ്സിൽ കയറാതെ നടന്ന ആന്റി പഠിപ്പിസ്റ്റുകൾ ഉയർന്ന ഗ്രേഡോടെ ജയിച്ച് കയറുന്നത് കണ്ട് സ്കൂളിലെയും ട്യൂട്ടോറികളിലേയും അദ്ധ്യാപകർക്കും തങ്ങളുടേ മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൈവിട്ട രക്ഷകർത്താക്കൾക്കും കണ്ണുമിഴിച്ച് നോക്കി നിൽക്കാനേ കഴിയൂ.
എന്തായാലും അസുഖം മൂർച്ഛിച്ച് എങ്ങനെയും ജീവൻ രക്ഷിക്കാൻ വേണ്ടി ആശുപത്രികളിൽനിന്നും ആശുപത്രികളിലെയ്ക്കു നെട്ടോട്ടമൂടുന്ന രോഗികളെ പോലെ ഒരു ട്യൂട്ടോറിയിൽ നിന്നും മറ്റൊരിടത്തെക്കും സ്പെഷ്യൽ ക്ലാസുകളിലേയ്ക്കും നെട്ടോട്ടമോടുന്ന കുട്ടികൾ തളർന്ന് വീട്ടിലെത്തുമ്പോൾ കുറിപ്പടിപ്രകാരം മരുന്നു കഴിപ്പിക്കുവാൻ അതാ ഇരിയ്ക്കുന്നു ഡോർ ടു ഡൊർ വിജ്ഞാന വിതരണക്കാരിൽ ഒരാളായ ഹോം ട്യൂഷൻ മാസ്റ്റർ! ഇങ്ങനെയൊക്കെ പഠിച്ച് എഴുതേണ്ടതരം പരീക്ഷയൊന്നുമല്ല ഇപ്പോൾ നടക്കുന്നതെന്ന് അറിയാവുന്ന രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ ഇത്തരത്തിൽ പീഡിപ്പിയ്ക്കുന്നത്. സ്കൂളിൽ നിന്നും പാരലൽ കോളേജുകളിൽ നിന്നും ആവശ്യത്തിനുള്ള സഹായങ്ങൾ ഒക്കെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. വീട്ടിൽ ചെന്ന് കൂടുതൽ അദ്ധ്വാനിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്ന സ്കൂൾ അദ്ധ്യാപകർ തന്നെ പക്ഷെ കുട്ടികൾക്ക് വലിയ പഠന ഭാരങ്ങളാണ് ഏല്പിച്ചു വിടുന്നത്.
ഇന്ന് പാണ്ടൻ പുസ്തകങ്ങൾ മാത്രം ചുമന്നു കൊണ്ടു പൊയാൽ പോര. കൂറേ ചാർട്ടുകളും അസൈന്മെന്റു പേപ്പറുകളും ചപ്പുചവറുകളുമായി വേച്ചുവേച്ചു നീങ്ങുന്ന കുട്ടികൾ തങ്ങളൂടെ തൊഴിലവസരം നിഷേധിച്ചു കൊണ്ടാണ് ഈ പാണ്ടങ്ങൾ ചുമന്നു നീങ്ങുന്നതെന്നാണ് ചുമട്ടുതൊഴിലാളി സുഹൃത്തുക്കൾ പിറുപിറുക്കുന്നത്. നോക്കു കൂലിയെ സ. പിണറായിതന്നെ തള്ളിപ്പറഞ്ഞ സ്ഥിതിയ്ക്ക് അതിനും സ്കോപ്പില്ല. ഇനി ഇതയും വലുപ്പവും ഭാരവുമുള്ള പുസ്തകത്തിനുള്ളിൽ എന്താണെന്നു ചോദിച്ചാൽ ചോളി കേ പീച്ചേ ക്യാഹേ ആകും. പദപ്രശ്നങ്ങളെ തോല്പിയ്ക്കുന്ന അവ്യക്തതകളും ദുരൂഹതകളും കുട്ടികളോടുള്ള മുൻ കൂർ മറുചോദ്യങ്ങളും വെല്ലുവിളികളും (ധൈര്യമുണ്ടെങ്കിൽ ഉത്തരം കണ്ടു പിടി എന്ന മട്ടിൽ) മറ്റുമായി അടിച്ചിറക്കുന്ന പുസ്തകങ്ങൾ ഭ്രാന്തു പിടിയ്ക്കുമെന്നു കരുതി അദ്ധ്യാപകർ പേടിച്ചു തുറക്കാറില്ല. പകരം കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുകയാണ്. രക്ഷിതാക്കളാകട്ടെ പാഠപുസ്തകങ്ങളിൽ ഭ്രാന്തൻ ഉള്ളടക്കങ്ങളാണുള്ളതെന്നറിയാതെ ഉറക്കമിളപ്പിച്ചു വായിപ്പിയ്ക്കുന്നു.
ചോദ്യങ്ങൾ നേരേ ഉത്തരങ്ങൾ ചൊവ്വേ എന്നതല്ല, ചോദ്യങ്ങൾ വളച്ച് ഉത്തരങ്ങൾ കുഴച്ച് എന്നതാണ് നമ്മുടെ ഇപ്പോഴത്തെ പുസ്തകങ്ങളുടെയും പരീക്ഷാ ചോദ്യങ്ങളുടെയും രീതി! ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ ആകോ! എം.എ.ബേബി സഖാവിനെങ്ങാനും സമയമുണ്ടായി സ്കൂൾ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയാൽ ബെറ്റി സഖാവിനു പിന്നെ ബേബി സഖാവിന്റെ മേലിൽ സദാ ഒരു കണ്ണു വേണ്ടിവരും. കാരണം അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ ഇതിന്റെയൊക്കെ ഉത്തരവാദിത്വവും ചുമന്നാണോ താൻ ഇത്രയും കാലം നടന്നതെന്നു വിചാരിച്ച് രാഷ്ട്രീയവും നിരീശ്വരവാദവും മറ്റും ഉപേക്ഷിച്ച് സന്യാസത്തിനു പോയാലും അദ്ഭുതമില്ല.
വിവരമുള്ളവരാരും ഇന്നു വരെ നമ്മുടെ പാഠപുസ്തകങ്ങൾ വായിച്ചു നോക്കിയിട്ടില്ലാത്തതുകൊണ്ടും മേലിലും വായിക്കാൻ സാദ്ധ്യതകൾ ഇല്ലാത്തതുകൊണ്ടും അതിപ്രകാരംതന്നെ തുടരും.ഗ്രേഡിംഗിനെയോ പുതിയ പാഠ്യപദ്ധതിയൂടെ സോദ്ദേശ്യത്തെയോ തല്ലിപ്പറയുന്നില്ല. സമീപനങ്ങൾ നല്ലതുതന്നെ. പക്ഷെ പാഠപുസ്തകങ്ങൾ അടക്കമുള്ള ഇപ്പോഴത്തെ ഉപാധികളെ വിമർശിക്കാതെ വയ്യ! ഈ പോരായ്മകള്‍ പരിഹരിക്കപ്പെടേണ്ടതാണ് . പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ! പിന്നെ നമ്മളിതെല്ലാം സഹിച്ചല്ലേ പറ്റൂ. എല്ലാകുട്ടികൾക്കും പരീക്ഷാ (പരീക്ഷണ) ആശംസകൾ!
Tuesday, January 12, 2010
വിവരാവകാശനിയമവും ഡൽഹി ഹൈക്കോടതി വിധിയും
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിൻ കീഴിൽ വരുമെന്ന് ഡൽഹി ഹൈക്കോടതി വിധി. ഇത് ഒരു വിവാദത്തിലേയ്ക്ക് നീങ്ങുകയാണ്. സുപ്രീം കോടതി ഇതിനെതിരെ അപ്പീൽ പോകുമെന്നും പറയുന്നു. ഒരു കീഴ്കോടതി അതിന്റെ തന്നെ പരമോന്നത കോടതിയെ സംബന്ധിച്ച് വിധി പറയുക, അതിനെതിരെ പരമോന്നത കോടതി അപ്പീൽ നൽകുക; ഇത് വളരെ അസാധാരണവും വിചിത്രവുമാണ്. എങ്കിലും ചില ചോദ്യങ്ങൾ ഉയർത്തേണ്ടിയിരിക്കുന്നു.
നമ്മുടെ ജുഡീഷ്യറി നമ്മുടെ ജനാധിപത്യ സംവിധാനത്തിനു പുറത്താണോ ? എക്സെംഷെനുണ്ടോ എന്നത് തന്നെ ചോദ്യം. സുപ്രീം കോടതിവരെ ഉൾപ്പെടുന്ന ജുഡീഷ്യറിയും ഇന്ത്യയുടെ ലിഘിത ഭരണഘടനയ്ക്ക് വിധേയമാണെന്നാണ് നമ്മൾ മനസിലാക്കിയിട്ടുള്ളത്. അതങ്ങനെ തന്നെയാണു താനും. ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാരത്തിലേറുന്ന ഭരണകൂടത്തിനെതിരെ പോലും വിധിന്യായ അധികാരം ജുഡീഷ്യറിക്കു നൽകിയിരിക്കുന്നത് നമ്മുടേ ജനാധിപത്യത്തെ സംരക്ഷ്യ്ക്കുവാനാണ്.
നമ്മുടെ ഭരണഘടനാ നിയമങ്ങളനുസരിച്ച് പോലീസും ജുഡീഷ്യറിയും എല്ലാം ജനാധിപത്യത്തിന്റെ കാവൽ സംവിധാനങ്ങളാണ്. രക്ഷകരാണ്. എന്നുവച്ചാൽ രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഭരണഘടനാപരമായ സംവിധാനങ്ങളിൽ ഒന്നു തന്നെ ജുഡീഷ്യറിയും. രാജ്യത്തെ നിയമങ്ങളെല്ലാം അവർക്കും ബാധകമാണ്. ന്മ്മുടെ ജഡ്ജിമാരും ഇന്ത്യൻ പൌരന്മാരാണ്. ഒരു സാധാരണ ഇന്ത്യൻ പൌരന് ലഭിക്കുന്ന അവകാശങ്ങൾക്ക് ഉപരിയായി സുപ്രീം കോടതി ജഡ്ജിയ്ക്കു പോലും കൂടുതൽ അവകാശങ്ങൾ ഒന്നുമില്ല. ഭരണഘടനാ നിയമങ്ങൾക്കുമുന്നിലും സധാരണ നിയമങ്ങൾക്കുമുന്നിലും ജഡ്ജിമാരടക്കം എല്ലാവരും തുല്യരാണ്.
കോടതി സ്ഥാപനങ്ങളാകട്ടെ മറ്റേതൊരു സർക്കാർ ഓഫീസും പോലെ തന്നെ. പിന്നെങ്ങനെയാണ് വിവരാവകാശ നിയമത്തിൽ നിന്നും സുപ്രീം കോടതിയെയും ജഡ്ജിമാരെയും ഒഴിവാക്കാൻ കഴിയുക. മറ്റു സർക്കാർ ഓഫീസുകളിൽ നിന്നും വിവരങ്ങൾ അറിയാൻ അവകാശം ഉള്ളതുപോലെ തന്നെ സുപ്രീം കോടതി ജഡ്ജിയുടെ ഓഫീസിൽ നിന്നും വിവരങ്ങൾ അറിയാനുള്ള അവകാശം പൌരന്മാർക്കുണ്ട്. മറ്റേതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതുപോലെ ചീഫ് ജസ്റ്റിസ് അടക്കം ജഡ്ജിമാരും സ്വത്തുവിവരം വെളിപ്പെടുത്തേണ്ടതുതന്നെ.
തന്ത്രപ്രധാനമായ വിവരങ്ങൾ കോടതികളെന്നല്ല ഒരു സർക്കാർ ഓഫീസുകളും വെളിപ്പെടുത്തേണ്ടതില്ലെന്നു വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അടക്കം ഓഫീസിൽ നിന്ന് പൌരന്മാർ വിവരങ്ങൾ അറിയുന്നതിൽ എന്താണു തെറ്റ്? പൌരന്മാരുടെ അവകാശങ്ങളെ കോടതി തന്നെ നിഷേധിക്കുന്നതിനു തുല്യമല്ലേ അത്?
ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്നും വിധിന്യായവുമായി ബന്ധപ്പെട്ട രേഖകൾ മാത്രമല്ലല്ലോ പൌരന്മാർക്ക് അറിയാനുണ്ടാവുക! ഓഫീസ് സംബന്ധമായി മറ്റു പല വിവരങ്ങളും അറിയാനുണ്ടായിക്കൂടെ? ഡൽഹി ഹൈക്കോടതി വിധിയിൽ പറയുന്നതാകട്ടെ നിയമനം, ജസ്റ്റിസിന്റെ സ്വത്തുവിവരം എന്നിവ വെളിപ്പെടുത്തണമെന്നാണ്. അതിൽ എന്താണപകടം? മാത്രവുമല്ല ഒരു ഓഫീസ് പ്രവർത്തനം തന്നെയാണല്ലോ ചീഫ് ജസ്റ്റിസിന്റെ ആസ്ഥാനത്തും നടക്കുന്നത്. അപ്പോൾപിന്നെ ഈ കോടതി ഓഫീസിലെ വിവരങ്ങൾ പൌരന്മാർ അറിയുന്നതിനെ ഭയക്കുന്നതെന്തിന്?
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഭരണഘടനാപരമായി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുള്ള നീതിന്യായ വിഭാഗങ്ങൾ മാത്രം ജനങ്ങൾക്കും മുകളിലാണോ? ഏതെങ്കിലും കോടതിയ്ക്കോ ജഡ്ജിക്കോ ബന്ധപ്പെട്ട ഓഫീസിനോ ഒരു അപ്രമാദിത്വം കല്പിച്ചു കൊടുക്കുവാൻ സാധിയ്ക്കുമോ? ജഡ്ജിമാരാകുന്നവരും രാജ്യത്തെ പൌരന്മാരല്ലേ? സധാരണ പൌരന്മാരിൽ നിന്നും അധികമായി അവർക്ക് എന്തെങ്കിലുംതരത്തിലുള്ള പ്രാമാണികത്വം നൽകേണ്ടതുണ്ടോ? ഇല്ലെന്നു താന്നെ പറയേണ്ടത്!
Monday, November 2, 2009
ആഗ്രഹിക്കാത്തൊരു ഭ്രൂണം മുളച്ചാൽ............
മുൻ കുറിപ്പ് : ഈ കുറിപ്പിന് ആധാരം ഒരു പത്ര വാർത്തയാണ്. അത് ഇതെഴുതാൻ ഒരു നിമിത്തമാണ്. എന്നാൽ ആര്, എവിടെ , എന്ത്, ഏതു പത്രത്തിൽ എന്നിവ ഇവിടെ പ്രസക്തമാണെന്നു കരുതുന്നില്ല.
പോസ്റ്റിന്റെ ചുരുക്കം: സമൂഹത്തിന്റെ അംഗീകൃത സദാചര സങ്കല്പങ്ങളുമായി നമ്മൾ ഓരോരുത്തരും അവരവരുടെ ജീവിതത്തെ പൊരുത്തപ്പെടുത്താൻ ശ്രമിയ്ക്കണം. അസാന്മർഗ്ഗിക പ്രവർത്തനങ്ങളിലേയ്ക്കു വഴുതി പോകതിരിയ്ക്കാൻ പാകത്തിൽ ജീവിതം സ്വയം നിയന്ത്രിയ്ക്കണം. എന്നാൽ എന്തെങ്കിലും തെറ്റ് സംഭവിച്ചു പോവുകയോ, ആ തെറ്റിന് എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാവുകയോ ചെയ്താലും അതിന്റെ പേരിൽ ജീവിതം സ്വയം ഒടുക്കാനോ ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ടു പരിഹരിയ്ക്കാനോ ശ്രമിയ്ക്കരുത്. തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം സമയം ലഭിയ്ക്കും. ഏതു പ്രതിസന്ധികളും പ്രതികൂലാവസ്ഥകളും ഉണ്ടായാലും ജീവിതം ജീവിച്ചു തന്നെ തീർക്കണം. ഈ ഭൂമിലിലെ ഒരു തുള്ളി ജീവ സൌഭാഗ്യം വിലമതിയ്ക്കാനാകാത്തതാണ്; എത്രയും മൂല്യവത്താണ് അത് !
ഇനി വിശദാംശങ്ങളിലേയ്ക്ക്........
വിവാഹിതയല്ലാത്ത ഒരു പെൺകുട്ടി ഗർഭം ധരിച്ചാലത്തെ അനന്തര ഫലങ്ങൾ എന്തൊക്കെയാകാം?
ഒന്ന് : ആ ഗർഭത്തിനുത്തരവാദിയായ പുരുഷൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ച് പിന്നീടുള്ള കാലം ജീവിയ്ക്കുക.
