ഹർത്താലുകൾ വേണോ? ഹർത്താൽ നിരോധിക്കണോ? നിരോധിച്ചാൽ ഹർത്താൽ ഇല്ലാതാകുമോ? നിരോധിയ്ക്കുന്നതു ശരിയോ? നിരോധനം ആർക്കുവേണ്ടി?
മുൻകുറിപ്പ്: ഹർത്താലിനെ കുറിച്ചുള്ള ചില ശിഥിലമായ ചിന്തകൾക്ക് പരിമിതമായ അക്ഷര രൂപങ്ങൾ നൽകുകയാണിവിടെ. ചർച്ചകൾക്ക് ഒരു മുൻ കുറിപ്പ് എന്ന നിലയിൽ!
ഈ പോസ്റ്റിന്റെ ചുരുക്കം: ഹർത്താൽ നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. അവ നിരോധിയ്ക്കുന്നത് ജനാധിത്യാവകാശങ്ങളിൽ ഒന്നിന്റെ നിഷേധമാണ്. അത് അപ്രായോഗികവുമാണ്. എന്നാൽ ഹർത്താലുകളിൽ നിന്ന് വാഹന ഗതാകഗതത്തെ പൂർണ്ണമായും ഒഴിവാക്കണം. അവശ്യ സർവീസുകൾ സംബന്ധിച്ച് പുതിയ ലിസ്റ്റുണ്ടാകണം. അവയും ഹർത്താലിൽ നിന്ന് ഒഴിവാക്കണം.
അരുതോ, ഹർത്താലുകൾ ?
തുടർന്നു വായിക്കുക......
ഹർത്താലിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയിട്ടു കുറച്ചു നാളായി. ഇപ്പോൾ കോൺഗ്രസ്സ് പാർട്ടി ഹർത്താൽ നടത്തില്ലെന്നു തീരുമാനിയ്ക്കാൻ പോകുന്നതായ പ്രഖ്യാപനം നടത്തിയതോടെയാണ് അത് വീണ്ടും സജീവ ചർച്ചാവിഷയമാകുന്നത്. ഹർത്താൽ എന്നത് നിരവധി സമര രൂപങ്ങളിൽ ഒന്നു മാത്രമാണ്. സമരം ചെയ്യുക എന്നത് ജനാധിപത്യത്തിലെ ഒരു സ്വാഭാവികാവകാശമാണ്. അതുകൊണ്ടു തന്നെ സമാധാനപരമായും, നിരായുധമായും നടത്താവുന്ന ഏതെങ്കിലും സമര രൂപം നിരോധിയ്ക്കുന്നത് ജനാധിപത്യാവകാശങ്ങളിൽ ഒന്നു നിഷേധിയ്ക്കുക എന്നതു തന്നെ. അതുകൊണ്ട് ഹർത്താലും ഒരു സമര രൂപമാകയാൽ അത് പൂർണ്ണമായും നിരോധിയ്ക്കുക എന്നത് പൌരാവകാശ നിഷേധം തന്നെ. അത് പ്രായോഗികവും അല്ല. ബന്ദ് നിരോധിച്ചപ്പോഴാണ് ഹർത്താൽ ബന്ദിന്റെ കൂടി അർത്ഥം കൈക്കൊണ്ടത്. ഇപ്പോൾ ഹർത്താൽ എന്നാൽ ബന്ദുതന്നെ എന്ന സ്ഥിതിയിലുമായി. ഇനി ഹർത്താൽ നിരോധിച്ചാൽ ഹർത്താൽ എന്ന വാക്ക് അവഗണിയ്ക്കപ്പെട്ട് നിഘണ്ടുവിലിരുന്ന് തുരുമ്പിയ്ക്കും എന്നല്ലാതെ, ഹർത്താൽ എന്ന വാക്ക് ഉൾക്കൊള്ളുന്ന സമര രൂപം അവസാനിയ്ക്കാൻ പോകുന്നില്ല. കാരണം ഓരേ അർത്ഥത്തിൽ പകരം പകരം