Tuesday, February 16, 2010

ടാറ്റയുടെ സാമ്രാജ്യം


റ്റാറ്റയുടെ സാമ്രാജ്യം

ആയിരത്തി തൊള്ളയിരത്തി നാല്പത്തിയേഴിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു നമ്മൾ മനസിലാക്കിയിട്ടുണ്ട്. അതില്പിന്നെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായെന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒരു ഭരണഘടനയും അതിൻപ്രകാരം ഒരു ഭരണവ്യവസ്ഥിതിയും നീതിന്യായ വിഭാഗവും മറ്റും പ്രവർത്തിക്കുന്നതായും നമുക്കറിയാം. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും അതിൻപ്രകാരം ഭരണകൂടങ്ങൾ മാ‍റിമാറിവരുന്നതും നമുക്ക് നാളിതുവരെയും അനുഭവമുള്ളതാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇവിടുത്ത പൌരന്മാർ എന്ന നിലയിൽ നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വേറെയും പല കാര്യങ്ങളും നമുക്കറിയാം. എന്നാൽ നമുക്ക് അറിയാവുന്നതിനപ്പുറം നമുക്ക് അറിയാവുന്നവയ്ക്ക് നേർവിപരീതമായ പല കാര്യങ്ങളും ഉണ്ടെന്നും അങ്ങനെ ഒരുപാടറിവുകൾ നമുക്ക് മിസ് ആകുന്നുണ്ടായിരുന്നെന്നും ഉള്ള ചില പുതിയ അറിവുകൾ നമ്മെ തേടിയെത്തുകയാണിപ്പോൾ!

ഇവിടെ വിവരങ്ങൾ അറിയുവാൻ മറ്റേതൊരു രാജ്യത്തെയുമെന്ന പോലെ ഒരുപാട് സൌകര്യങ്ങൾ നമുക്കുമുണ്ട്. മാധ്യമങ്ങളായ മാധ്യമങ്ങൾ. അതും ദൃശ്യവും ശ്രവ്യവും. പത്രങ്ങൾ, ആനുകാലികങ്ങൾ, ചാനലുകളായ ചാനലുകൾ. വിവരസാങ്കേതിക വിദ്യയുടെ പുതുപുത്തൻ ഉറവിടങ്ങൾ. സർക്കാരിന്റെ തന്നെ വിവിധ ബോധന മാർഗ്ഗങ്ങൾ. പാഠപുസ്തകങ്ങൾ..... എല്ലാറ്റിലുമുപരി സർക്കാർ സ്ഥാപങ്ങളിൽ നിന്നും എന്തെങ്കിലും അറിയണമെങ്കിൽ ഇന്ന് വിവരാവകാശനിയമങ്ങൾതന്നെയുണ്ട്. അങ്ങനെ എന്തെന്തെല്ലാം മാർഗ്ഗങ്ങളിലൂടെ നാം എന്തെന്തെല്ലാം അറിഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഇവിടെ സമ്പന്നരും ദരിദ്രരുമുണ്ട്. അതിൽതന്നെ തീരെ ദരിദ്രരും സമ്പന്നരിൽ തന്നെ ഹെക്ടർ കണക്കിനു ഭൂമിയുള്ളവർ ഉണ്ടെന്നും നാം അറിഞ്ഞു വച്ചിട്ടുണ്ട്. ഇങ്ങനെ പലതും പലതും നമുക്കറിയാമായിരുന്നിട്ടും ഇതുവരെ അറിയാതെ പോയ ഒരു പ്രധാ‍ന കാര്യം നാം ഇപ്പോൾ നടുക്കത്തോടെ അറിയുന്നു. അതായത് ഇന്ത്യ എന്ന ഈ സ്വതന്ത്ര രാജ്യത്തിനുള്ളിൽ മറ്റു ചില സ്വതന്ത്ര സാമ്രാജ്യങ്ങൾ ഉണ്ടെന്ന്! സ്വന്തമായി ഭരണവും നീതിയും നിയമവും പോലീസും പട്ടാളവുമുള്ള ( അവരെ ദുഷ്ടബുദ്ധികൾ ഗുണ്ടകൾ എന്നു വിളിക്കും) നികുതി പിരിക്കാൻ ഉദ്യോഗസ്ഥരുമുള്ള സ്വതന്ത്ര സാമ്രാജ്യങ്ങൾ! അങ്ങനെയുള്ള പ്രദേശങ്ങളെ സാധാരണ സ്വതന്ത്ര രാജ്യങ്ങളായാണ് രാഷ്ട്രതന്ത്ര ശാസ്ത്രം പരിഗണിക്കുക. ഇവിടെ നമ്മുടെ ഈ കൊച്ചു കേരളത്തിലെ കിഴക്കൻ മലയിൽ മനോഹരമായ സ്ഥലത്ത് ആരുമറിയാതെ അങ്ങനെ ഒരു സാമ്രാജ്യം നിലനിൽക്കുകയായിരുന്നുവത്രെ! നമ്മുടെ ഭർണകർത്താക്കളും നീതിപീഠങ്ങൾ പോലും പലപ്പോഴും വകവച്ചുകൊടുത്തിട്ടുള്ളതാണത്രേ അവരുടെ ഈ പ്രത്യേക അധികാരം!