രണ്ട് : വയറ്റിൽ പൂർണ്ണ വളർച്ച പ്രാപിയ്ക്കുന്നതിനു മുമ്പ് ആ കുഞ്ഞിനെ നശിപ്പിയ്ക്കുക
മൂന്ന് : അപമാന ഭാരത്താൽ ആ കുഞ്ഞിനെയും വയറ്റിലിട്ടു കൊണ്ട് ആത്മഹത്യ ചെയ്യുക
നാല് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ട് അമ്മ അമ്മയുടെ വഴിയ്ക്കു പോവുക.
അഞ്ച് : രഹസ്യമായോ അല്ലാതെയോ പ്രസവിച്ചശേഷം കുട്ടിയെ ആർക്കെങ്കിലും കൊടുക്കുകയോ ഏതെങ്കിലും അനാഥാലയത്തിൽ ഏല്പിയ്ക്കുകയോ ചെയ്ത് അമ്മയും കുഞ്ഞും രണ്ടിടത്ത് രണ്ടുവഴിയ്ക്ക് തുടർന്നും ജീവിയ്ക്കുക.
ആറ് : വ്യക്തിപരമായും സാമൂഹ്യമായും അമ്മയും കുഞ്ഞും അനുഭവിയ്ക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളും അവഗണിച്ച് കുട്ടിയെ പ്രസവിച്ച് അമ്മയും കുഞ്ഞും തുടർന്നും ജീവിയ്ക്കുക.
ഇതിൽ ഒന്നാമത് പറഞ്ഞത് എല്ലായ്പോഴും പ്രയോഗികമായിരിയ്ക്കില്ല. ഒരു പക്ഷെ വിവാഹം കഴിക്കത്തക്ക സാഹചര്യങ്ങളായിരിയ്ക്കില്ല രണ്ടുപേർക്കും. അതല്ലെങ്കിൽ രണ്ടിൽ ഒരാൾ അതിനു സന്നദ്ധമായെന്നിരിയ്ക്കില്ല. മിക്കപ്പോഴും ആണുങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ തടിയൂരുകയാണ് പതിവ്. പലപ്പോഴും സ്ത്രീ വഞ്ചിയ്ക്കപ്പെടുന്നു. മാത്രവുമല്ല ലൈംഗിക ബന്ധത്തിനു മുമ്പ് ഗർഭമുണ്ടായാൽ വിവാഹം കഴിച്ചു കൊള്ളാമെന്ന് വ്യവസ്ഥ വച്ചിട്ടായിരിയ്ക്കില്ല മിക്ക വിവാഹേതര ലൈംഗിക ബന്ധങ്ങളും നടക്കുക. ഇനി ഗർഭിണിയായ സ്ത്രീ ഒന്നിലധികം പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ കുട്ടിയുടെ പിതൃത്വം ആർക്കാണെന്ന് തിരിച്ചറിയാനും കഴിയില്ല. അതിനു പിന്നെ ഡി.എൻ.എ ടെസ്റ്റും മറ്റും നടത്തേണ്ടിയും വരും.
അങ്ങനെ ഒന്നാമതു പറഞ്ഞ മാർഗ്ഗം അസാദ്ധ്യമാകുമ്പോൾ പിന്നെ പ്രായോഗികമായയത് രണ്ടാമതു പറഞ്ഞ ഭ്രൂണഹത്യയാണ്. ഇതാകട്ടെ ഒരു ക്രൂരകൃത്യമാണ്. കൊലപാതകമാണ്. ഒരു മനുഷ്യനെ-അതു സ്വന്തം കുട്ടിയാണെങ്കിലും, ആഗ്രഹിയ്ക്കാത്ത ജനനമാണെങ്കിലും, അതു ഭ്രൂണാവസ്ഥയിലാണെങ്കിലും- കൊല്ലുന്നത് ക്രൂരത തന്നെ. ജനനം ജനിയ്ക്കുന്ന കുട്ടിയുടെ കുറ്റമല്ല. അതിനാൽ ഇവിടെ ചെയ്യാത്ത കുറ്റത്തിന് ഒരു കുട്ടി ശിക്ഷിയ്ക്കപ്പെടുകയാണ്. അതും ക്രൂരമായ വധശിക്ഷ. ഒരു തരത്തിലും ഇതു ന്യായീകരിയ്ക്കാവുന്നതല്ല. ജീവൻ രൂപപ്പെട്ടാൽ ജനിച്ച് പുറത്തു വരികയെന്നുള്ളത് ഒരു കുഞ്ഞിന്റെ സ്വാഭാവികാവകാശമാണ്. അഥവാ അങ്ങനെയാണ് കരുതേണ്ടത്. അതുകൊണ്ട് ഒരമ്മ ഒരിയ്ക്കലും സ്വന്തം ഉദരത്തിൽ വളരുന്ന കുട്ടിയെ നശിപ്പിയ്ക്കരുത്. ബലാത്സംഘം ചെയ്യപ്പെട്ടതാണെങ്കിൽ കൂടിയും.
( ബലാത്സംഘത്തിലൂടെ ജനിയ്ക്കുന്ന കുട്ടി വളർന്ന് അതറിയുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിയ്ക്കുമെന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ആ കുട്ടി ഒരിയ്ക്കലും അറിയാതിരിയ്ക്കാൻ വേണ്ട മുൻ കരുതലുകൾ എടുക്കുകയോ അല്ലെങ്കിൽ അതിൽ ആ കുട്ടിയ്ക്ക് അത്തരമൊരു മാനസിക അപകർഷബോധം ഉണ്ടാകാതിരിയ്ക്കുന്നതിനുള്ള അവബോധം ഉണ്ടാക്കിക്കൊടുക്കുകയോ ചെയ്യണം എന്ന് ഉത്തരം. എന്നാലും ഭ്രൂണഹത്യ ന്യായീകരിയ്ക്കപ്പെടുന്നില്ല.)
ഇനി മൂന്നാമത്തെ മാർഗ്ഗം നോക്കാം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംഭവിയ്ക്കാറുള്ള ഒന്നാണ് ആത്മഹത്യ. ഇന്നത്തെ കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ ആത്മഹത്യയാണണല്ലോ നടക്കുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾ. അപ്പോൾ പിന്നെ ഒരു സ്ത്രീയുടെ ശേഷിയ്ക്കുന്ന ജീവിതത്തിൽ വളരെയേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന അവിഹിത ഗർഭത്തിന്റെ കാര്യം വരുമ്പോൾ മിക്കവാറും പെൺകുട്ടികൾ സ്വീകരിയ്ക്കുന്ന മാർഗ്ഗം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇത് തികഞ്ഞ മണ്ടത്തരമാണ്. ജീവിതത്തിൽ ഉടനീളം സമൂഹത്തിൽ നില നിൽക്കുന്ന സദാചാര സങ്കല്പങ്ങളുമായി ഓരോരുത്തരുടെയും ജീവിതത്തെ പൊരുത്തപ്പെടുത്തി കൊണ്ടു പോകേണ്ടത് ആവശ്യം തന്നെ. കഴിയുന്നതും അസാന്മാർഗ്ഗിക ജീവിതം നയിക്കാൻ പാടില്ലതന്നെ. എന്നാൽ സന്മാർഗ്ഗത്തിന്റേതല്ലാത്ത വഴിയിൽ എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചു പോയാൽ ആത്മത്യ ചെയ്യുകയല്ല ചെയ്യേണ്ടത്.
തെറ്റുകൾ തിരുത്താൻ ജീവിതത്തിൽ ഉടനീളം പിന്നെയും സമയമുണ്ട്. സ്വയം മരണത്തെ വരിയ്ക്കുന്നതും കൊലപാതകം തന്നെയാണ്. ഒരാളുടെ ജീവൻ എടുക്കാൻ- അത് സ്വന്തം ജീവനാണെങ്കിലും- ആർക്കും അതിനവകാശമില്ല. ഒരിയ്ക്കലും രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗം ബാധിച്ച് വേദന കൊണ്ട് അങ്ങേയറ്റം പ്രയാസപ്പെടുമ്പോൾ രോഗി സ്വയം ദയാവധം ആവശ്യപ്പെട്ടാൽ അതുപോലും സാധാരണ ചെയ്തു കൊടുക്കാൻ ആരും തയ്യാറാകില്ലെന്ന് ഇത്തരുണത്തിൽ ഓർക്കണം. പരമാവധി വേദന ഇല്ലാതാക്കി മരണം വരെ പരിരക്ഷിയ്ക്കാനാണ് ശ്രമിയ്ക്കുക. ജീവന്റെ വില അത്ര വലുതാണ്. ഇവിടെ ഗർഭം ധരിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യുമ്പോൾ ഇരട്ട കൊലപാതകമാണ് നടത്തുന്നത്. സ്വന്തം ജീവനെ കൊല്ലുന്നതോടൊപ്പം വയറ്റിലുള്ള കുഞ്ഞിനെയും കൊല്ലുന്ന കൊടിയ പാതകം. അപ്പോൾ മൂന്നാമതു പറഞ്ഞ മാർഗ്ഗവും അംഗീകരിയ്ക്കാനാകില്ല.
ഇനി നാലാമത്തെ മാർഗ്ഗം നോക്കുക. ഇതിൽ ചെയ്യുന്നത് എന്താണെന്നു വച്ചാൽ പ്രസവിച്ച് ചോരക്കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിച്ചു പോവുക എന്നതാണ്. കുട്ടിയെ ആരെങ്കിലും വന്നു എടുത്തു കൊണ്ടു പോയി വളർത്തി കൊള്ളും എന്ന വിശ്വാസത്തിലാണ് ഇതു ചെയ്യുന്നത്. ഇതിൽ കുഞ്ഞിനോട് അല്പം അനുകമ്പയുടെ അംശം ഉണ്ടെങ്കിലും അമ്മയുടെ സ്വാർത്ഥതയാണ് കൂടുതൽ പ്രകടമാകുന്നത്. ഇങ്ങനെ പല അമ്മമാരും ചെയ്ത അനുഭവങ്ങൾ ഉണ്ട്. ഇങ്ങനെ ഉപേക്ഷിയ്ക്കപ്പെട്ട ചില കുഞ്ഞുങ്ങൾ ആരാലെങ്കിലും രക്ഷിയ്ക്കപ്പെട്ട് ആരാലെങ്കിലും വളർത്തപ്പെടാം. ചിലപ്പോൾ ആരും കാണാതെ ഉപേക്ഷിച്ചിടത്ത് നിസഹായാവസ്ഥയിൽ കിടന്ന് കുഞ്ഞ് മരിച്ചു പോയെന്നും വരാം. ഏതെങ്കിലും ഹിംസ്ര ജന്തുകളാൽ കടിച്ച് കീറപ്പെട്ടെന്നും ഭക്ഷിയ്ക്കപ്പെട്ടെന്നും വരാം. ഭ്രൂണാവസ്ഥയിൽ ഒരു കുഞ്ഞ് നശിപ്പിയ്ക്കപ്പെടുന്നതിനെക്കാൾ ക്രൂരമായ മരണമായിരിയ്ക്കും ഒരു പക്ഷെ എവിടെയെങ്കിലും ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയ്ക്ക് ലഭിയ്ക്കുക. അതു കൊണ്ട് ഈ മാർഗ്ഗവും ന്യയീകരിയ്ക്കത്തക്കതല്ല. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് മാതൃത്വത്തിനു നിരക്കുന്ന ഒരു പ്രവൃത്തിയേ അല്ല. ഇതും ക്രൂരമാണ്.
ഇനി അഞ്ചാമത്തെ മാർഗ്ഗം എടുക്കാം. ഇതു നീതീകരിക്കാവുന്ന ഒരു മാർഗ്ഗമാണ്. ഇവിടെ അമ്മ കുഞ്ഞിനെ രഹസ്യമായോ അല്ലാതെയോ പ്രസവിച്ച ശേഷം കുഞ്ഞിനെ ഏതെങ്കിലും സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതം സുരക്ഷിതമാക്കുന്നു. പിന്നീട് അമ്മ കുട്ടിയെ കാണുകയോ ബന്ധം നിലനിർത്തുകയോ ചെയ്തെന്നിരിയ്ക്കാം മറിച്ച് പിന്നീട് കുഞ്ഞിനെ തേടി അമ്മ ഒരിയ്ക്കലും പോകാതിരിയ്ക്കുകയോ അച്ഛനും അമ്മയും ആരെന്ന് അറിയാതെ കുഞ്ഞ് ജീവിയ്ക്കുകയോ ചെയ്യാം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതകാലത്തിൽ ഉടനീളം ചില മാനസിക സംഘർഷങ്ങളും വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കിയെന്നിരിയ്ക്കാം. സ്വാഭാവികമായ ആ ഒരു അനന്തര ഫലത്തെ നമുക്ക് അവഗണിയ്ക്കാവുന്നതേയുള്ളു. കാരണം രണ്ടു പേർക്കും ജീവിതം ഉണ്ടല്ലോ. ഇനിയും ഇതിൽ ചില കുട്ടികൾ ദത്തെടുക്കപ്പെട്ട് നല്ല നിലയിൽ മാതൃ-പിതൃ വാത്സല്യങ്ങൾ അറിഞ്ഞ് സന്തോഷത്തോടെ ജീവിച്ചു എന്നും വരാം. വളർത്തച്ഛനും വളർത്തമ്മയും യഥാർത്ഥ അച്ഛനും അമ്മയും ആണെന്ന ധാരണയിൽ തന്നെ അവസാന കാലം വരെ ജീവിയ്ക്കാൻ കഴിയുന്ന കുട്ടികൾക്കാകട്ടെ മറ്റു മാനസിക പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനുമിടയില്ല.
ഇനി അറിയാറായതിനു ശേഷം എന്നെങ്കിലും തന്റെ ജനനത്തിന്റെ പ്രത്യേകത അറിഞ്ഞാൽ തന്നെ അതിനെ യാത്ഥാർത്ഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും കഴിഞ്ഞെന്നുമിരിയ്ക്കും.അഥവാ കഴിയണം. ജനിച്ചത് എങ്ങനെ ഏതു സാഹചര്യത്തിലാണെങ്കിലും ആ ജനനം ഒരു കുറ്റമല്ലെന്ന് കരുതാനുള്ള വിവേകം ഉണ്ടാകണം. ഇല്ലെങ്കിൽ മറ്റുള്ളവർ അത് ഉണ്ടാക്കി കൊടുക്കണം. ഈ പറഞ്ഞ അഞ്ചാമത്തെ മാർഗ്ഗത്തിൽ രണ്ടിടത്തും രണ്ടു വഴിയ്ക്കുമാണെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ജീവിക്കുവാൻ അവസരം ലഭിയ്ക്കുന്നു എന്നതു കൊണ്ടും, സമൂഹത്തിന്റെ കപട സദാചാര സങ്കല്പങ്ങളാണ് ഈ അമ്മയെ ഇങ്ങനെ കുട്ടിയെ സുരക്ഷിതമായ ഒരു കൈമാറ്റത്തിനു നിർബന്ധിതമാക്കുന്നത് എന്നതുകൊണ്ടും നമുക്കു പൊറുത്തു മാപ്പാക്കാം. അമ്മയ്ക്ക് തുടർന്ന് തെറ്റുകൾ തിരുത്താനും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് പുതിയൊരു ജീവിതം നയിക്കുവാനും ഉള്ള ആർജ്ജവവും ഉണ്ടാകണം.
ഇനിയും ആറാമത് ഒരു മാർഗ്ഗം പറഞ്ഞിരുന്നല്ലോ. അതാണ് ഏറ്റവും ശരിയായ മാർഗ്ഗം. പക്ഷെ അതു സ്വീകരിയ്ക്കാൻ കഴിയണമെങ്കിൽ അസാമാന്യമായ ഇച്ഛാശക്തിയും ധൈര്യവും എന്തും നേരിടാനുള്ള സന്നദ്ധതയും ഉണ്ടാകണം. ജീവിതത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കവാൻ കഴിയണം. സമൂഹത്തിന്റെ കപട സദാചാര ബോധമാണ് ഇങ്ങനെ ഒരു വെല്ലു വിളി ഏറ്റെടുക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്തിരിപ്പിയ്ക്കുന്നത്. ഒരിയ്ക്കൽ പിഴച്ചു പോയ ഒരു സ്ത്രീയ്ക്ക് പിന്നെ ആ അസാന്മാർഗ്ഗികമായ വഴി മാത്രം വച്ചുനീട്ടുന്ന സമൂഹമാണ് നമുക്കു മുന്നിൽ ഉള്ളത്. തെറ്റുപറ്റിയാൽ പിന്നെ തെറ്റിന്റെ വഴിയേ ഉള്ളു എന്ന മിഥ്യാ ധാരണ. വിവാഹത്തിനു മുൻപ് അമ്മയായവൾ എന്നറിഞ്ഞാൽ ആ സ്ത്രീയെ വിവാഹം കഴിയ്ക്കാൻ പുരുഷൻമാർ ആരും തയ്യാറാകില്ല. ഇതിനു കാരണം ഇങ്ങനെ അബദ്ധങ്ങളിൽ ചെന്നു ചാടുന്ന പെൺകുട്ടികൾ നല്ലൊരു പങ്ക് ഇനി ഒരു മാന്യമായ ജീവിതം ഇല്ലെന്നു കരുതി വീണ്ടും അപഥ സഞ്ചാരം തന്നെ തുടരുന്നു എന്നതാണ്.