ഉപയോഗിയ്ക്കാവുന്ന നിരവധി വാക്കുകൾ ഇനിയും മലയാളം ഉൾപ്പെടെ എല്ലാ ഭാഷാ നിഘണ്ടുകളിലും ഉണ്ട്. പണിമുടക്ക്, വിട്ടുനിൽക്കൽ, പ്രതിരോധം തുടങ്ങിയ സാധാരണ പദങ്ങൾ തന്നെ ധാരാളം. അതുമല്ലെങ്കിൽ പുതിയ ഒരു വാക്കു കണ്ടു പിടിച്ച് ഭാഷയ്ക്ക് മുതൽക്കൂട്ടുക തന്നെ.അതുകൊണ്ട് നിരോധനം കൊണ്ട് ഹർത്താലിനെ തുരത്താമെന്ന് ആരും കരുതേണ്ട. സമാധാനപരമായി സംഘടിയ്ക്കാനും പ്രതിഷേധിയ്ക്കാനും,സമരം ചെയ്യാനും, അഭിപ്രായം പറയാനും, വിമർശിയ്ക്കാനും ഒക്കെയുള്ള അവകാശം ഉൾക്കൊള്ളുന്നതാണു ജനാധിപത്യം. അല്ലാതെ സമയാസമയം വോട്ടു ചെയ്ത് ഒരു ഭരണകൂടത്തെ തെരഞ്ഞെടുത്തശേഷം കണ്ണും കാതും വായും പൂട്ടി കൈയ്യുംകെട്ടി ഇരുന്നുകൊള്ളണം എന്നതല്ല, ജനാധിപത്യം!
ഹർത്താലുകൾ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണു വാദമെങ്കിൽ, ആരാണീ ജനം? ഹർത്താൽ നടത്തുന്നവരും ജനമല്ലേ? ജനത്തെ ബുദ്ധിമുട്ടുയ്ക്കാതെ അർക്കും ഒരു സമരവും നടത്താൻ കഴിയില്ല. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരു സമരം സമരങ്ങളുടെ ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല. ഗാന്ധിജിയുടെ സഹനസമരമായാൽ പോലും ആർക്കെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടാക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരരവും ആരെയും ബുദ്ധിമുട്ടിയ്ക്കാതെ നടത്തിയതല്ല. നമ്മുടെ സ്വാതന്ത്ര്യ സമരം കൊണ്ട് ബ്രിട്ടീഷുകാർ മാത്രമല്ല ബുദ്ധിമുട്ടിയത്. ഇന്ത്യക്കാരും ബുദ്ധിമുട്ടിയിട്ടുണ്ട്. സമരങ്ങളിലൊന്നും പങ്കെടുക്കാൻ ഇഷ്ടപ്പെടാത്തവരുടെ സൌകര്യത്തിന് ഒരു സമരവും നടത്താൻ കഴിയില്ല. സമരങ്ങളോട് താല്പര്യമില്ലാത്തവർ മാത്രമാണ് ജനമെന്ന സങ്കല്പം പാടില്ല. എല്ലാ കാലത്തും സമൂഹത്തിന്റെ മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്നവർ ഒരു ചെറിയ വിഭാഗം മാത്രമാണ് ഉണ്ടാവുക. അതാണു ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നതും.