പറഞ്ഞത് റ്റാറ്റയുടെ മൂന്നാറിലെ ആ സാമ്രാജ്യത്തെക്കുറിച്ചു തന്നെ. സ്വകാര്യ നിയമങ്ങളും, നിയമപാലകരും, നികുതി പിരിയ്ക്കലും മറ്റും മറ്റുമായി ഒരു കൊച്ചു സ്വതന്ത്ര രാജ്യം പോലെ പ്രവർത്തിക്കുകയായിരുന്നുവത്രേ മൂന്നാർ. ആരും ഇതുവരെ അതറിഞ്ഞില്ലത്രേ! ഒരു സ്വതന്ത്രരാജ്യത്തിനുള്ളിൽ മറ്റൊരു സ്വതന്ത്രസാമ്രാജ്യമോ? സ്വകാര്യവ്യക്തികൾക്ക് ഇത്രയധികം അധികാരാവകാശങ്ങൾ ഭൂമിയുടെ മേൽ ലഭിക്കുന്നതെങ്ങനെ? സ്വത്തും പണവും സമ്പാദിക്കുന്നവർക്ക് നികുതികളിലൂടെയും മറ്റും നിയന്ത്രണങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു തന്നെ രാജ്യത്തെ മൊത്തം ഭൂമി അളന്നു വാങ്ങി രാജ്യം സ്വകാര്യസ്വത്താക്കാതിരിക്കുവാനാണ്. ഭൂമി ആളുകൾക്ക് വിലയ്ക്കു വാങ്ങുകയും കൈമാറ്റം ചെയ്യുകയും വച്ചനുഭവിക്കുകയും ചെയ്യാമെങ്കിലും എല്ലാ ഭൂമിയും രാഷ്ട്രത്തിന്റെ വകയാണ്.
ഭൂമിയുടെ മേൽ കൈവശ-കൈമാറ്റ അധികാരങ്ങളല്ലാതെ അവയുടെ മേൽ ആത്യന്തികമായ അവകാശം ആർക്കുമില്ല. ഏതു സമയത്തും രാഷ്ട്രത്തിനാവശ്യം വന്നാൽ ആരുടെ ഭൂമിയും കണ്ടുകെട്ടാം. സമ്പൂർണ്ണ മുതലാളിത്ത രാജ്യങ്ങളിൽ പോലും ഭൂമിയുടെ മേൽ ഉള്ള വ്യക്തികളുടെ അവകാശം സ്ഥിരമോ സമ്പൂർണ്ണമോ അല്ല. അനുഭവ കൈമാറ്റ അവകാശങ്ങൾ എന്നു പറഞ്ഞാൽ അത് ഹെക്ടർ കണക്കിനു ഭൂമി വാങ്ങി സാമ്രാജ്യങ്ങൾ സ്ഥാപിക്കാനുള്ള അവകാശമല്ല. എന്നാൽ മൂന്നാറിൽ റ്റാറ്റ സ്ഥാപിച്ചിരിക്കുന്നത് ഒരു കൊച്ചു സ്വതന്ത്ര സാമ്രാജ്യം തന്നെയാണ്. അതിനുള്ള അവകാശം ഇന്ത്യയിൽ ആർക്കുമില്ല. എല്ലാം രാജ്യത്തെ ഭരണകൂടത്തിനും രാഷ്ട്രത്തിനും നിയമങ്ങൾക്കും കീഴിലായിരിക്കണം. ഇപ്പോൾ റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് നാം അറിഞ്ഞു. ഇതു പോലെ നമ്മുടെ രാജ്യത്ത് എത്രയെത്ര കൊച്ചു കൊച്ചു ഭൂസാമ്രാജ്യങ്ങൾ ഉണ്ടായിരിക്കാം. എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രമാണല്ലോ പലരും പലതും അറിയുക.

മൂന്നാറിലെ
റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൽ പുതിയലക്കം ചിന്തയിലെ ഈ ലേഖനം ഇവിടെ ചെന്ന് ഒന്നു വായിച്ചാൽ മതി.

1 comment:

ടി.രതികുമാരി said...

അതെ. നന്നായിരിക്കുന്നു.