നമ്മുടെ സമൂഹം വച്ചു പുലർത്തുന്ന കപട സദാചാരത്തിന്റെ മുഖം മൂടികൾ പിച്ചി ചീന്തുവാനൊന്നും ഇവിടെ വിസ്താര ഭയത്താൽ തൽക്കാലം ഉദ്ദേശിയ്ക്കുന്നില്ല. രഹസ്യമായി എല്ലാ അസാന്മാർഗ്ഗിക പ്രവൃത്തികളും നടത്തുകയും പരസ്യമായി വലിയ സദാചാരക്കാരും തറവാട്ടു മഹിമക്കാരായും ചമഞ്ഞു നടക്കുകയും ചെയ്യുന്നവരാണ് നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും. പലരും അവിഹിതത്തിനു പോയിട്ട് സ്ത്രീ ഗർഭിണിയാകാത്തതുകൊണ്ടും എയിഡ്സും മറ്റും പിടിച്ച് മാലോകർ അറിയാത്തതുകൊണ്ടും മാത്രം മാന്യന്മാരായി നടക്കുന്നു. വലിയ പണക്കാർ നടത്തുന്ന അവിഹിത സ്ത്രീ പുരുഷ സമാഗമമൊക്കെ ആധുനിക ജീവിതത്തിന്റെ ഭാഗമെന്നു പറഞ്ഞ് മഹത്വവൽക്കരിയ്ക്കപ്പെടുന്നു. അതു പാവങ്ങൾ നടത്തിയാൽ പക്ഷെ, വ്യഭിചാരം എന്നാണു പേർ വിളിയ്ക്കുന്നത്. എവിടെയുമുണ്ടല്ലോ സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പു നയം. അതുപോലെ അന്യ ജാതിക്കാരുമായിട്ടൊക്കെ രഹസ്യ ബന്ധം ആകാം, വിവാഹം പാടില്ല! താഴ്ന്ന ജാതിക്കാരുമായും ലൈംഗിക ബന്ധം ആകാം, പക്ഷെ തൊട്ടു തിന്നില്ല; മേലാളർ കഴിയ്ക്കുന്ന പാത്രത്തിൽ അവർക്ക് ആഹാരവും നൽകില്ല! ഇതാണല്ലോ ഇവിടുത്തെ സദാചാര ബോധം. അതിലേയ്ക്കൊന്നും ഇപ്പോൾ കടന്നു പോകുന്നില്ല.
ഒരു കാര്യം പ്രത്യേകം ഓർക്കണം. വിവാഹിതരായാലും അല്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഉഭയ കക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ വിലക്കുന്ന നിയമമൊന്നും നിലവിലില്ലെന്നിരിയ്ക്കേയാണ് നമ്മുടെ സമൂഹം ഈ കപട സദാചാര ബോധം വച്ചു പുലർത്തുന്നത്. എന്നാൽ ചോദിയ്ക്കും ഹോട്ടലുകളിൽ റെയിഡൊക്കെ നടത്തി എന്തിനാണ് കമിതാക്കളെ പോലീസു പിടിയ്ക്കുന്നതെന്ന് ! അതു പിന്നെ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധം നിയമം വിലക്കുന്നില്ലെങ്കിലും വ്യഭിചാരം കുറ്റകരമാണ്. അതായത് പ്രതിഫലം കൊടുത്തും വാങ്ങിയും ഉള്ള ലൈംഗിക ബന്ധം കുറ്റമാണ്. ഇതിനു പച്ച മലയാളത്തിൽ വേശ്യാവൃത്തി എന്നു പറയും. നോക്കൂ വേശ്യയെ സമീപിയ്ക്കുന്ന പങ്കാളിയും കസ്റ്റമറുമായ പുരുഷനു വേശ്യനെന്നു പേരൊന്നുമില്ല, ഒരു നിഘണ്ടുവിലും. അവിടെയും സ്ത്രീയുടെ നേർക്ക് മാത്രമാണ് കുറ്റാരോപണം. ഇനി വേശ്യാവൃത്തിയല്ലാത്ത ലൈംഗിക ബന്ധമാണ് പിടിയ്ക്കപ്പെടുന്നതെങ്കിലും അത് വേശ്യാവൃത്തിയാണെന്നു വരുത്തിക്കൊണ്ടാണ് നമ്മുടെ പോലീസുകാർ അവരെ അറസ്റ്റു ചെയ്ത് കേസെടുക്കുന്നതത്രേ! ( ഇത് ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു തന്ന രഹസ്യമാണ്. ആരോടും പറയരുത്.) അതു കൊണ്ട് ഒത്തു കിട്ടുന്നവരെയും കൊണ്ട് എങ്ങും ചെന്നു വലിഞ്ഞു കയറരുത്. അടങ്ങി ഒതുങ്ങി ജീവിയ്ക്കുക.
ഇതൊക്കെ പറഞ്ഞെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിനു നിയന്ത്രണങ്ങൾ വേണം. ഒരിയ്ക്കലും ആഗ്രഹിയ്ക്കാത്ത ഒരു ജനനം അതിന്റെ ഫലമായി ഉണ്ടാകാതിരിയ്ക്കാൻ എല്ലാവരും ശ്രദ്ധിയ്ക്കണം. കാരണം അനാഥരുടെ എണ്ണം വെറുതെ വർദ്ധിപ്പിയ്ക്കരുത്. ഒന്നാമത് നമ്മുടെ സമൂഹത്തിൽ അവിഹിത ഗർഭ ധാരണത്തിലൂടെ ജനിയ്ക്കുന്ന കുട്ടികൾക്ക് അപഹർഷതാ ബോധം ഇല്ലാതെ ജീവിയ്ക്കുവാനുള്ള സാഹചര്യങ്ങൾ കുറവാണ്. കപട സദാചാര സങ്കല്പം തന്നെ വില്ലൻ. ജന്മം നൽകി ആ കുഞ്ഞുങ്ങൾ വളർന്നു വലുതാകുമ്പോൾ അവരുടെ തന്നെ ശാപം ഏറ്റു വാങ്ങുന്നതെന്തിന്? അതുകൊണ്ട് അംഗീകൃത ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ അല്ലാതെയുള്ള ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കുന്നതു തന്നെയാണു നല്ലത്.
പിന്നെ ആർക്കെങ്കിലും വല്ല അബദ്ധവും പറ്റി പോയാൽ പതറാതെ യാഥാർത്ഥ്യ ബോധത്തോടെ അതിനെ നേരിടണമെന്നും അതിന്റെ പേരിൽ ജീവിതം ഹോമിയ്ക്കരുതെന്നും പറയുകയാണ്. തെറ്റ് ആർക്കും എപ്പോഴും സംഭവിയ്ക്കാം. . എങ്കിലും നാം കരുതലോടെ നീങ്ങിയാൽ പൊല്ലാപ്പുകൾ ഇല്ലല്ലോ. അതുകൊണ്ട് വിവാഹേതര ലൈംഗിക ബന്ധം ഒഴിവാക്കാൻ പറ്റാത്തവർ സൂക്ഷിച്ച്............. ഒരു സാമൂഹ്യ അംഗീകാരമില്ലാത്ത ജനനം ഒഴിവാക്കാനുള്ള മുൻ കരുതലുകളോടെ വേണം അതു ചെയ്യാൻ. അല്ലാതെന്തു പറയാൻ! എങ്കിലും അടിവരയിട്ടു പറയട്ടെ; ജീവിതത്തിൽ എപ്പോഴും സമൂഹം അംഗീകരിച്ചിട്ടുള്ള സദാചാര സങ്കല്പങ്ങൾ പാലിച്ച് സ്വയം നിയന്ത്രിതരായി മുന്നോട്ടു നീങ്ങിയാൽ ടെൻഷനുകൾ ഇല്ലാതെ ജീവിയ്ക്കാം. ഓർക്കുക തെറ്റുകൾ ശരിയായ മാനസികാരോഗ്യത്തിനു ഹാനികരമാണ്.
ഈ കുറിപ്പ് എഴുതാനുള്ള കാരണം ഒരു പത്ര വാർത്തയാണ്. ഒരു പെൺകുട്ടി; എവിടുത്തെ, ഏതു പെൺകുട്ടി എന്നതൊന്നും പ്രശ്നമല്ല. അതും ഒരു പൊതു പ്രവർത്തക. ഒരു മാസം ഈ കുട്ടിയെ കാണാതായത്രേ. എന്നാൽ ഒരു മാസം കഴിഞ്ഞ് ആ പെൺകുട്ടി ഒരു ചോര കുഞ്ഞുമായി ഒരു അനാഥാലയത്തിൽ പ്രത്യക്ഷപ്പെട്ടു. ആ പത്രവാർത്ത ധ്വനിപ്പിയ്ക്കുന്നത് ആ പെൺകുട്ടി നയിച്ചിരുന്ന അസാന്മാർഗിക ജീവിതത്തെയാണ്. അതെന്തോ ആകട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ എന്തുമാകട്ടെ. നമ്മുടെ ചില മാധ്യമങ്ങളുടെ മാതിരി അതൊന്നും ചികഞ്ഞു പോകാൻ ഞാൻ ആളല്ല. അസാന്മാർഗിക പ്രവൃത്തികൾ ആശാസ്യമല്ലതന്നെ. അതു പ്രോത്സാഹന ജനകവുമല്ല.
എന്നാൽ ആ വാർത്ത വായിച്ചപ്പോൾ ഞാൻ വേറൊരു കാര്യമാണ് ചിന്തിച്ചത്. അതായത്, നമുക്കറിയാമല്ലോ തൊട്ടതിനും പിടിച്ചതിനും എല്ലാം ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. മിക്കതിന്റെയും കാരണം മാനഹാനിയും മറ്റുമാണു താനും. വളരെ നിസ്സാരമായ കാര്യങ്ങളെ ചൊല്ലി പോലും ആത്മഹത്യകൾ ഉണ്ടാകുന്നു. ഇനി ഒത്തിരി വലിയ പ്രശ്നങ്ങൾ തന്നെ ആയാലും എന്തിന് ആത്മഹത്യ ചെയ്യുന്നു? ആ ഒരു ടെന്റൻസിയുള്ളവർ ഇതു മനസ്സിലാക്കണം. ആ വാർത്തയ്ക്കാധാരമായ സംഭവത്തിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞിരിയ്ക്കുകയാണ്.
വിവാഹം കഴിയ്ക്കാതെ ഗർഭം ധരിച്ചുപോയ ആ വാർത്തയിലെ പെൺകുട്ടി, വയറ്റിലുള്ള കുഞ്ഞിനെ നശിപ്പിച്ചില്ല. കുഞ്ഞിനെ പ്രസവിച്ചു. ആ പെൺകുട്ടി അപമാനം ഭയന്ന് ആത്മഹത്യ ചെയ്തില്ല. സംഭവിച്ചതു സംഭവിച്ചു. പിന്നെ വേവലാതിപ്പെട്ടിട്ട് എന്തു കാര്യം? തികച്ചും യാഥാർത്ഥ്യ ബോധത്തോടെ ആ പെൺകുട്ടി അതിനെ നേരിട്ടിരിയ്ക്കുന്നു എന്നു വേണം കരുതാൻ. അങ്ങനെ വേണം പെൺകുട്ടികൾ. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ടല്ല പരിഹരിയ്ക്കേണ്ടത്. സംഭവത്തിലെ ഈ ഒരു പോസിറ്റീവ് (ക്രിയാത്മക) അംശം കാണാതെ അവരുടെ അസാന്മാർഗ്ഗിക ജീവിതത്തിലേയ്ക്കു മാത്രം ഫോക്കസ് ചെയ്യുന്നത് സംഭവത്തോടുള്ള നെഗറ്റീവ് അപ്രോച്ചിലുള്ള (നിഷേധാത്മകമായ ) ഒരു പ്രതികരണമായിരിയ്ക്കും. ആ പെൺകുട്ടിയ്ക്ക് ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയൊക്കെ തിരുത്തി ഇനിയും നല്ലൊരു ജീവിതം നയിക്കാൻ സാധിയ്ക്കും. ആ അമ്മയ്ക്കും കുഞ്ഞിനും നല്ലൊരു ജീവിത വഴി തെളിഞ്ഞു കിട്ടട്ടെ എന്നും ആശംസിച്ചു കൊണ്ട് ഈ കുറിപ്പ് തൽക്കാലം നിർത്തുന്നു.
പിൻ കുറിപ്പ് : ഈ കുറിപ്പിനാധാരമായ സംഭവം ഒരു പ്രമുഖ പത്രത്തിൽ വന്നതായതുകൊണ്ടും ഈ പോസ്റ്റെഴുതാൻ ഒരു നിമിത്തമായതുകൊണ്ടുമാണ് ഇവിടെ പരാമർശിച്ചത്.
Wednesday, October 21, 2009
ഹർത്താലുകൾ
മുൻകുറിപ്പ്: ഹർത്താലിനെ കുറിച്ചുള്ള ചില ശിഥിലമായ ചിന്തകൾക്ക് പരിമിതമായ അക്ഷര രൂപങ്ങൾ നൽകുകയാണിവിടെ. ചർച്ചകൾക്ക് ഒരു മുൻ കുറിപ്പ് എന്ന നിലയിൽ!
ഈ പോസ്റ്റിന്റെ ചുരുക്കം: ഹർത്താൽ നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. അവ നിരോധിയ്ക്കുന്നത് ജനാധിത്യാവകാശങ്ങളിൽ ഒന്നിന്റെ നിഷേധമാണ്. അത് അപ്രായോഗികവുമാണ്. എന്നാൽ ഹർത്താലുകളിൽ നിന്ന് വാഹന ഗതാകഗതത്തെ പൂർണ്ണമായും ഒഴിവാക്കണം. അവശ്യ സർവീസുകൾ സംബന്ധിച്ച് പുതിയ ലിസ്റ്റുണ്ടാകണം. അവയും ഹർത്താലിൽ നിന്ന് ഒഴിവാക്കണം.
അരുതോ, ഹർത്താലുകൾ ?
തുടർന്നു വായിക്കുക......
ഹർത്താലിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയിട്ടു കുറച്ചു നാളായി. ഇപ്പോൾ കോൺഗ്രസ്സ് പാർട്ടി ഹർത്താൽ നടത്തില്ലെന്നു തീരുമാനിയ്ക്കാൻ പോകുന്നതായ പ്രഖ്യാപനം നടത്തിയതോടെയാണ് അത് വീണ്ടും സജീവ ചർച്ചാവിഷയമാകുന്നത്. ഹർത്താൽ എന്നത് നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. സമരം ചെയ്യുക എന്നത് ജനാധിപത്യത്തിലെ ഒരു സ്വാഭാവികാവകാശമാണ്. അതുകൊണ്ടു തന്നെ സമാധാനപരമായും, നിരായുധമായും നടത്താവുന്ന ഏതെങ്കിലും സമര രൂപം നിരോധിയ്ക്കുന്നത് ജനാധിപത്യാവകാശങ്ങളിൽ ഒന്നു നിഷേധിയ്ക്കുക എന്നതു തന്നെ. അതുകൊണ്ട് ഹർത്താലും ഒരു സമര രൂപമാകയാൽ അത് പൂർണ്ണമായും നിരോധിയ്ക്കുക എന്നത് പൌരാവകാശ നിഷേധം തന്നെ. അത് പ്രായോഗികവും അല്ല. ബന്ദ് നിരോധിച്ചപ്പോഴാണ് ഹർത്താൽ ബന്ദിന്റെ കൂടി അർത്ഥം കൈക്കൊണ്ടത്. ഇപ്പോൾ ഹർത്താൽ എന്നാൽ ബന്ദുതന്നെ എന്ന സ്ഥിതിയിലുമായി. ഇനി ഹർത്താൽ നിരോധിച്ചാൽ ഹർത്താൽ എന്ന വാക്ക് അവഗണിയ്ക്കപ്പെട്ട് നിഘണ്ടുവിലിരുന്ന് തുരുമ്പിയ്ക്കും എന്നല്ലാതെ, ഹർത്താൽ എന്ന വാക്ക് ഉൾക്കൊള്ളുന്ന സമര രൂപം അവസാനിയ്ക്കാൻ പോകുന്നില്ല. കാരണം ഓരേ അർത്ഥത്തിൽ പകരം പകരം ഉപയോഗിയ്ക്കാവുന്ന നിരവധി വാക്കുകൾ ഇനിയും മലയാളം ഉൾപ്പെടെ എല്ലാ ഭാഷാ നിഘണ്ടുകളിലും ഉണ്ട്. പണിമുടക്ക്, വിട്ടുനിൽക്കൽ, പ്രതിരോധം തുടങ്ങിയ സാധാരണ പദങ്ങൾ തന്നെ ധാരാളം. അതുമല്ലെങ്കിൽ പുതിയ ഒരു വാക്കു കണ്ടു പിടിച്ച് ഭാഷയ്ക്ക് മുതൽക്കൂട്ടുക തന്നെ.അതുകൊണ്ട് നിരോധനം കൊണ്ട് ഹർത്താലിനെ തുരത്താമെന്ന് ആരും കരുതേണ്ട. സമാധാനപരമായി സംഘടിയ്ക്കാനും പ്രതിഷേധിയ്ക്കാനും,സമരം ചെയ്യാനും, അഭിപ്രായം പറയാനും, വിമർശിയ്ക്കാനും ഒക്കെയുള്ള അവകാശം ഉൾക്കൊള്ളുന്നതാണു ജനാധിപത്യം. അല്ലാതെ സമയാസമയം വോട്ടു ചെയ്ത് ഒരു ഭരണകൂടത്തെ തെരഞ്ഞെടുത്തശേഷം കണ്ണും കാതും വായും പൂട്ടി കൈയ്യുംകെട്ടി ഇരുന്നുകൊള്ളണം എന്നതല്ല, ജനാധിപത്യം!