നല്ലൊരു പങ്ക് ആളുകളും നാട്ടിലോ രാജ്യത്തിലോ ലോകത്തിലോ എന്തു തന്നെ നടന്നാലും നമുക്കൊന്നുമില്ലെന്ന മട്ടിൽ സ്വന്തം കാര്യം നോക്കി കഴിയുന്നവരാണ്. അത് ബ്രിട്ടീഷുകാർ ഇവിടെ ഭരിയ്ക്കുന്ന കാലത്തും അങ്ങനെ തന്നെ ആയിരുന്നു. അക്കൂട്ടർക്ക് ഇവിടെ ആരു ഭരിച്ചാലും കണക്കു തന്നെ. വിദേശികൾ ഭരിച്ചാലും, രാജാവു ഭരിച്ചാലും, പട്ടാളം ഭരിച്ചാലും ഇനിയതല്ല ജനാധിപത്യഭരണം ആയാലും തങ്ങൾക്കു തങ്ങളുടെ കാര്യം എന്ന മട്ടിൽ ചിന്തിക്കുന്നവർ! അങ്ങനത്തോരെ സംബന്ധിച്ച് ഹർത്താൽ മാത്രമല്ല എല്ലാ സമരരൂപങ്ങളും എന്തിനു രാഷ്ട്രീയ പ്രവർത്തനം തന്നെ അവർക്ക് അരോചകമായി തോന്നും. അത്തരം സാമൂഹ്യ ബോധമില്ലാത്തവരും അരാഷ്ട്രീയ വാദികളും മാത്രമാണു ജനങ്ങളെന്നു ധരിയ്ക്കരുത്. അവരുടെ ചൊറിച്ചിൽ മാറ്റാൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ സംവിധാനങ്ങളും കൂട്ടു നിൽക്കരുത്.
കാരണം ഇപ്പോൾ അവർ ഹർത്താൽ വേണ്ടെന്നു പറയും. പിന്നെ പ്രകടനങ്ങൾ,. ജാഥകൾ, ധർണ്ണകൾ, പിക്കറ്റിംഗ്, പൊതുയോഗങ്ങൾ ഇവയൊന്നും വേണ്ടെന്നു പറയും. പിന്നെ അഭിപ്രായ സ്വാതന്ത്ര്യം, തെരഞ്ഞെടുപ്പ് ഇതൊന്നും വേണ്ടെന്നു പറയും. അങ്ങനെ ഒടുവിൽ ജനാധിപത്യം തന്നെ ഇല്ലാതാകുമ്പോഴേ ഈ അസ്വസ്ഥരുടെ ചൊറിച്ചിൽ മാറുകയുള്ളു. ഇതൊരു പ്രത്യേകതരം ചൊറിച്ചിലാണ്. അതില്ലതാക്കാൻ ഹർത്താലല്ല സാക്ഷാൽ ബന്ദു തന്നെ വേണം! അരാഷ്ട്രീയതയുടെ മൂടുപടമണിഞ്ഞവരാണ് ഇതിൽ ചിലർ. പൊതുവെ, ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കാൻ കൂടുതൽ താല്പര്യമെടുക്കുന്ന പ്രസ്ഥാനങ്ങളോടുള്ള അസഹിഷ്ണുതതന്നെയാണ് ഇതിൽ ചിലർക്ക്. ഒരു ജാഥ കാണുമ്പോഴും പ്രകടനം കാണുമ്പോഴും ഈ ചൊറിച്ചിലുകാർ മുറുമുറുക്കാറുണ്ട്. അവർക്കു റോഡു മുറിച്ച് കടക്കാൻ കഴിയുന്നില്ല, വാഹനം നിറുത്തിയിടുകയോ, വഴിമാറ്റി വിടുകയോ ചെയ്യേണ്ടിവരുന്നു തുടങ്ങിയ പരാതികളാണവർക്ക്. പിന്നെ ചിലർക്ക് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റു സർക്കാർ ഓഫീസുകൾക്കു മുന്നിലും