ഹർത്താലുകൾ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണു വാദമെങ്കിൽ, ആരാണീ ജനം? ഹർത്താൽ നടത്തുന്നവരും ജനമല്ലേ? ജനത്തെ ബുദ്ധിമുട്ടുയ്ക്കാതെ അർക്കും ഒരു സമരവും നടത്താൻ കഴിയില്ല. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരു സമരം സമരങ്ങളുടെ ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല. ഗാന്ധിജിയുടെ സഹനസമരമായാൽ പോലും ആർക്കെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടാക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരരവും ആരെയും ബുദ്ധിമുട്ടിയ്ക്കാതെ നടത്തിയതല്ല. നമ്മുടെ സ്വാതന്ത്ര്യ സമരം കൊണ്ട് ബ്രിട്ടീഷുകാർ മാത്രമല്ല ബുദ്ധിമുട്ടിയത്. ഇന്ത്യക്കാരും ബുദ്ധിമുട്ടിയിട്ടുണ്ട്. സമരങ്ങളിലൊന്നും പങ്കെടുക്കാൻ ഇഷ്ടപ്പെടാത്തവരുടെ സൌകര്യത്തിന് ഒരു സമരവും നടത്താൻ കഴിയില്ല. സമരങ്ങളോട് താല്പര്യമില്ലാത്തവർ മാത്രമാണ് ജനമെന്ന സങ്കല്പം പാടില്ല. എല്ലാ കാലത്തും സമൂഹത്തിന്റെ മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്നവർ ഒരു ചെറിയ വിഭാഗം മാത്രമാണ് ഉണ്ടാവുക. അതാണു ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നതും.നല്ലൊരു പങ്ക് ആളുകളും നാട്ടിലോ രാജ്യത്തിലോ ലോകത്തിലോ എന്തു തന്നെ നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ടിൽ സ്വന്തം കാര്യം നോക്കി കഴിയുന്നവരാണ്. അത് ബ്രിട്ടീഷുകാർ ഇവിടെ ഭരിയ്ക്കുന്ന കാലത്തും അങ്ങനെ തന്നെ ആയിരുന്നു. അക്കൂട്ടർക്ക് ഇവിടെ ആരു ഭരിച്ചാലും കണക്കു തന്നെ. വിദേശികൾ ഭരിച്ചാലും, രാജാവു ഭരിച്ചാലും, പട്ടാളം ഭരിച്ചാലും ഇനിയതല്ല ജനാധിപത്യഭരണം ആയാലും തങ്ങൾക്കു തങ്ങളുടെ കാര്യം എന്ന മട്ടിൽ ചിന്തിക്കുന്നവർ! അങ്ങനത്തോരെ സംബന്ധിച്ച് ഹർത്താൽ മാത്രമല്ല എല്ലാ സമരരൂപങ്ങളും എന്തിനു രാഷ്ട്രീയ പ്രവർത്തനം തന്നെ അവർക്ക് അരോചകമായി തോന്നും. അത്തരം സാമൂഹ്യ ബോധമില്ലാത്തവരും അരാഷ്ട്രീയ വാദികളും മാത്രമാണു ജനങ്ങളെന്നു ധരിയ്ക്കരുത്. അവരുടെ ചൊറിച്ചിൽ മാറ്റാൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ സംവിധാനങ്ങളും കൂട്ടു നിൽക്കരുത്.
കാരണം ഇപ്പോൾ അവർ ഹർത്താൽ വേണ്ടെന്നു പറയും. പിന്നെ പ്രകടനങ്ങൾ,. ജാഥകൾ, ധർണ്ണകൾ, പിക്കറ്റിംഗ്, പൊതുയോഗങ്ങൾ ഇവയൊന്നും വേണ്ടെന്നു പറയും. പിന്നെ അഭിപ്രായ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് ഇതൊന്നും വേണ്ടെന്നു പറയും. അങ്ങനെ ഒടുവിൽ ജനാധിപത്യം തന്നെ ഇല്ലാതാകുമ്പോഴേ ഈ അസ്വസ്ഥരുടെ ചൊറിച്ചിൽ മാറുകയുള്ളു. ഇതൊരു പ്രത്യേകതരം ചൊറിച്ചിലാണ്. അതില്ലതാക്കാൻ ഹർത്താലല്ല സാക്ഷാൽ ബന്ദു തന്നെ വേണം! അരാഷ്ട്രീയതയുടെ മൂടുപടമണിഞ്ഞവരാണ് ഇതിൽ ചിലർ. പൊതുവെ, ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കാൻ കൂടുതൽ താല്പര്യമെടുക്കുന്ന പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുതതന്നെയാണ് ഇതിൽ ചിലർക്ക്. ഒരു ജാഥ കാണുമ്പോഴും പ്രകടനം കാണുമ്പോഴും ഈ ചൊറിച്ചിലുകാർ മുറുമുറുക്കാറുണ്ട്. അവർക്കു റോഡു മുറിച്ച് കടക്കാൻ കഴിയുന്നില്ല, വാഹനം നിറുത്തിയിടുകയോ, വഴിമാറ്റി വിടുകയോ ചെയ്യേണ്ടിവരുന്നു തുടങ്ങിയ പരാതികളാണവർക്ക്. പിന്നെ ചിലർക്ക് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റു സർക്കാർ ഓഫീസുകൾക്കു മുന്നിലും ധർണ്ണകളും പ്രകടങ്ങളും മറ്റും നടത്തുന്നതിലാണ് നീരസം. സർക്കാരിനെതിരെ സമരം നടത്തുന്നത് ഭരണസിരാകേന്ദ്രത്തിനു മുന്നിലല്ലാതെ പിന്നെ ഈ പറയുന്നോന്മാരുടെയൊക്കെ അച്ഛന്മാരുടെ വീട്ടുമുറ്റത്താണോ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ഗവർണ്മെന്റിന്റെ ശ്രദ്ധതിരിയ്ക്കാനുള്ള ഒരു സമരം നഗരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പറഞ്ഞ് മാമം കാളച്ചന്തയിൽ പോയിരുന്ന് നടത്തിയാൽ മതിയോ? നഗരത്തിരക്കിൽനിന്നു മാറി സമരം ചെയ്യാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്നു വാദിയ്ക്കുന്നവരും ഉണ്ട്. അവരുടെ വിചാരം ഈ സമരം എന്നു പറയുന്നത് എന്തോ കലാപരിപാടിയാണ് എന്നാണ്. രാജ്യത്ത് എന്തു നടന്നാലും തങ്ങളുടെ ജീവിതം സ്വസ്ഥമായിരുന്നാൽ മതിയെന്നു വിശ്വസിയ്ക്കുന്ന ഈ സ്വാർത്ഥ ജീവികൾ ആഗ്രഹിയ്ക്കുന്നതിനനുസരിച്ച് പരുവപ്പെടുത്തേണ്ട ഒന്നല്ല ഒരു ജനാധിപത്യ രാജ്യം. സജീവവും, ക്രിയാത്മമകവുമായി പ്രവർത്തിയ്ക്കുന്ന ഒരു ജനമാണ് ജനാധിപത്യത്തിന്റെ കാതൽ. ഒരു ജനാധിപത്യ രാജ്യം എപ്പോഴും സംഭവ ബഹുലമായിരിയ്ക്കും. ഭരണപക്ഷവും പ്രതിപക്ഷവും വിമർശനങ്ങളും സമരവും പൊതുയോഗങ്ങളും ജാഥകളും ഒക്കെയായി അതു മുന്നോട്ടു പോകും. അതൊന്നും പിടിയ്ക്കാത്തവർ വല്ല പട്ടാള രാജ്യത്തിലോ രാജഭരണമുള്ള നാടുകളിലോ പോയി സ്ഥിരവാസം ചെയ്യണം. അല്ലപിന്നെ! ഹർത്താലിനെതിരെ ശബ്ദിച്ച് ജനങ്ങളുടെ പ്രീതി ചുളുവിനു സമ്പാദിയ്ക്കാമെന്നു വച്ച് ചില രാഷ്ട്രീയ നേതാക്കൾ തന്നെ മുന്നോട്ടു വന്നിട്ടുള്ളത് ദുഷ്ടലാക്കോടെയാണ് എന്ന് കരുതേണ്ടിയിരിയ്ക്കുന്നു!
ഇനി ഹർത്താലുകൾ സമാധാനത്തിനു ഭംഗം വരുത്തുന്നു എന്നാണ് വാദമെങ്കിലിൽ, ഹർത്താൽ മാത്രമല്ല അക്രമാസക്തമാകുന്ന സമരമുറ. മറ്റു സാധാരണ സമരങ്ങളാണ് പലപ്പോഴും ഹർത്താലിനെക്കാൾ അക്രമാസക്തമാകാറുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ അക്രമം ഭയന്ന് സമരാവകാശം കവർന്നെടുക്കുകയല്ല വേണ്ടത്. അക്രമം നടന്നാൽ അതു സമരത്തിലായാലും കേസെടുക്കാൻ ഇവിടെ നിയമം ഉണ്ട്. അതുകൊണ്ട് അക്രമം എന്നത് ഒരു സമര രൂപത്തിന്റെ കുഴപ്പമല്ല; ഹർത്താൽ ഉൾപ്പെടെ. അതു നടത്തുന്നവരുടെ സമീപനമാണ് പ്രശ്നം. ഒരു സമരം അക്രമാസക്തമായും നടത്താം; അല്ലാതെയും നടത്താം. അരാഷ്ട്രീയ വാദം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലഭാഗത്തുനിന്നും എല്ലാ കാലത്തും ഉണ്ടാകാറുള്ളതാണ്. അതിന്റെയൊക്കെ ഭാഗമാണിതും. തൊഴിലാളികൾ സംഘടിയ്ക്കുന്നതും ന്യായമായ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നതും ഇഷ്ടപ്പെടാത്തവർ ഉണ്ട്. സംഘടിത തൊഴിലാളികളാണ് ഇവിടെ സകല പ്രശ്നങ്ങൾക്കും കാരണമെന്നും ബോധപൂർവ്വം പ്രചരിപ്പിയ്ക്കുന്നവർ ഉണ്ട്`. പാവപ്പെട്ട ജനവിഭാഗങ്ങളെ എന്നും മോശക്കാരായി ചിത്രീകരിയ്ക്കുന്ന ഒരു സ്വഭാവത്തിന്റെ ഭാഗമാണ് ഇത്. പണമുള്ളവർ മാത്രമാണ് സംസ്കാരമുള്ളവർ എന്ന ധാരണ ബോധ പൂർവ്വം ഉണ്ടാക്കുവാനാണ് ഇക്കൂട്ടർ സാധാരണജനങ്ങളെ മോശക്കാരായി ചിത്രീകരിയ്ക്കുന്നത്. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ തൊഴിലാളികൾ നല്ലൊരുപങ്കും ഏറെക്കുറെ കാര്യങ്ങളൊക്കെ അറിയാവുന്നവരാണ്. അവർ ആർക്കു മുന്നിലും പണ്ടേക്കാലം പോലെ ഓച്ഛാനിച്ചു നിൽക്കില്ലെന്നേയുള്ളു. അതൊരു തെറ്റല്ല താനും!
ഇനി ഹർത്താലിനെ ക്കുറിച്ച് മറ്റു ചില എതിർപ്പുകൾ ഉള്ളത് എന്തെന്നാൽ, ഹർത്താലിനു പിന്നിൽ ഒരു ബലപ്രയോഗമുണ്ട് എന്നതാണ്. എന്നു വച്ചാൽ ഹർത്താൽ ദിവസം കട തുറക്കുകയോ വാഹനം നിരത്തിലിറക്കുകയോ മറ്റോ ചെയ്താൽ അക്രമം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇപ്പോൾ അതു പണ്ടത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ഇപ്പോഴും അല്പം അക്രമോത്സുകത പ്രകടിപ്പിയ്ക്കാൻ ഹർത്താൽ ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾക്ക് ലഭിയ്ക്കുന്ന അവസരം ചിലയിടങ്ങളിലെങ്കിലും പാഴാക്കാറില്ല. രോഗിയെയും കൊണ്ടു പോകുന്ന വാഹനം പോലും തടഞ്ഞിട്ട് ആക്രമിച്ച അനുഭവങ്ങൾ ഉണ്ട്.എല്ലാ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത് ഉണ്ടായിട്ടുണ്ട്. അക്രമം ഉണ്ടാകാനുള്ള സാദ്ധ്യത ഭയന്ന് ഹർത്താലിനു ആസ്പദമായി ഉന്നയിക്കുന്ന വിഷയത്തോടോ, അത് ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തോടോ ആശയപരമായി യോജിപ്പില്ലാത്തവർ കൂടി ഹർത്താലിൽ പങ്കാളികൾ ആകേണ്ടി വരുന്നുണ്ട്. ആരും സ്വമേധയാ ഹർത്താലിൽ പങ്കാളികൾ ആവുകയല്ല. ഭയന്നിട്ടു തന്നെ! സാധാരണ ഒരു പണിമുടക്കാണെങ്കിലിൽ അത് ആഹ്വാനം ചെയ്യുന്ന സംഘടനയിൽ പെട്ടവർക്കു മാത്രം അതിൽ പങ്കെടുത്താൽ മതി. അതിൽ തന്നെ ഒരു സംഘടനയ്ക്ക് വലിയ മേധാവിത്വം ഉള്ളപ്പോൾ മറ്റു സംഘടനകൾ ആ പണിമുടക്കിൽ പങ്കെടുക്കാതിരുന്നിട്ടും കാര്യമില്ല. പലപ്പോഴും പണിമുടക്കിൽ ചേരാതെ നിൽക്കുന്നവർക്ക് പല ഭീഷണികളും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. പണി ചെയ്യാനെത്തുന്നവർ എതിർ യൂണിയനിൽ പെട്ടവർ ആണെങ്കിലും അവരെ തടയുകയും ചിലപ്പോൾ മർദ്ദിയ്ക്കുകയും മറ്റും ചെയ്യാറുണ്ട്. പക്ഷെ അത് എല്ലായിടത്തും എപ്പോഴും ഇല്ല. എന്നാൽ ഹർത്താലിന്റെ കാര്യത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്ന സംഘടനയിൽ വിശ്വസിയ്ക്കാത്തവരും എതിർ സംഘടനയിൽ പെട്ടവരും കൂടി ഹർത്താലിൽ പങ്കെടുക്കേണ്ടി വരുന്നു. പേടിച്ച് കടകൾ തുറക്കാത്തവർ, വാഹനം നിരത്തിൽ ഇറക്കാത്തവർ, ഓഫീസുകളിൽ പോകാത്തവർ; ഇങ്ങനെ ജനങ്ങളെ മൊത്തത്തിൽ ഭയപ്പെടുത്തിയുള്ള സമരമുറ ശരിയല്ല. എല്ലാവർക്കും ബാധകവും സ്വീകാര്യവുമായ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർത്താലുകൾക്ക് എല്ലാവരും സഹകരിച്ചെന്നിരിയ്ക്കും. പക്ഷെ എല്ലാ ഹർത്താലിനും ആസ്പദമായി ഉന്നയിക്കുന്ന വിഷയങ്ങളോട് എല്ലാവരും യോജിയ്ക്കണമെന്നില്ല. യോജിയ്ക്കാൻ കഴിയാത്തവർക്ക് ഹർത്താൽ ദിവസം അവരവരുടെ ജോലികൾ ചെയ്യാൻ കഴിയണം. അതായത് ഹർത്താലിൽ പങ്കു കൊള്ളണമെന്ന സ്നേഹപൂർവ്വമുള്ള ആഹ്വാനം ചെവിക്കൊള്ളാത്തവരെ അവരുടെ വഴിയ്ക്കു വിടുക. (അവരെ നോക്കി വയ്ക്കാമല്ലോ! അവർ സ്വന്തം ആളുകൾ അല്ല്ല്ലെന്നു മനസ്സിലാക്കുകയും ചെയ്യാം.)
പല കാര്യങ്ങൾക്കും ഹർത്താൽ ആചരിയ്ക്കാറുണ്ട്. രാഷ്ട്രീയപാർട്ടികൾ മാത്രമല്ല ഇവിടെ ഹർത്താൽ നടത്താറുള്ളത്. ഏതെങ്കിലും പ്രശസ്തരോ സർവ്വ സമ്മതരോ ആയ വ്യക്തികൾ മരിയ്ക്കുമ്പോൾ ദു:ഖ സൂചകമായി ഹർത്താൽ ആചരിയ്ക്കാറുണ്ട്. അതിൽ ബലപ്രയോഗം വേണ്ടി വരാറില്ല. ചിലപ്പോൾ ആരുടെയും ആഹ്വാനം തന്നെ വേണ്ടി വരാറില്ല. പ്രതിഷേധത്തിനു മാത്രമല്ല, ദു:ഖം പ്രകടിപ്പിയ്ക്കാനും സന്തോഷം പ്രകടിപ്പിയ്ക്കാനും ഹർത്താലുകൾ ആചരിക്കാറുണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ഹർത്താൽ നിരോധനം ന്യായീകരിയ്ക്കത്തക്കതല്ല. നാടിനെ മൊത്തം ബാധിയ്ക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ ജാതി-മത ഭേദമില്ലാത്ത ഹർത്താലുകളും പലപ്പോഴും നടക്കാറുണ്ടല്ലോ. മാത്രവുമല്ല ചില വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ എത്ര നിരോധിച്ചാലും ജനം ഹർത്താൽ മാത്രമല്ല അതിനെക്കാൾ വലിയ സമരമുറകൾ തന്നെ എടുത്തു പ്രയോഗിച്ചെന്നുമിരിയ്ക്കും. പല മതവിഭാഗങ്ങാളും നടത്തുന്ന ചില ഉത്സവാഘോഷങ്ങൾ പലതും ഹർത്താലുകളെക്കാൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതിനോടൊന്നും ആർക്കും അസ്വസ്ഥതയില്ല. പിന്നെ ഹർത്താലിനോടു മാത്രം എന്തേ ഈ ഒരു എതിർപ്പ്? രാഷ്ട്രീയത്തോടുള്ള കുറ്റകരമായ ഒരു തരം അലർജിയാണിത്. കാരണം കൂടുതലും ഹർത്താലുകൾ നടത്തുന്നത് രാഷ്ട്രീയക്കാരാണല്ലോ! ഇനി മറ്റൊന്ന് ഈ ഹർത്താൽ എന്നത് ഏതെങ്കിലും ഒരു ആവശ്യം നേടിയെടുക്കാനുള്ള ഒരു സമരായുധമാണെന്ന അവകാശവാദത്തിൽ കഴമ്പൊന്നുമില്ല എന്നുള്ളതാണ്. ഹർത്താൽ കണ്ട് വിരണ്ട് ഒരു ഭരണ കൂടവും ഇന്നു വരെ ഒരാവശ്യം അംഗീകരിച്ചു കൊടുത്തതായി കൂടുതൽ അനുഭവങ്ങൾ ഒന്നും ഇല്ല. ഏതെങ്കിലും ഒരു ആവശ്യം ഉന്നയിച്ച് അത് അംഗീകരിയ്ക്കാതെ വരുമ്പോൾ ഒരു ഹർത്താൽ നടത്തി ആ സമരം അവസാനിപ്പിയ്ക്കുകയാണ് മിക്കപ്പോഴും കണ്ടു വരാറുള്ളത്. മാലപ്പടക്കത്തിനു സമാപ്തി കുറിച്ച് അവസാന വെടി കൂടുതൽ ഉച്ചത്തിൽ അമിട്ടായി പൊട്ടുന്നതുപോലെ.എന്നു വച്ച് ഏതെങ്കിലും ഒരു പ്രശ്നം ഉന്നയിച്ച് ആദ്യമേ തന്നെ ഹർത്താൽ നടത്തുന്നതും ശരിയല്ല. അതും അപ്രതീക്ഷിതമായി. ഒരു അവസാന കൈ ആയിട്ടേ ശക്തമായ ഒരു സമരമുറ എന്ന നിലയിൽ കഴിവതും ഹർത്താലിനെ ഉപയോഗിയ്ക്കാവൂ എന്നൊക്കെ വേണമെങ്കിൽ ഒരു ധാരണയിൽ എത്താം. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹർത്താൽ നടത്തുന്ന രീതി ശരിയല്ല. നടത്തേണ്ട സന്ദർഭം ഉണ്ടായാൽ ഹർത്താലല്ല, അതിനെക്കാളും വലിയ സമരമുറകളും ചിലപ്പോൾ നടത്തേണ്ടി വരും. അപ്പോൾ സാമൂഹ്യബോധമില്ലാത്തവരും അരാഷ്ട്രീയവാദികളും സ്വാർത്ഥരുമായ ചില മൂരാച്ചികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി സമരം ചെയ്യാതിരിയ്ക്കാനൊന്നും പറ്റില്ല. പിന്നെ എന്താണെന്നു വച്ചാൽ അവശ്യ സർവീസുകളിൽ കുറച്ചു വിഭാഗങ്ങളെക്കൂടി ഉൾപെടുത്തി ഹർത്താലിന്റെ കാഠിന്യം അല്പം കുറയ്ക്കുന്നതു നല്ലതാണ്.
ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളെ ഹർത്താലുകളിൽ നിന്നു പാടേ ഒഴിവാക്കണം. റോഡു ബ്ലോക്കിംഗും വഴിയിലെ അക്രമങ്ങളും ഒഴിവാക്കണം. ഒരു ദിവസം കടമമ്പോളങ്ങളും വ്യവസായങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു എന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഒരു ദിവസം പട്ടിണി ആയി പോയാലും കുഴപ്പമൊന്നുമില്ല. നമ്മുടെ രാജ്യത്ത് ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുന്ന പാവങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷെ വാഹനങ്ങളുടെ കാര്യം അങ്ങനെയല്ല. എപ്പോഴാണ് ആളുകൾക്ക് അസുഖം വരുന്നതെന്നും അപകടങ്ങൾ ഉണ്ടാകുന്നതെന്നും അറിയത്തില്ല. വാഹനം തടയപ്പെട്ടാൽ യഥാവിഥി ചികിത്സ കിട്ടാതെ ആളുകൾ മരിച്ചു പോകാം. അങ്ങനെയുള്ള അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. അതുപോലെ പെട്ടെന്ന് ദൂരെയുള്ള വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ അവിടെയൊന്നു പോയി അവസാനമായി മരിച്ച ആളിനെ ഒന്നു കണ്ടു വരുവാൻ സാധിയ്ക്കണ്ടേ? അതിനു വാഹനം ഓടണ്ടെ? അതു പോലെ തന്നെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമൊക്കെ പണിയെടുക്കാൻ ദിവസവും സമയവും നിശ്ചയിച്ച് ടിക്കറ്റും എടുക്കുന്നവർക്ക് യഥാസമയം വിമാന താവളത്തിലും മറ്റും എത്താൻ കഴിയേണ്ടേ? അല്ലെങ്കിൽ ചിലപ്പോൾ അവരുടെ ജോലി തന്നെ നഷ്ടപ്പെട്ടെന്നിരിയ്ക്കും. അതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന ലാഘവത്തിൽ നമുക്കു തള്ളിക്കളയാൻ ആകില്ല. മുൻ കൂട്ടി നിശ്ചയിക്കുന്ന വിവാഹം തുടങ്ങി മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങളെയും ബാധിയ്ക്കുന്നതാണു ഗതാഗത തടസ്സം. അതു പോലെ പെട്ടെന്നുണ്ടാകുന്ന മിന്നൽ ഹർത്താലുകൾ മൂലം ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവർ പാതി വഴിയിൽ ആയിപ്പോകും. ചിലപ്പോൾ ഒരാൾ ഒരു കാര്യ സാദ്ധ്യത്തിനു കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്തുമ്പോഴായിരിയ്ക്കും ഹർത്താൽ ഉണ്ടാവുക. വന്ന കാര്യം ഒട്ടു നടക്കുകയുമില്ല; തിരിച്ചു പോകാനും കഴിയില്ല. അങ്ങനെ പല ബുദ്ധിമുട്ടുകളും ഗതാഗത സ്തംഭനം മൂലം ഉണ്ടാകാം. അങ്ങനെ ഏതു വിധത്തിൽ നോക്കിയാലും ആശുപത്രി ഉൾപ്പെടെ മറ്റ് അവശ്യ സർവീസുകൾ പോലെ ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളെ പാടേ ഹർത്താലിൽനിന്നും നിന്നും ഒഴിവാക്കി നിർത്തേണ്ടതാണ്.
ഏതായാലും ഹർത്താൽ വിജയിക്കണമെങ്കിൽ ജനങ്ങൾക്ക് അല്പം ഭയമൊക്കെ ഉണ്ടാകണം എന്നിരിയ്ക്കിലും ഹർത്താൽ ദിവസം അതിന് ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾ തെരുവിലിറങ്ങി ആളുകളെയും, നിരത്തിലിറങ്ങുന്ന വാഹനങ്ങളെയും നേരിട്ടും പതിയിരുന്നും ആക്രമിയ്ക്കുന്ന പരമ്പരാഗത രീതി അവസാനിപ്പിയ്ക്കണം. ഹർത്താൽ ദിവസം അത്യാവശ്യക്കാർ മാത്രമേ ജീവൻ പണയം വച്ച് വാഹനത്തിൽ സഞ്ചരിയ്ക്കൂ എന്ന കാര്യമെങ്കിലും പരിഗണിച്ച് അവരെ ഉപദ്രവിക്കാതിരിയ്ക്കണം.അക്രമമൊന്നും ഇല്ലാതെ തന്നെ പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ വിജയിപ്പിയ്ക്കാനും ജനാധിപത്യം സാക്രികമാക്കി മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന നിലയിൽ കുറച്ചൊക്കെ പക്വത ആർജ്ജിച്ചു വരുന്നുണ്ട് നമ്മുടെ ജനാധിപത്യം. അല്ലെങ്കിൽ അങ്ങനെ ഒരു സംസ്കാരം കൊണ്ടുവരാൻ രാഷ്ട്രീയപാർട്ടികളും ജനങ്ങൾ ആകെത്തന്നെയും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും പരിശ്രമിയ്ക്കണം. ഇവിടെ കേരളമാകെ ഹർത്താൽ ആഹ്വാനം ചെയ്ത് വിജയിപ്പിയ്ക്കുവാൻ കഴിയുന്ന രാഷ്ട്രീയപാർട്ടികൾ മൂന്നെണ്ണമാണ്. സി.പി.എം, കോൺഗ്രസ്സ്, ബി,ജെ.പി. മുസ്ലിം ലീഗ് ഉൾപ്പെടെ മറ്റു രാഷ്ട്രീയ കക്ഷികൾക്കൊക്കെ ചില പ്രത്യേക മേഖലകളിൽ ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയും. ബി.ജെ.പി അനുയായികൾ എണ്ണത്തിൽ കുറവാണെങ്കിലും കായികമായി കേരളത്തിൽ അങ്ങോളമിങ്ങോളം കുറച്ചു കരുത്തുള്ളവരാണ്. അതുകൊണ്ട് അവർക്കും ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയുന്നു. പിന്നെ സി.പി.എമ്മും, കോൺഗ്രസ്സും കേരളത്തിൽ എവിടെയും കായികശക്തി ഉള്ളവരാണ്. പച്ചയ്ക്കു പറഞ്ഞാൽ അക്രമ പ്രവർത്തനങ്ങൾ നടത്താനുള്ള കരുത്തുള്ളവർ എന്നർത്ഥം. അതുകൊണ്ടു തന്നെ അവർ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾ കേരളമാകെ സമ്പൂർണ്ണ വിജയം ആയിരിയ്ക്കും. അതായത് ഇവിടെ ഹർത്താലിനെ സംബന്ധിച്ച് എന്തെങ്കിലും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിൽ സി.പി.എം, കോൺഗ്രസ്സ്, ബി.ജെ.പി, എന്നീ കക്ഷികൾക്കു തന്നെയാണ് നിർണ്ണായകമായ പങ്ക് വഹിയ്ക്കാൻ കഴിയുക. എല്ലാ രാഷ്ട്ട്രീയ കക്ഷികളും കൂടിയിരുന്ന് ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തണമെന്നൊക്കെ പറയുന്നത് എത്രകണ്ട് പ്രായോഗികമാകുമെന്നറിയില്ല.പക്ഷെ ഓരോ പാർട്ടികൾക്കും ഇക്കാര്യത്തിൽ; ഒറ്റയ്ക്കൊറ്റയ്ക്ക് പ്രായോഗികമായ ചില തീരുമാനങ്ങളൊക്കെ എടുക്കാൻ സാധിയ്ക്കും. ആ തീരുമാനങ്ങൾ ഏതാണ്ടൊക്കെ ഒത്തു വരികയും ചെയ്തെന്നിരിയ്ക്കും. അങ്ങനെ ഒരു സമവായത്തിനു നമുക്ക് കാതോർക്കാം.അല്ലാതെ റ്റി. വി ചാനലിൽ കയറിയിരുന്ന് വായിലുവരുന്നതു കോതയ്ക്കു പാട്ടെന്ന മട്ടിൽ ചർച്ച ചെയ്തതുകൊണ്ട് മാത്രം ഒരു കാര്യവുമില്ല. പക്ഷെ ചാനലുകൾ അടക്കം മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ ഗുണകരമായ പങ്ക് വഹിയ്ക്കാൻ കഴിയും എന്നത് നിഷേധിയ്ക്കുന്നുമില്ല.
പിൻകുറിപ്പ്: ഇന്നിപ്പോൾ ഹർത്താൽ ഒരു ആഘോഷമായി മാറിയിട്ടുണ്ട്. മുൻ കൂട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലാണെങ്കിൽ പ്രത്യേകിച്ചും. പലരുടെയും വീട്ടിൽ അന്ന് ഓണം ആയിരിയ്ക്കും. ചിലർ കാലേക്കൂട്ടീ കോഴിയിറച്ചിയും കുപ്പിയുമെല്ലാം വാങ്ങി തയ്യറാക്കി വയ്ക്കുന്നു. ഹർത്താൽ അടിച്ചു പൊളിയ്ക്കുന്നു. മൊബൈലിലൂടെ വേണ്ടപ്പെട്ടവർക്കെല്ലാം ഹർത്താൽ ആശംസകൾ നേരുന്നു!
Saturday, October 17, 2009
ബി.പ്രേമാനന്ദിന് ആദരാഞ്ജലികളോടെ

ബി.പ്രേമാനന്ദിന് ആദരാഞ്ജലികളോടെ
ആദ്യം അധിക വായന ഇഷ്ടപ്പെടാത്തവർക്കും സമയമില്ലാത്തവർക്കും വേണ്ടി ഈ എഴുത്തിന്റെ രത്നച്ചുരുക്കം:
പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.
കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ ഈ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു.
പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്
വിശദമായ വായന ആഗ്രഹിയ്ക്കുന്നവർ ഇനി തുടർന്നു വായിക്കുക.
മുൻ കുറിപ്പ്: പ്രേമാനന്ദിനെ അടുത്ത് കാണാനും ഇടപഴകാനും കഴിഞ്ഞ സന്ദർഭങ്ങളിലെ അനുഭവങ്ങളും കേട്ടും വായിച്ചും അറിഞ്ഞവയുമായ കാര്യങ്ങൾ ഓർമ്മകളിൽ നിന്ന് അടർത്തിയെടുത്ത് കുറിയ്ക്കുന്നതാണ് ഈ പോസ്റ്റ്!
ബി. പ്രേമാനന്ദ് : വ്യക്തിയും പ്രസ്ഥാനവും
പ്രമുഖ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ ബി.പ്രേമാനന്ദ് (83) ഒക്ടോബർ 4 ഞായറാഴ്ച പകൽ 2.15-ന് കോയമ്പത്തൂരിൽ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൃതുദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു കൊടുത്തു.
കൊയിലാണ്ടിയ്ക്കടുത്ത നന്തിയിൽ പ്രഭുവിന്റെ അഞ്ചു മക്കളിൽ ഒരുവനായി 1925-ലായിരുന്നു പ്രേമാനന്ദിന്റെ ജനനം. മലയാളിയായിരുന്നെങ്കിലും തമിഴ്നാട്ടിലായിരുന്നു സ്ഥിരതാമസം. അവിടെ പോത്തന്നൂരിലായിരുന്നു ഏറെക്കാലം. അതേസമയം ദീർഘകാലം കേരള യുക്തിവാദി സംഘം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. യുക്തിവാദി സംഘത്തിനും ശാസ്ത്ര- പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും ഒരു മുതൽക്കൂട്ടായിരുന്നു പരേതന്റെ സേവനങ്ങൾ. ഒരു കേവല യുക്തിവാദി എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ സഫലമായ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു തന്നെ ഒരു പ്രസ്ഥാനമായിരുന്നു.