ധർണ്ണകളും പ്രകടങ്ങളും മറ്റും നടത്തുന്നതിലാണ് നീരസം. സർക്കാരിനെതിരെ സമരം നടത്തുന്നത് ഭരണസിരാകേന്ദ്രത്തിനു മുന്നിലല്ലാതെ പിന്നെ ഈ പറയുന്നോന്മാരുടെയൊക്കെ അച്ഛന്മാരുടെ വീട്ടുമുറ്റത്താണോ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ഗവർണ്മെന്റിന്റെ ശ്രദ്ധതിരിയ്ക്കാനുള്ള ഒരു സമരം നഗരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പറഞ്ഞ് മാമം കാളച്ചന്തയിൽ പോയിരുന്ന് നടത്തിയാൽ മതിയോ? നഗരത്തിരക്കിൽനിന്നു മാറി സമരം ചെയ്യാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്നു വാദിയ്ക്കുന്നവരും ഉണ്ട്. അവരുടെ വിചാരം ഈ സമരം എന്നു പറയുന്നത് എന്തോ കലാപരിപാടിയാണ് എന്നാണ്. രാജ്യത്ത് എന്തു നടന്നാലും തങ്ങളുടെ ജീവിതം സ്വസ്ഥമായിരുന്നാൽ മതിയെന്നു വിശ്വസിയ്ക്കുന്ന ഈ സ്വാർത്ഥ ജീവികൾ ആഗ്രഹിയ്ക്കുന്നതിനനുസരിച്ച് പരുവപ്പെടുത്തേണ്ട ഒന്നല്ല ഒരു ജനാധിപത്യ രാജ്യം. സജീവവും, ക്രിയാത്മമകവുമായി പ്രവർത്തിയ്ക്കുന്ന ഒരു ജനമാണ് ജനാധിപത്യത്തിന്റെ കാതൽ. ഒരു ജനാധിപത്യ രാജ്യം എപ്പോഴും സംഭവ ബഹുലമായിരിയ്ക്കും. ഭരണപക്ഷവും പ്രതിപക്ഷവും വിമർശനങ്ങളും സമരവും പൊതുയോഗങ്ങളും ജാഥകളും ഒക്കെയായി അതു മുന്നോട്ടു പോകും. അതൊന്നും പിടിയ്ക്കാത്തവർ വല്ല പട്ടാള രാജ്യത്തിലോ രാജഭരണമുള്ള നാടുകളിലോ പോയി സ്ഥിരവാസം ചെയ്യണം. അല്ലപിന്നെ! ഹർത്താലിനെതിരെ ശബ്ദിച്ച് ജനങ്ങളുടെ പ്രീതി ചുളുവിനു സമ്പാദിയ്ക്കാമെന്നു വച്ച് ചില രാഷ്ട്രീയ നേതാക്കൾ തന്നെ മുന്നോട്ടു വന്നിട്ടുള്ളത് ദുഷ്ടലാക്കോടെയാണ് എന്ന് കരുതേണ്ടിയിരിയ്ക്കുന്നു!
ഇനി ഹർത്താലുകൾ സമാധാനത്തിനു ഭംഗം വരുത്തുന്നു എന്നാണ് വാദമെങ്കിലിൽ, ഹർത്താൽ മാത്രമല്ല അക്രമാസക്തമാകുന്ന സമരമുറ. മറ്റു സാധാരണ സമരങ്ങളാണ് പലപ്പോഴും ഹർത്താലിനെക്കാൾ അക്രമാസക്തമാകാറുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ അക്രമം ഭയന്ന് സമരാവകാശം കവർന്നെടുക്കുകയല്ല വേണ്ടത്. അക്രമം