എ.ടി.കോവൂരിനു ശേഷം അദ്ദേഹം തുടങ്ങിവച്ച പോരാട്ടങ്ങളുടെ തുടർച്ചക്കാരനായി അറിയപ്പെട്ടിരുന്ന പ്രേമാനന്ദ് ഒരു മാന്ത്രികൻ കൂടിയായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അനവരതം പോരാടിയ, ഇന്ദ്രജാലം ഉൾപ്പെടെ സമരായുധമാക്കിയ പ്രതിഭാധനനായ പ്രേമാനന്ദിന്റെ ജീവിതം തന്നെ അമ്പരപ്പിയ്ക്കുന്ന ഒരു വിസ്മയമായിരുന്നു. ഐൻസ്റ്റീന്റെ കണ്ണുകളുമായി വാർദ്ധക്യത്തിലും ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ താൻ ഏറ്റെടുത്ത കർമ്മങ്ങളുമായി ഉലകം ചുറ്റിയ ഈ മഹാരഥൻ സമാനതകളില്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. നിരവധി അമൂല്യ ഗ്രന്ധങ്ങളുടെയും ലഘുലേഖകളുടെയും കർത്താവുമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നാല്പതില്പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അദ്ദേഹം പുസ്തകങ്ങൾ വിറ്റാണ് തന്റെ പോരാട്ടങ്ങൾക്കും ഉപജീവനത്തിനും പണം കണ്ടെത്തിയിരുന്നത്
കേരളീയനും ഭാരതീയനും എന്നതിലുപരി ഒരു ആഗോളപൌരനായിരുന്നു അദ്ദേഹം. പല വിദേശരാജ്യങ്ങളിലും അവിടങ്ങളിലെ പ്രശസ്ത സർവ്വകലാശാലകളിൽ പ്രത്യേക ക്ഷണിതാവായി പോയി അദ്ദേഹം ശാസ്ത്രസംബന്ധിയായ ക്ലാസ്സുകൾ നടത്തിയിരുന്നു. റിച്ചാർഡ്സ് ഡോക്കിൻസ് ഉൾപ്പെടെയുള്ള ലോകത്തിലെ നിരവധി ശാസ്ത്രജ്ഞന്മാരുമായി അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രേമാനന്ദും സംഘവും നാടു നീളെ നടത്തിയ ദിവ്യാദ്ഭുത അനാവരണപരിപാടികൾ ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ബി.ബി.സി ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശാസ്ത്രപ്രചാരകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് കേന്ദ്ര ഗവർണ്മെന്റ് ഒരു ലക്ഷം രൂപയുടെ അവാർഡു നൽകി ആദരിച്ചിട്ടുണ്ട്.
യു.പി സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ ദേശീയപ്രക്ഷോഭത്തിൽ പങ്കു ചേർന്നു. വളരെ ചെറുപ്പത്തിലേ തന്നെ എന്തിനെയും ചോദ്യം ചെയ്തിരുന്ന അദ്ദേഹം നല്ല ഒരു അന്വേഷണ കുതുകിയുമായിരുന്നു.. നിരവധി ആശ്രമങ്ങളിൽ കടന്നു കൂടി താമസിച്ച് ദിവ്യന്മാരുടെ തട്ടിപ്പുകളെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തി അവ അദ്ദേഹം ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടി. സാക്ഷാൽ സത്യ സായി ബാബയായിരുന്നു മുഖ്യ മായും അദ്ദേഹത്തിന്റെ കടുത്ത വിമർശനത്തിനു പാത്രീഭവിച്ചത്. സായി ബാബ ഉൾപ്പെടെ പല മനുഷ്യ ദൈവങ്ങളും അവകാശപ്പെട്ടിരുന്ന പല സിദ്ധികളുടെയും പിന്നിലെ ശാസ്ത്രീയ രഹസ്യങ്ങൾ കണ്ടെത്തുകയും അവയൊക്കെ ജനങ്ങൾക്കു മുന്നിൽ പ്രേമാനന്ദ് തുറന്നു കാട്ടുകയും ചെയ്തു.
എല്ലാത്തരം തട്ടിപ്പുകളെയും അദ്ദേഹം അതിശക്തമായി വിമർശിച്ചു. മാധ്യമങ്ങളുടേ പുറകേ നടക്കാത്തതിനാൽ അദ്ദേഹത്തിനു അർഹമായ പ്രശസ്തിയോ ഔദ്യോഗികമായ അംഗീകാരങ്ങളോ വളരെയൊന്നും ലഭിച്ചില്ലെന്നു മാത്രം.ഒരുപക്ഷെ യുക്തിവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതുകൊണ്ടു കൂടിയാകാം അത്തരം ആശയങ്ങളോടു മുഖം തിരിയ്ക്കുന്ന നമ്മുടെ പൊതു സമൂഹത്തിൽ അദ്ദേഹം അവഗണിയ്ക്കപ്പെട്ടത്. സത്യത്തിൽ കേവലം യുക്തിവാദി സമൂഹത്തെ മാത്രമല്ല, പൊതു സമൂഹത്തെ ആകമാനമാണ് അദ്ദേഹം സേവിച്ചതും സ്വാധീനിച്ചതും.
നിഷേധത്തിന്റെ നിഷേധം ഉൾക്കൊള്ളുന്ന യുക്തിവാദത്തിന്റെ പക്ഷം ചേർന്നു നിന്ന നിർഭയനായ ഈ നിഷേധി അനീതിയ്ക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ജീവിതാന്ത്യം വരെ വിരാമമിട്ടിരുന്നില്ല.ശക്തനായ ഒരു പോരാളി മാത്രമായിരുന്നില്ല സ്നേഹത്തിന്റെ തൂവൽ സ്പർശം കൂടിയായിരുന്നു ഈ മാനവികതാ വാദിയുടെ ജീവിതം. ജീവിതമാകട്ടെ അദ്ദേഹത്തിനു എല്ലാ അർത്ഥത്തിലും പോരാട്ടവുമായിരുന്നു. അദ്ദേഹത്തിന്റെ ആയുർദൈർഘ്യം ശാസ്ത്ര- യുക്തിവാദ -പുരോഗമന പ്രസ്ഥാനങ്ങൾക്ക് വളരെയധികം ഗുണപ്പെട്ടു. കാരണം പ്രേമാനന്ദിനു പകരം വയ്ക്കാൻ അതു പോലെ മറ്റൊരാളില്ലായിരുന്നു. എൺപത്തിമൂന്നാം വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെങ്കിലും അത് ഒരു തീരാ നഷ്ടമാണ്. പകരം വയ്ക്കാനില്ലാത്ത, സമാനതകളില്ലാത്ത ഒരു അപൂർവ്വ വ്യക്തിപ്രഭാവത്തിന്റെ കാലം ചെയ്യൽ. മനുഷ്യ ദൈവങ്ങളുടെ ഒരു പ്രധാന വെല്ലുവിളിയാണ് അസ്തമിച്ചിരിയ്ക്കുന്നത്.
ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും മതാന്ധന്മാരുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ പോരാട്ടങ്ങൾക്കു ശമനമുണ്ടായില്ല.രാജ്യത്തിന്റെ നനാഭാഗങ്ങളിൽ നിന്നും ഏറ്റ നിരവധി മർദ്ദനങ്ങളേല്പിച്ച രോഗപീഡകൾ ഉണ്ടായിരുന്നെങ്കിലും വാർദ്ധക്യത്തിലും ആരോഗ്യവാനായും സന്തോഷവാനായും കാണപ്പെട്ട പ്രേമാനന്ദ് ഒരു അദ്ഭുതം തന്നെയായിരുന്നു.ഇരുമ്പു ദണ്ഡുകൊണ്ട് ഉത്തരേന്ത്യയിൽ ഒരിടത്തുനിന്നു കാൽമുട്ടിനു കിട്ടിയ അടിയുടെ വേദന ആയുഷ്കാലം അദ്ദേഹം കൊണ്ടുനടന്നിരുന്നു. സമ്മേളനങ്ങൾക്കൊക്കെ വരുമ്പോൾ അവിടെ താമസം ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്ത് അർദ്ധരാത്രി കഴിഞ്ഞും അദ്ദേഹം മറ്റുള്ളവരുമായി സൊറ പറഞ്ഞിരിയ്ക്കുമായിരുന്നു. പക്ഷെ രാവിലെ നമ്മൾ ചെറുപ്പക്കാരൊക്കെ കണ്ണും തിരുമ്മി എഴുന്നേറ്റു വരുമ്പോഴേയ്ക്കും നേരത്തെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളൊക്കെ കഴിഞ്ഞ് കുളിച്ച് ഫ്രഷായി നല്ല വേഷം ധരിച്ച് പത്രപാരായണം നടത്തുന്ന പ്രേമാനന്ദിനെയായിരുന്നു കാഴ്ച കണ്ടിരുന്നത്.
ഒരു നല്ല മജീഷ്യനായിരുന്ന പ്രേമാനന്ദ് മാജിക്കിനെ ഒരു ജീവിതോപാധിയായല്ല,
അന്ധവിശ്വാസങ്ങൾക്കെതിരായുള്ള ഒരു സമരായുധമായിട്ടാണ് കൊണ്ടുനടന്നിരുന്നത്. ദിവ്യത്വം അവകാശപ്പെടുന്നവരുടെ തട്ടിപ്പുകൾക്കു പിന്നിലെ ശാസ്ത്രീയ വശങ്ങൾ അനാവരണം ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം അത്തരം ദിവത്വം അവകാശപ്പെടുന്ന നാനാജാതിമതസ്ഥരായ മനുഷ്യ ദൈവങ്ങളുടെ കണ്ണിലെ കരടായിരുന്നു. ദിവ്യന്മാർക്കെതിരെ കോവൂർ നടത്തിയ വെല്ലുവിളികളെ, തുടർന്ന് ഏറ്റെടുത്തതിൽ പ്രധാനിയായിരുന്നു പ്രേമാനന്ദ്. ഏതെങ്കിലും മനുഷ്യർക്കു ദിവ്യശക്തിയുണ്ടെന്നു തെളിയിച്ചാൽ അവർക്കു അന്തർദ്ദേശീയ യുക്തിവാദി സംഘം ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിനു ഡോളറുകളുടെ നോമിനി കൂടിയായിരുന്നു പ്രേമാനന്ദ്. പക്ഷെ ആ തുക ഇപ്പോഴും അതുപോലെ കിടക്കുന്നു. കോവൂരിന്റെയോ പ്രേമാനന്ദിന്റെയോ ലോക യുക്തിവാദി സമൂഹത്തിന്റെയോ വെല്ലുവിളികൾ സ്വീകരിയ്ക്കുവാൻ ഒരു ദിവ്യനും നാളിതുവരെ തയ്യാറായിട്ടില്ല.
പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടികൾ നടക്കുന്നിടത്തൊക്കെ വൻ ജനക്കൂട്ടം ഉണ്ടാകുമായിരുന്നു. മിക്കപ്പോഴും പരിപാടിയുടെ സംഘാടകർ യുക്തിവാദി സംഘം പ്രവർത്തകർ ആയതിനാൽ തുടക്കത്തിൽ ആരും പരിപാടി അത്ര ഗൌനിക്കുന്ന പതിവില്ല. പക്ഷെ പ്രേമാനന്ദ് പരിപാടി തുടങ്ങിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ വേദിയ്ക്കുമുന്നിൽ കാഴ്ചക്കാർ നിറയുകയാണു പതിവ്. മിക്ക സ്ഥലങ്ങളിലും പരിപാടിതുടങ്ങുന്നതിനു മുൻപേ എത്തി ചേരുന്ന പ്രേമാനന്ദ് ആളിന്റെ രൂപം കൊണ്ടും തമാശകളും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും പരിപാടി നടക്കുന്ന സ്ഥലത്തെ ആളുകളുമായി നല്ല ചങ്ങാത്തത്തിൽ ആയിക്കഴിഞ്ഞിരിയ്ക്കും.. പരിപാടി തുടങ്ങിയാൽ സരസമായി ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സവിശേഷമായ സംഭാഷണങ്ങളുമായി തന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടിയിൽ ആളുകളുടെ സജീവ ശ്രദ്ധയെ തളച്ചിടുമായിരുന്നു.
ദിവ്യ ശക്തികൊണ്ട് കാണിയ്ക്കുന്നത് എന്ന് മനുഷ്യ ദൈവങ്ങൾ അവകാശപ്പെടുന്ന മാന്ത്രിക വിദ്യകളുടെ ശാസ്ത്രീയ വശം അനാവരണം ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന പ്രവർത്തനമായിരുന്നു. ഒരു മനുഷ്യനും ദൈവമാകാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതുകൊണ്ടുതന്നെ ദിവ്യന്മാരുടെ പേടിസ്വപ്നമായിരുന്നു പ്രേമാനന്ദ്. ദൈവത്തിന്റെ അടുത്ത ആളുകൾ എന്നു പറഞ്ഞ് ദിവ്യന്മാരായി ചമഞ്ഞു നടന്ന് തട്ടിക്കുന്നവരെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. സർവ്വശക്തനായ ഏക ദൈവത്തിൽ വേണമെങ്കിൽ വിശ്വസിയ്ക്കുക. അങ്ങനെയൊരു ദൈവം ഉണ്ടെന്നു താൻ വിശ്വസിയ്ക്കുന്നില്ലെങ്കിലും വേണമെന്നുള്ളവർ വിശ്വസിയ്ക്കുക. പക്ഷെ ആ ദൈവത്തിനു ഏജന്റന്മാരില്ല.ദൈവത്തിന് അതിന്റെ ആവശ്യവുമില്ല. പ്രേമാനന്ദ് പറഞ്ഞു.
യ്ഥാർത്ഥ ദൈവത്തിന് ആരും കാണിയ്ക്ക നൽകേണ്ടതില്ല.കാരണം ദൈവത്തിനു പണത്തിന്റെ ആവശ്യമില്ല. ദൈവം സർവ്വശക്തനാണെങ്കിൽ ഏതുതരം പണവും സ്വയം നിർമ്മിയ്ക്കുവാൻ ദൈവത്തിനു കഴിയില്ലേ? പിന്നെന്തിനാണ് ദൈവത്തിനു കാണിയ്ക്ക? അദ്ദേഹം ചോദിച്ചിരുന്നു. മാത്രവുമല്ല ഒരു കള്ളൻ മോഷ്ടിച്ചതു പിടിയ്ക്കപ്പെടരുതേ എന്നു പ്രാർത്ഥിയ്ക്കുന്നു. നഷ്ടപ്പെട്ടവൻ കള്ളനെ പിടിയ്ക്കാനും മോഷണം പോയതു തിരിച്ചു കിട്ടാനും പ്രാർത്ഥിയ്ക്കുന്നു. മോഷ്ടിച്ചവനും മോഷ്ടിയ്ക്കപ്പെട്ടവനും ദൈവത്തിന്റെ സൃഷ്ടികൾ! അപ്പോൾ ദൈവം ആരുടെ പ്രാർത്ഥന കേൾക്കും? കള്ളന്റെയോ, മോഷ്ടിക്കപ്പെട്ടവന്റെയോ? പലപ്പോഴും കള്ളന്റെ പ്രാർത്ഥനയാണു ഫലിയ്ക്കുന്നതെന്ന് അദ്ദേഹം തമാശയായി കൂട്ടി ചേർക്കും.
എന്നാൽ വിശ്വാസങ്ങളുടെ പേരിൽ അക്രമങ്ങൾ ഉണ്ടാകരുത്. സമൂഹത്തിൽ അശാന്തി വിതയ്ക്കരുത്. ചില മനുഷ്യ ദൈവങ്ങളുടെ പേരിൽ നടത്തുന്ന ആതുരാലയങ്ങളും മറ്റു ജീവ കാരുണ്യപ്രവർത്തനങ്ങളും ആളെക്കൂട്ടാനുള്ള ചൂണ്ടയാണെങ്കിലും അവ നല്ലതുതന്നെയെന്ന് അദ്ദേഹം പറയുമായിരുന്നു. നല്ലതു ആരു ചെയ്താലും, അത് വിശ്വാസിയായാലും അവിശ്വാസിയായാലും, മതത്തിന്റെ പേരിലായാലും മറ്റു തരത്തിലായാലും അംഗീകരിയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.എന്നാൽ സൽകർമ്മങ്ങൾ ചെയ്യുന്നു എന്നു കരുതി തട്ടിപ്പുകൾ അംഗീകരിയ്ക്കാനാകില്ല. അന്ധവിശ്വാസങ്ങൾ ആളുകളിൽ അടിച്ചേല്പിയ്ക്കുന്നതും ന്യായീകരിയ്ക്കാനാകില്ല.
അദ്ദേഹത്തിന്റെ രൂപം ഒരു സന്യാസിയുടെ മാതിരി നീണ്ടു വളർന്ന നരച്ച ധാടിയും നീണ്ട ജുബ്ബയും അയഞ്ഞ പാന്റ്സും തോളിൽ ഒരു തോർത്തുമാണ്. അതിനാൽ സന്യാസി എന്നു തെറ്റിദ്ധരിച്ച് ചിലർ സ്വാമി എന്ന് വിളിക്കുമ്പോൾ അദ്ദേഹം കോപാകുലനാകും. തന്നെ തെറിവിളിച്ചാലും സ്വാമി എന്നു വിളിയ്ക്കരുത്, സ്വാമിമാർ ഭൂരിപക്ഷവും കള്ളസ്വാമിമാരാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും എന്നു വേർതിരിവില്ലാത്ത ചൂഷകനും ചൂഷിതരും ഇല്ലാത്ത മതവും ജാതിയുമില്ലാത്ത കള്ള ദിവ്യന്മാരും തട്ടിപ്പുകളുമില്ലാത്ത സമത്വ സുന്ദരമായ ഒരു ലോകം സൃഷ്ടിയ്ക്കുവാൻ പരിശ്രമിയ്ക്കണമെന്ന അഹ്വാനവുമായാണ് അദ്ദേഹം തന്റെ ഓരോ പ്രസംഗവും ദിവ്യാദ്ഭുത അനാവരണ പരിപാടികളും അവസാനിപ്പിയ്ക്കാറുള്ളത്.
അഗ്നിയിൽ നടത്തം, അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കൽ, തിളച്ച എണ്ണയിൽ കൈയ്യിടൽ, തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കൽ, നാക്കിലും കവിളിലും സൂചി കുത്തിയിറക്കൽ, വായിൽ കർപ്പൂരം കത്തിച്ചിടൽ, കണ്ണുകെട്ടി സ്കൂട്ടറോടിയ്ക്കൽ, മുതുകിൽ കൊളുത്തിട്ട് കാറോടിയ്ക്കൽ തുടങ്ങിയ വിവിധ ദിവ്യാദ്ഭുതങ്ങൾ ഒരു ദിവ്യ ശക്തിയും കൂടാതെ അവതരിപ്പിയ്ക്കാൻ നിരവധി ശിഷ്യന്മാരെ പരിശീലിപ്പിച്ച അദ്ദേഹം ദിവ്യന്മാർക്ക് വെല്ലുവിളിയായതിൽ അദ്ഭുതമൊന്നുമില്ല. ദിവ്യാദ്ഭുതം എന്നവകാശപ്പെടുന്ന ഏതൊരു പ്രവൃത്തിയ്ക്കു പിന്നിലും ഒരു ശാസ്ത്രീയ വശം ഉണ്ടാകും. ജാതിയിലോ മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാതിരുന്ന പ്രേമാനന്ദിനു പക്ഷെ ഒരു മത- ദൈവ വിശ്വാസിയോടും അസഹിഷ്ണുത ഉണ്ടായിരുന്നില്ല. വിശ്വാസിയും അവിശ്വാസിയും എല്ലാം മാനവികതാ വാദിയായിരുന്ന അദ്ദേഹത്തിനു തുല്യരായിരുന്നു. എല്ലാവരോടും അദ്ദേഹത്തിനു നിറഞ്ഞ സ്നേഹം മാത്രമായിരുന്നു. എല്ലാ മതങ്ങളിലെയും നല്ല അംശങ്ങളെ സ്വീകരിയ്ക്കാൻ വൈമനസ്യം കാണിയ്ക്കേണ്ടതില്ലെന്നും ഹിതകരമല്ലാത്തതിനെ മാത്രം നിരാകരിയ്ക്കുവാനും അദ്ദേഹം പറഞ്ഞു.
പ്രേമാനന്ദിനോടൊപ്പം ചെലവഴിയ്ക്കുന്ന നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു. പ്രായ ഭേദമന്യേ ഊഷ്മളമായ സൌദൃദം സ്ഥാപിയ്ക്കുവാൻ അദ്ദേഹത്തിനു നിമിഷങ്ങൾ മതിയായിരുന്നു. കുട്ടികളോടും യുവാക്കളോടും മുതിർന്നവരോടും തികഞ്ഞ ആദരവോടെയായിരുന്നു പെരുരുമാറ്റം. സദാ പുഞ്ചിരിയ്ക്കുന്ന മുഖം ആദ്യം കാണുന്നവരിൽ പോലും വർഷങ്ങളുടെ പരിചയമുള്ളതു പോലെ തോന്നിപ്പിച്ചിരുന്നു.തമാശ പറയാൻ വിരുതനായിരുന്ന അദ്ദേഹം എവിടെ എത്തിയാലും ചുറ്റിലും ഒരു ആൾകൂട്ടം ഉണ്ടാകുമായിരുന്നു. യുക്തിവാദിയായ അദ്ദേഹത്തെ സ്വാമി എന്നു വിളിച്ചാൽ മാത്രമേ അദ്ദേഹം ക്ഷോഭിച്ചിരുന്നുള്ളു. കൂടെ കൂടുന്നവർ ചെറുപ്പക്കാരാണെങ്കിൽ അല്പം അശ്ലീലച്ചുവയുള്ള നിർദ്ദോഷമായ ഫലിതങ്ങളും കൂടിയാകുമ്പോൾ പിന്നെ ചെറുപ്പക്കാർക്കു ഹരമാകുമായിരുന്നു.
എന്തായാലും മരണം ഒഴിവാക്കാൻ കഴിയാത്തതും യാഥാർത്ഥ്യവും ആണ്. അതുകൊണ്ട് ഇനി പ്രേമാനന്ദ് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിയ്ക്കുന്ന ശൂന്യത പരിഹരിയ്ക്കാനാകില്ല. സമാനതകളില്ല്ലാത്ത ആ വ്യക്തിത്വത്തോടു നമുക്കു ചെയ്യാൻ കഴിയുന്നത് അദ്ദേഹം നടത്തിവന്ന സത്യാന്വേഷണവും ശാസ്ത്ര പ്രചാരണവും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എല്ലാവിധ ചൂഷണങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങളും തുടർന്നുകൊണ്ട് വിവിധ സമര പഥങ്ങളിലൂടെ അദ്ദേഹം അഗ്രഹിച്ചതു പോലെ സമത്വ സുന്ദരമായ ഒരു നല്ല നാളേയ്ക്കു വേണ്ടി പരിശ്രമിയ്ക്കുക എന്നതാണ്. അതിനായി അദ്ദേഹം തെളിയിച്ച ദീപശിഖ നാം ഏറ്റുവാങ്ങുക! തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ ആ അതുല്യനായ വിപ്ലവകാരിയുടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി ഈ അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!
യുക്തിവാദി സംഘത്തിന്റെ ജില്ലാ-സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന പൊതു യോഗങ്ങളെ പ്രേമാനന്ദിന്റെ ദിവ്യാദ്ഭുത അനാവരണ പരിപാടിയും ഇടയ്ക്കിടെയുള്ള പ്രസംഗങ്ങളും കൊണ്ടു പലപ്പോഴും കൊഴുപ്പിച്ചിരുന്നു. അദ്ദേഹം പരിപാടികൾ അവതരിപ്പിയ്ക്കുന്ന സ്ഥലങ്ങളിൽനിന്നൊക്കെ വിശ്വാസികളിൽ നിന്നടക്കം സ്നേഹോജ്വലമായ സ്വീകരണങ്ങളാണു ലഭിച്ചിരുന്നത്. മനുഷ്യ ദൈവങ്ങളുടെ തട്ടിപ്പുകൾക്കെതിരെ കടുത്ത ദൈവവിശ്വാസികൾ പോലും സംസാരിയ്ക്കുവാൻ പ്രേമാനന്ദ് കാരണമായിട്ടുണ്ട്. താൻ കണ്ടെത്തിയ ദിവ്യ തട്ടിപ്പുകൾ എങ്ങനെയാണ് അവർ നടത്തുന്നതെന്ന് കേരളം ഉൾപ്പെടെ രാജ്യത്തുടനീളവും വിദേശ രാജ്യങ്ങളിലും നിരവധിപേരെ അദ്ദേഹം പഠിപ്പിച്ച് പരിശീലിപ്പിച്ച് തന്റെ ശിഷ്യരാക്കിയിട്ടുണ്ട്. ഇന്നു പ്രേമാനന്ദിന്റെ ധാരാളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിൽ നിന്നു സ്വായത്തമാക്കിയ മേജിക്കുകൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള പ്രചരണത്തിനായി വേദികളിൽ അവതരിപ്പിച്ചു പോരുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും പല സമയത്തായി നിരവധി യുക്തിവാദികളെ ദിവ്യാദ്ഭുതങ്ങൾ പഠിപ്പിച്ച് പ്രേമാനന്ദ് തന്റെ ശിഷ്യരും പിൻ ഗാമികളുമാക്കിയിട്ടുണ്ട്
ദിവ്യാദ്ഭുതങ്ങളിൽ അന്തരീക്ഷത്തിൽ നിന്നും ഭസ്മം പിടിച്ച് ആൾക്കൂട്ടത്തിനു മുഴുവൻ നല്കുമ്പോൾ അദ്ദേഹം പറയുമായിരുന്നു, വിഭൂതി എന്ന ഈ ഭസ്മവും സായിബാബ നൽകുന്ന ഭസ്മവും ഒന്നാണെന്ന്; അതിന്റെ രഹസ്യം ഉടൻ വെളിപ്പെടുത്തുമെന്നും പറഞ്ഞ് കാണികളെ ജിജ്ഞാസയിലാക്കും. എന്നിട്ട് അല്പം കഴിയുമ്പോൾ ആളുകൾ അതു വെളിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ചിരിച്ചുകൊണ്ടു പറയും ഇതിൽ മറ്റൊന്നുമില്ല, സായിബാബയും ഞാനും ഒരേ കടയിൽനിന്നാണ് ഇതു വാങ്ങുന്നതെന്ന്. ഇതു കഞ്ഞിവേള്ളത്തിൽ ഉരുട്ടി കുഴച്ച് ചെറു ഗോളങ്ങളാക്കി കൈ വെള്ളയുടെ പുറകിൽ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഒളിച്ചു വച്ചിട്ട് തന്ത്ര പൂർവ്വം പുറത്തെടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ഇതു തന്നയാണ് ദിവ്യൻ മാരുടെയും പരിപാടിയെന്നും അദ്ദേഹം പറയുന്നു. മറിച്ച് ആർക്കെങ്കിലും ദിവ്യ ശക്തി ഉണ്ടെന്നു തെളിയിച്ചാൽ ലക്ഷക്കണക്കിനു ഡോളറുകളായിരുന്നു വാഗ്ദാനം.
ഏതോ ഒരു മുസ്ലിം ദിവ്യനെ ആണെന്നു തോന്നുന്നു തൊട്ടാൽ മണക്കുമത്രേ! അതുകൊണ്ട് അദ്ദേഹം ദൈവമായി. അങ്ങനെയെങ്കിൽ അന്തരീക്ഷത്തിൽ നിന്നു ഭസ്മം പിടിയ്ക്കുന്ന, തൊട്ടാൽ മണക്കുന്ന തന്നെയും ദൈവമെന്നു വിളിയ്ക്കണം എന്നാവശ്യപ്പെട്ടിട്ട് അദ്ദേഹം എല്ലാവർക്കും ഷേക്ക് ഹാൻഡു നൽകുന്നു. എന്നിട്ടു മണത്തുനോക്കാൻ പറയും . അപ്പോൾ എല്ലാവരുടെ കൈയ്യിലും മണം. പിന്നെ അതിന്റെ രഹസ്യം വെളിപ്പെടുത്തൽ. മറ്റേതോ ഒരു സ്വാമിയെ തൊട്ടാൽ മധുരിയ്ക്കും! തന്റെ ദേഹത്തിൽ തൊട്ടു നോക്കൂ ഞാനും മധുരമാണ് എന്നു പറഞ്ഞ് ആളുകളെക്കൊണ്ട് പ്രേമാനന്ദിനെ തൊടുവിയ്ക്കുന്നു. അപ്പോൾ തൊട്ടവർക്കെല്ലാം കൈയ്യിൽ മധുരം! പിന്നെ സാക്രിന്റെ ആ രഹസ്യം വെളിപ്പെടുത്തൽ. അങ്ങനെ എത്രയെത്ര രഹസ്യങ്ങളുടെ ചുരുൾ അദ്ദേഹം അഴിച്ചിരിയ്ക്കുന്നു!
വേദികളിൽ ഒരിയ്ക്കലുമദ്ദേഹം ക്ഷോഭിയ്ക്കുമായിരുന്നില്ല. ചില ദൈവങ്ങളെക്കുറിച്ച് അശ്ലീലം കലർന്ന സംഭാഷണങ്ങൾ മേമ്പൊടിയായി ചേർക്കുന്നത് ഏറെപ്പേരെ രസിപ്പിയ്ക്കുമായിരുന്നെങ്കിലും ചിലരെയൊക്കെ പ്രകോപിപ്പിയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും അദ്ദേഹത്തിന്റെ പരിപാടി ഉഷാറായി വരുമ്പോൾ വിശ്വാസികളുടെ പ്രകോപനം ഭയന്ന് അശ്ലീലച്ചുവയുള്ള കുത്തുവാക്കുകൾ അതിരു കടക്കുന്നത് യുക്തിവാദി സംഘം പ്രവർത്തകർ വിലക്കുമായിരുന്നു. എന്നാൽ കാഴ്ചക്കാരിലെ വിശ്വാസികൾ അടക്കമുള്ള വിരുതന്മാർ നിർദ്ദോഷമായ അദ്ദേഹത്തിന്റെ അശ്ലീല ഫലിതങ്ങളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിയ്ക്കുമായിരുന്നു. ചിലപ്പോൾ അശ്ലീലം പറയരുതെന്നു പറഞ്ഞാൽ അദ്ദേഹം പറയുന്ന അശ്ലീല പദങ്ങളിൽ അശ്ലീലമില്ലെന്നു പരസ്യമായി വാദിയ്ക്കും. മനുഷ്യ ശരീരത്തിലുള്ള അവയവങ്ങളൊന്നും അശ്ലീലമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദഗതി (തമാശയ്ക്ക്). അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതൊക്കെ കൂടി പറയുന്നുവെന്നു മാത്രം.
ഒരിയ്ക്കൽ അദ്ദേഹം ഏതോ ഒരു സ്വാമിനിയെക്കുറിച്ചു പറഞ്ഞപ്പോൾ അവർക്കു നല്ല നല്ല മുലകളുള്ളതു കൊണ്ടാണ് ഭക്തന്മാർ കെട്ടിപ്പിടിയ്ക്കുവാൻ തിക്കിത്തിരക്കുന്നതെന്നു പറഞ്ഞു. ഇതു കേട്ട് തുടർന്നു വരാനിരിയ്ക്കുന്ന അശ്ലീലങ്ങളുടെ ഘോഷയാത്ര ഭയന്ന് യുക്തിവാദി പ്രവർത്തകർ വായിൽ പിടിയ്ക്കാൻ ചെന്നപ്പോൾ മുല അശ്ലീലമാണോ എന്നായി അദ്ദേഹം. ഞാൻ മുലകുടിച്ചാണു വളർന്നത്. നിങ്ങൾ മുല കുടിച്ചിട്ടില്ലേ? എന്റെ മക്കൾ എന്റെ ഭാര്യയുടെ മുല കുടിയ്ക്കുന്നു.എന്റെ ഭാര്യക്കു നല്ല നല്ല മുലകളുണ്ട്. നിങ്ങളുടെ ഭാര്യമാർക്കു മുലകളില്ലേ? സഹോദരിമാർക്കു മുലകളില്ലേ? അമ്മമാർക്കു മുലകളില്ലേ? മുലകൾ പരിപാവനമല്ലേ? മനോഹരമല്ലേ? .അതേ പോലത്തെ മുലകളല്ലേ ദൈവങ്ങൾക്കും ഉള്ളത്? ദൈവങ്ങളുടെ മുലയ്ക്കുമാത്രം എന്താണു പ്രത്യേകത ?എന്നൊക്കെയായി അദ്ദേഹം! (അടി കിട്ടാൻ മറ്റെന്തു വേണം!)അതും ഇംഗ്ലീഷുകാരൻ മലയാളം പറയുന്ന ശൈലിയും കൂടിയാണെന്നോർക്കണം. അങ്ങനെ അനേകം മുല പ്രായോഗം നടത്തിയപ്പോൾ അദ്ദേഹം മാത്രമല്ല കാഴ്ചക്കാരിൽ നല്ലപങ്കും സായൂജ്യരാകുന്നു. ജനം കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടു വിളിച്ചു പറഞ്ഞു.ഓ മുലയിൽ പള്ളോന്നുമില്ല. അദ്ദേഹത്തിന്റെ നിഷ്കളങ്കതയെയും നർമ്മബോധത്തെയും സൂചിപ്പിയ്ക്കുവാൻ ഇതും പറഞ്ഞുവെന്നു മാത്രം.