നടന്നാൽ അതു സമരത്തിലായാലും കേസെടുക്കാൻ ഇവിടെ നിയമം ഉണ്ട്. അതുകൊണ്ട് അക്രമം എന്നത് ഒരു സമര രൂപത്തിന്റെ കുഴപ്പമല്ല; ഹർത്താൽ ഉൾപ്പെടെ. അതു നടത്തുന്നവരുടെ സമീപനമാണ് പ്രശ്നം. ഒരു സമരം അക്രമാസക്തമായും നടത്താം; അല്ലാതെയും നടത്താം. അരാഷ്ട്രീയ വാദം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലഭാഗത്തുനിന്നും എല്ലാ കാലത്തും ഉണ്ടാകാറുള്ളതാണ്. അതിന്റെയൊക്കെ ഭാഗമാണിതും. തൊഴിലാളികൾ സംഘടിയ്ക്കുന്നതും ന്യായമായ ആവശ്യത്തിനു വേണ്ടി സമരം ചെയ്യുന്നതും ഇഷ്ടപ്പെടാത്തവർ ഉണ്ട്. സംഘടിത തൊഴിലാളികളാണ് ഇവിടെ സകല പ്രശ്നങ്ങൾക്കും കാരണമെന്നും ബോധപൂർവ്വം പ്രചരിപ്പിയ്ക്കുന്നവർ ഉണ്ട്`. പാവപ്പെട്ട ജനവിഭാഗങ്ങളെ എന്നും മോശക്കാരായി ചിത്രീകരിയ്ക്കുന്ന ഒരു സ്വഭാവത്തിന്റെ ഭാഗമാണ് ഇത്. പണമുള്ളവർ മാത്രമാണ് സംസ്കാരമുള്ളവർ എന്ന ധാരണ ബോധ പൂർവ്വം ഉണ്ടാക്കുവാനാണ് ഇക്കൂട്ടർ സാധാരണജനങ്ങളെ മോശക്കാരായി ചിത്രീകരിയ്ക്കുന്നത്. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ തൊഴിലാളികൾ നല്ലൊരുപങ്കും ഏറെക്കുറെ കാര്യങ്ങളൊക്കെ അറിയാവുന്നവരാണ്. അവർ ആർക്കു മുന്നിലും പണ്ടേക്കാലം പോലെ ഓച്ഛാനിച്ചു നിൽക്കില്ലെന്നേയുള്ളു. അതൊരു തെറ്റല്ല താനും!
ഇനി ഹർത്താലിനെ ക്കുറിച്ച് മറ്റു ചില എതിർപ്പുകൾ ഉള്ളത് എന്തെന്നാൽ, ഹർത്താലിനു പിന്നിൽ ഒരു ബലപ്രയോഗമുണ്ട് എന്നതാണ്. എന്നു വച്ചാൽ ഹർത്താൽ ദിവസം കട തുറക്കുകയോ വാഹനം നിരത്തിലിറക്കുകയോ മറ്റോ ചെയ്താൽ അക്രമം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഇപ്പോൾ അതു പണ്ടത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ഇപ്പോഴും അല്പം അക്രമോത്സുകത പ്രകടിപ്പിയ്ക്കാൻ ഹർത്താൽ ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾക്ക് ലഭിയ്ക്കുന്ന അവസരം ചിലയിടങ്ങളിലെങ്കിലും പാഴാക്കാറില്ല. രോഗിയെയും കൊണ്ടു പോകുന്ന വാഹനം പോലും തടഞ്ഞിട്ട് ആക്രമിച്ച അനുഭവങ്ങൾ ഉണ്ട്.