ഏതോ ഒരു ദിവ്യൻ ദിവ്യശക്തിയാൽ തന്റെ ലിംഗത്തിൽ ഭാരം കെട്ടിത്തൂക്കി നടക്കുന്ന കാര്യം ഒരിക്കൽ അദ്ദേഹം വിശദീകരിച്ചപ്പോഴും സമാനമായ അനുഭവമായിരുന്നു. ലിംഗത്തിൽ ഭാരം തൂക്കുന്നതും ദിവ്യശക്തിയൊന്നുമല്ലെന്നും അതിന്റെ രഹസ്യമെന്താണെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീകൾ അടക്കമുള്ള കാണികൾ ഇരുന്ന വേദിയായതിനാൽ അക്കാര്യം അശ്ലീലമായി പറയേണ്ടെന്നായി യുക്തിവാദി സംഘം പ്രവർത്തകർ.‘സാമാനത്തിൽ‘ കല്ലും കെട്ടി നടക്കുന്നത് അശ്ലീലമില്ലാത്ത രീതിയിൽ ഒന്നു പറഞ്ഞുകൊടുക്കാൻ കഴിയുന്നവർ മുന്നോട്ടു വരണമെന്നായി പ്രേമാനന്ദ്. ആളുകൾ എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും? നിഷ്കളങ്കവും നിർദ്ദോഷവുമായ അദ്ദേഹത്തിന്റെ ശ്ലീലവും അശ്ലീലവുമായ തമാശകൾ ദിവ്യാദ്ഭുത അനാവരണ പരിപാടികളെ ഏറെ നർമ്മരസപ്രധാനങ്ങൾ കൂടിയാക്കി. ഓരോ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്യുമ്പോൾ ദിവ്യൻമാർ മന്ത്രം ചൊല്ലുന്നതിനു പകരം അവരെ കളിയാക്കിക്കൊണ്ട് ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഭാഷാപദങ്ങൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ മന്ത്രം ചൊല്ലൽ കേട്ടാൽ മരിച്ചു കിടക്കുന്നവൻ പോലും ചിരിച്ചു തള്ളും. അദ്ദേഹത്തിന്റെ പരിപാടികൾ കണ്ടു മടങ്ങുന്ന വിശ്വാസികളിൽ പലരും അവിശ്വാസികൾ ആയിട്ടുണ്ടായിരിക്കില്ല; എന്നാൽ അന്ധമായ പല വിശ്വാസങ്ങളും തീർച്ചയായും ധാരാളം പേരിൽ നിന്നും വിട്ടൊഴിഞ്ഞു പോയിട്ടുണ്ടാകും.
അദ്ദേഹം പുകവലിയ്ക്കുമായിരുന്നു. യുക്തിവാദിയായ അദ്ദേഹം പുകവലിയ്ക്കുന്നത് അയുക്തികമായ പ്രവൃത്തിയല്ലേയെന്ന് ഒരിയ്ക്കൽ ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം അതിനെ ന്യായീകരിയ്ക്കുമെന്നാണു ഞാൻ കരുതിയത്. പക്ഷെ അദ്ദേഹം തന്റെ തോളിൽ നിന്നും തോർത്തെടുത്തിട്ട് ഒരു പുക ആഞ്ഞു വലിച്ചിട്ട് പുറത്തേയ്ക്കുള്ള പുക തോർത്തിൽ കപ്പിവച്ച് കറ പിടിപ്പിച്ചിട്ട് അത് കാണിച്ചു തന്നു. എന്നു വച്ചാൽ സിഗരറ്റു വലിയ്ക്കുന്നവന്റെ കരൾ ഇതു പോലിരിയ്ക്കും.ആരോഗ്യത്തിന് ഇത് തികച്ചും ഹാനികരം.താൻ ചെയ്യുന്നു എന്നുള്ളതു കൊണ്ടു മാത്രം ഇത് ആരോഗ്യത്തിനു ഹാനികരമാകാതിരിയ്ക്കില്ലെന്നും ഇത് അയുക്തികമായ പ്രവൃത്തിയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിയ്ക്കുകയാണു ചെയ്തത്. തനിയ്ക്കിതു ശീലമായതുകൊണ്ട് തുടരുന്നു. നിറുത്താൻ കഴിയാഞ്ഞിട്ടല്ല. നിറുത്താൻ ശ്രമിയ്ക്കാഞ്ഞിട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു.
കൈയ്യിൽ കാശില്ലാതെ ഉലകം ചുറ്റുന്ന അദ്ഭുതവും അദ്ദേഹം കാണിച്ചിട്ടുണ്ട്. അതൊക്കെ തുറന്നു പറയുകയും ചെയ്യും. ചില വിദേശരാജ്യങ്ങളിൽ ടിക്കറ്റെയ്ടുക്കാതെ ട്രെയിൻ യാത്ര ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഒരിയ്ക്കൽ പറഞ്ഞു. ട്രെയിനിൽ കയറി ഡ്രസ്സെല്ലാം ട്രെയിനിൽ നിന്നു വെള്ളമെടുത്ത് കഴുകി ട്രെയിനിൽ തന്നെ വിരിയ്ക്കും. ട്രെയിൻ പോകേണ്ട സ്റ്റേഷനിൽ പോയി മടങ്ങി പുറപ്പെട്ട സ്റ്റേഷനിൽ എത്തുമ്പോൾ ഡ്രസ്സെല്ലാം ഉണങ്ങും. അതെല്ലാം പറക്കി പുറത്തിറങ്ങി ചിലപ്പോൾ ഉറക്കവും അവിടൊക്കെ തന്നെ ആയിരിയ്ക്കും. ടിക്കറ്റെടുക്കാതിരുന്നാൽ എക്സാമിനർ പിടിയ്ക്കില്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പലപ്പോഴും പിടിച്ചിട്ടുണ്ട്; പക്ഷെ പ്രേമാനന്ദ് കലപിലാ സംസാരിച്ചു തുടങ്ങും. വൃദ്ധനല്ലേ, യാചകനായ ഏതോ വട്ടു കേസാണെന്നൊക്കെ കരുതി എക്സാമിനർമാർ പ്രേമാനന്ദിനോടു തർക്കിച്ച് മടുത്ത് പിന്മാറി പോകുമത്രേ! അല്ലാതെന്തു നിവൃത്തി? അവർക്കു വേറെ പണിയില്ലെ? പിന്നെ കൈയ്യിൽ കാശില്ലാത്തവനു യാത്ര ചെയ്യേണ്ടേ? ശാസ്ത്രം പ്രചരിപ്പിയ്ക്കണ്ടെ? അതു ടിക്കറ്റ് എക്സാമിനർ മാർ ചെയ്യുമോ? ഇങ്ങനെയൊക്കെ ചോദിച്ച് ഉച്ചത്തിൽ ഹാ,ഹാ,ഹാന്ന് ഒരു ചിരിയും! എന്നിട്ട് അടുത്തിരിയ്ക്കുന്നവന്റെ തോളീൽ രണ്ട് തട്ടലും ! അതാണ് കുസൃതിക്കാരൻ കൂടിയായ പ്രേമാനന്ദ് !
ഇന്ത്യയിലും കൈയ്യിൽ കാശില്ലെന്നു കരുതി ഇന്ത്യൻ റെയിൽ വേ ഉള്ളിടത്തോളം തനിയ്ക്കു യാത്ര ചെയ്യാതിരിയ്ക്കാൻ കഴിയില്ലെന്നാണ് പ്രേമാനന്ദിന്റെ ഭാഷ്യം.കൈയ്യിൽ കാശില്ലെങ്കിൽ ടിക്കറ്റെടുക്കണമെന്ന കാര്യത്തിൽ തനിയ്ക്കു പിടിവാശിയൊന്നും ഇല്ലത്രേ! പിന്നെ ഒരു സമ്മേളന സ്ഥലത്തു വച്ചു പറഞ്ഞു ഇന്നും താൻ റെയിൽ വേയെ പറ്റിച്ചുവെന്ന്! അത് എങ്ങനെയെന്നു ചോദിച്ചപ്പോൾ പറയുകയാണ് താൻ റിട്ടേൺ ടിക്കറ്റെടുത്തിരുന്നു. പക്ഷെ സമ്മേളനം ഇന്നു തീരില്ലല്ലോ; അതുകൊണ്ടു താൻ മടങ്ങി പോകുന്നില്ല. അപ്പോൾ താൻ റെയിൽ വേയെ പറ്റിച്ചിരിയ്ക്കുകയല്ലേ എന്നു ചോദിച്ചിട്ട് പൊട്ടിച്ചിരിയ്ക്കുന്നു. അതെ, ചിലപ്പോൾ അദ്ദേഹം കുട്ടികളെ പോലെയാണ്. എന്നു വച്ച് എപ്പോഴും ടിക്കറ്റെടുക്കാതെ നടക്കുന്ന തട്ടിപ്പുകാരനൊന്നുമല്ല. ഇതൊക്കെ ഓരോ കുസൃതികൾ ഒപ്പിയ്ക്കുന്നതാണ് . പ്രേമാനന്ദെന്ന ശാസ്ത്ര പ്രതിഭയ്ക്കുള്ളിലെ പച്ചയായ മനുഷ്യനെ മനസ്സിലാക്കുവാൻ അദ്ദേഹത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങൾ കൂടി സൂചിപ്പിക്കുന്നുവെന്നേയുള്ളു. ഐൻസ്റ്റീൻ അടക്കമുള്ള പ്രശസ്തരായ ശാസ്ത്ര പ്രതിഭാധനൻ മാർക്കൊക്കെ ഇതുപോലെ നിഷ്കളങ്കവും വിചിത്രവുമായ സ്വഭാവ വിശേഷങ്ങൾ ഉണ്ടായിരുന്നു.
വേറെയും ചില കുസൃതികൾ ഒപ്പിയ്ക്കാറുണ്ടായിരുന്നു, പ്രേമാനന്ദ്. ഒരിയ്ക്കൽ ഏതോ ഒരു സന്യാസിനിയുടെ ആശ്രമത്തിൽ ചെന്നു. സാമിനി എല്ലാവരെയും മകനേ മകളേ മക്കളേ എന്നൊക്കെയാണു വിളിയ്ക്കുന്നത്. സ്വാമിനി പ്രേമാനന്ദിനെയും മകനേ യെന്നു വിളിച്ചു. അദ്ദേഹം വിളിയും കേട്ടു. പക്ഷെ മകനാണെങ്കിൽ പാലു തരണമെന്നായി പ്രേമാനന്ദ്! പാലു കുടിച്ചേ പോകൂ എന്നായപ്പോൾ സ്വാമിനിയുടെ ഗുണ്ടകൾ വന്ന് തൂക്കിയെടുത്ത് വെളിയിലെറിഞ്ഞുവെന്നു പറഞ്ഞിട്ട് അദ്ദേഹം ചിരിയ്ക്കുന്ന ഒരു ചിരിയുണ്ട്. ഈ പോക്കിരി തരം ചോദിച്ചിട്ട് അടി കിട്ടിയില്ലേ എന്നു ചോദിച്ചപ്പോൾ കിളവനായ തന്നെ അടിച്ചാൽ താൻ ചാകും. ചത്താൽ പിന്നെ അവർക്കു റിസ്കല്ലേ ? അതുകൊണ്ടാണു തല്ലാതെ വിട്ടതെന്നാണ് പ്രേമാനദിന്റെ വിശദീകരണം.
ഇങ്ങനെ ചില അടികൊള്ളിത്തരങ്ങൾ ഉണ്ടെങ്കിലും പ്രേമാനന്ദ് കൂടെയുണ്ടെങ്കിൽ അടി കൊള്ളാതെ പലയിടത്തു നിന്നും രക്ഷപ്പെടാനും കഴിഞ്ഞിരുന്നു. അടി ഇരിയ്ക്കുന്നിടത്ത് പോയി ചോദിച്ചു വാങ്ങുന്നതിൽ വിരുതന്മാരാണല്ലോ യുക്തിവാദികൾ. യോഗങ്ങളിലെ പ്രസംഗങ്ങളോ ദിവ്യാദ്ഭുത അനാവരണങ്ങളോ മതാന്ധന്മാരിൽ പ്രകോപനങ്ങൾ ഉണ്ടാക്കുമ്പോൾ അക്രമ സജ്ജരായി വരുന്ന അവരെ പ്രേമാനന്ദ് സ്നേഹ പൂർവ്വം തോളിൽ തട്ടി അനുനയിപ്പിച്ച് ശാന്തരാക്കി വിടുന്ന ഒട്ടെറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്രമിയ്ക്കാൻ വന്നവർ തന്നെ അദ്ദേഹത്തിന്റെ കുശലക്കാരായി മാറുന്നതായിരിയ്ക്കും പിന്നെ കാണുക. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ചുവയുള്ള മലയാളം ഒരു പ്രത്യേകതരത്തിൽ ആകർഷണീയവും മധുരതരവുമായിരുന്നു.
ഞാൻ ആദ്യമായി പ്രേമാനന്ദിനെ കാണുന്നത് തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം ജംഗ്ഷനിൽ ഒരു യുക്തിവാദി സംഘം പൊതുയോഗത്തിൽ ദിവ്യാദ്ഭുത അനാവരണ പരിപാടി അവതരിപ്പിയ്ക്കാൻ വന്നപ്പോഴാണ്. അന്നവിടെയുള്ള നാട്ടുകാരിൽ പലരെയും അദ്ദേഹം ഒരു ദിവ്യശക്തിയുമില്ലാതെ അഗ്നിയിൽ കൂടി നടത്തിച്ചു. കോന്നിയിലെ യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് അദ്ദേഹവുമായി ആദ്യമായി അടുത്തിടപഴകിയത്. പിന്നെ തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പലസ്ഥലങ്ങളിലും വിവിധ സമ്മേളനങ്ങളിൽ വച്ച് കാണുവാനും സൌഹൃദപ്പെടാനും കഴിഞ്ഞിരുന്നു. കൂടാതെ ഒരിയ്ക്കൽ എന്റെ നാടായ തട്ടത്തുമലയിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ കൊണ്ടുവന്ന് ദിവ്യാദ്ഭുതങ്ങൾ അനാവരണം ചെയ്യിച്ചു. അന്ന് തട്ടത്തുമലയിൽ നനാജാതി മതസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരും നേതാക്കളും ഗംഭീരമായ സ്വീകരണം നൽകിയിരുന്നു. മടങ്ങാൻ നേരം പ്രേമാനന്ദിന്റെ കൈപ്പടയ്ക്കും ആട്ടോഗ്രാഫിനും വേണ്ടി ആളുകൾ വളഞ്ഞിരുന്നു. ഒരു വൈകുന്നേരം വന്ന് രാത്രി ഏറെ സമയം വരെ തട്ടത്തുമല ജംഗ്ഷനിൽ ചെലവഴിച്ച നിമിഷങ്ങൾ അവിസ്മരണീയമായിരുന്നു.നാട്ടുകാരെ അക്ഷരാർത്ഥത്തിൽ സ്നേഹ സൌഹൃദങ്ങളിലൂടെ അദ്ദേഹം കൈയ്യിലെടുത്തിരുന്നു.
തെളിമയുള്ള മുഖത്തെ നിറഞ്ഞ മന്ദഹാസവുമായി നമ്മിൽ ഒരാളായി നമ്മോടൊപ്പമുണ്ടായിരുന്ന, പുനർ ജന്മത്തിൽ വിശ്വാസമില്ലാതെ കണ്ണുകൾ ദാനം ചെയ്തും, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിയ്ക്കാൻ നൽകിക്കൊണ്ടും, മരണവും മൃത ശരീരവും പോലും സമൂഹത്തിന് ഉപകാരമാക്കിയ ആ അതുല്യനായ വിപ്ലവകാരിയ്ടെ സ്മരണയ്ക്കു മുന്നിൽ ഓർമ്മയുടെ ഒരു പിടി പൂക്കളായി ഈ അക്ഷരങ്ങൾ സമർപ്പിയ്ക്കുന്നു. പ്രേമാനന്ദിന് ഒരിയ്ക്കൽ കൂടി കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!
പിൻ കുറിപ്പ് : ഈ ലേഖനം അല്പം നീണ്ടു പോയതിൽ വിഷമമില്ല. ജീവിതം അത്രയേറെ അർത്ഥപൂർണ്ണമാക്കിയ ഒരു മഹാമനുഷ്യൻ മരണപ്പെടുമ്പോൾ ഇങ്ങനെ ഒരു ഓർമ്മക്കുറിപ്പെങ്കിലും എഴുതാതിരിയ്ക്കാൻ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈയ്യുള്ളവനു കഴിയില്ല. ഇത് അക്ഷരങ്ങൾ കൊണ്ട് അദ്ദേഹത്തിനുള്ള എന്റെ പുഷ്പവർഷം!












പ്രേമാനന്ദ് തട്ടത്തുമലയിൽ വന്നപ്പോൾ എടുത്ത ഏതാനും ചിത്രങ്ങളാണ് താഴെ

