എല്ലാ പാർട്ടികളുടെ ഭാഗത്തു നിന്നും ഇത് ഉണ്ടായിട്ടുണ്ട്. അക്രമം ഉണ്ടാകാനുള്ള സാദ്ധ്യത ഭയന്ന് ഹർത്താലിനു ആസ്പദമായി ഉന്നയിക്കുന്ന വിഷയത്തോടോ, അത് ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തോടോ ആശയപരമായി യോജിപ്പില്ലാത്തവർ കൂടി ഹർത്താലിൽ പങ്കാളികൾ ആകേണ്ടി വരുന്നുണ്ട്. ആരും സ്വമേധയാ ഹർത്താലിൽ പങ്കാളികൾ ആവുകയല്ല. ഭയന്നിട്ടു തന്നെ! സാധാരണ ഒരു പണിമുടക്കാണെങ്കിലിൽ അത് ആഹ്വാനം ചെയ്യുന്ന സംഘടനയിൽ പെട്ടവർക്കു മാത്രം അതിൽ പങ്കെടുത്താൽ മതി. അതിൽ തന്നെ ഒരു സംഘടനയ്ക്ക് വലിയ മേധാവിത്വം ഉള്ളപ്പോൾ മറ്റു സംഘടനകൾ ആ പണിമുടക്കിൽ പങ്കെടുക്കാതിരുന്നിട്ടും കാര്യമില്ല. പലപ്പോഴും പണിമുടക്കിൽ ചേരാതെ നിൽക്കുന്നവർക്ക് പല ഭീഷണികളും ഉണ്ടാകുകയും ചെയ്യുന്നുണ്ട്. പണി ചെയ്യാനെത്തുന്നവർ എതിർ യൂണിയനിൽ പെട്ടവർ ആണെങ്കിലും അവരെ തടയുകയും ചിലപ്പോൾ മർദ്ദിയ്ക്കുകയും മറ്റും ചെയ്യാറുണ്ട്. പക്ഷെ അത് എല്ലായിടത്തും എപ്പോഴും ഇല്ല. എന്നാൽ ഹർത്താലിന്റെ കാര്യത്തിൽ ഹർത്താൽ ആഹ്വാനം ചെയ്യുന്ന സംഘടനയിൽ വിശ്വസിയ്ക്കാത്തവരും എതിർ സംഘടനയിൽ പെട്ടവരും കൂടി ഹർത്താലിൽ പങ്കെടുക്കേണ്ടി വരുന്നു. പേടിച്ച് കടകൾ തുറക്കാത്തവർ, വാഹനം നിരത്തിൽ ഇറക്കാത്തവർ, ഓഫീസുകളിൽ പോകാത്തവർ; ഇങ്ങനെ ജനങ്ങളെ മൊത്തത്തിൽ ഭയപ്പെടുത്തിയുള്ള സമരമുറ ശരിയല്ല. എല്ലാവർക്കും ബാധകവും സ്വീകാര്യവുമായ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർത്താലുകൾക്ക് എല്ലാവരും സഹകരിച്ചെന്നിരിയ്ക്കും. പക്ഷെ എല്ലാ ഹർത്താലിനും ആസ്പദമായി ഉന്നയിക്കുന്ന വിഷയങ്ങളോട് എല്ലാവരും യോജിയ്ക്കണമെന്നില്ല. യോജിയ്ക്കാൻ കഴിയാത്തവർക്ക് ഹർത്താൽ ദിവസം അവരവരുടെ ജോലികൾ ചെയ്യാൻ കഴിയണം. അതായത് ഹർത്താലിൽ പങ്കു കൊള്ളണമെന്ന സ്നേഹപൂർവ്വമുള്ള ആഹ്വാനം ചെവിക്കൊള്ളാത്തവരെ അവരുടെ വഴിയ്ക്കു വിടുക. (അവരെ നോക്കി വയ്ക്കാമല്ലോ! അവർ സ്വന്തം ആളുകൾ അല്ല്ല്ലെന്നു മനസ്സിലാക്കുകയും ചെയ്യാം.)
പല കാര്യങ്ങൾക്കും ഹർത്താൽ ആചരിയ്ക്കാറുണ്ട്. രാഷ്ട്രീയപാർട്ടികൾ മാത്രമല്ല ഇവിടെ ഹർത്താൽ നടത്താറുള്ളത്. ഏതെങ്കിലും പ്രശസ്തരോ സർവ്വ സമ്മതരോ ആയ വ്യക്തികൾ മരിയ്ക്കുമ്പോൾ ദു:ഖ സൂചകമായി ഹർത്താൽ ആചരിയ്ക്കാറുണ്ട്. അതിൽ ബലപ്രയോഗം വേണ്ടി വരാറില്ല. ചിലപ്പോൾ ആരുടെയും ആഹ്വാനം തന്നെ വേണ്ടി വരാറില്ല. പ്രതിഷേധത്തിനു മാത്രമല്ല, ദു:ഖം പ്രകടിപ്പിയ്ക്കാനും സന്തോഷം പ്രകടിപ്പിയ്ക്കാനും ഹർത്താലുകൾ ആചരിക്കാറുണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ഹർത്താൽ നിരോധനം ന്യായീകരിയ്ക്കത്തക്കതല്ല. നാടിനെ മൊത്തം ബാധിയ്ക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ ജാതി-മത ഭേദമില്ലാത്ത ഹർത്താലുകളും പലപ്പോഴും നടക്കാറുണ്ടല്ലോ. മാത്രവുമല്ല ചില വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോൾ എത്ര നിരോധിച്ചാലും ജനം ഹർത്താൽ മാത്രമല്ല അതിനെക്കാൾ വലിയ സമരമുറകൾ തന്നെ എടുത്തു പ്രയോഗിച്ചെന്നുമിരിയ്ക്കും. പല മതവിഭാഗങ്ങാളും നടത്തുന്ന ചില ഉത്സവാഘോഷങ്ങൾ പലതും ഹർത്താലുകളെക്കാൾ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതിനോടൊന്നും ആർക്കും അസ്വസ്ഥതയില്ല. പിന്നെ ഹർത്താലിനോടു മാത്രം എന്തേ ഈ ഒരു എതിർപ്പ്? രാഷ്ട്രീയത്തോടുള്ള കുറ്റകരമായ ഒരു തരം അലർജിയാണിത്. കാരണം കൂടുതലും ഹർത്താലുകൾ നടത്തുന്നത് രാഷ്ട്രീയക്കാരാണല്ലോ! ഇനി മറ്റൊന്ന് ഈ ഹർത്താൽ എന്നത് ഏതെങ്കിലും ഒരു ആവശ്യം നേടിയെടുക്കാനുള്ള ഒരു സമരായുധമാണെന്ന അവകാശവാദത്തിൽ കഴമ്പൊന്നുമില്ല എന്നുള്ളതാണ്. ഹർത്താൽ കണ്ട് വിരണ്ട് ഒരു ഭരണ കൂടവും ഇന്നു വരെ ഒരാവശ്യം അംഗീകരിച്ചു കൊടുത്തതായി കൂടുതൽ അനുഭവങ്ങൾ ഒന്നും ഇല്ല. ഏതെങ്കിലും ഒരു ആവശ്യം ഉന്നയിച്ച് അത് അംഗീകരിയ്ക്കാതെ വരുമ്പോൾ ഒരു ഹർത്താൽ നടത്തി ആ സമരം അവസാനിപ്പിയ്ക്കുകയാണ് മിക്കപ്പോഴും കണ്ടു വരാറുള്ളത്. മാലപ്പടക്കത്തിനു സമാപ്തി കുറിച്ച് അവസാന വെടി കൂടുതൽ ഉച്ചത്തിൽ അമിട്ടായി പൊട്ടുന്നതുപോലെ.എന്നു വച്ച് ഏതെങ്കിലും ഒരു പ്രശ്നം ഉന്നയിച്ച് ആദ്യമേ തന്നെ ഹർത്താൽ നടത്തുന്നതും ശരിയല്ല. അതും അപ്രതീക്ഷിതമായി. ഒരു അവസാന കൈ ആയിട്ടേ ശക്തമായ ഒരു സമരമുറ എന്ന നിലയിൽ കഴിവതും ഹർത്താലിനെ ഉപയോഗിയ്ക്കാവൂ എന്നൊക്കെ വേണമെങ്കിൽ ഒരു ധാരണയിൽ എത്താം. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹർത്താൽ നടത്തുന്ന രീതി ശരിയല്ല. നടത്തേണ്ട സന്ദർഭം ഉണ്ടായാൽ ഹർത്താലല്ല, അതിനെക്കാളും വലിയ സമരമുറകളും ചിലപ്പോൾ നടത്തേണ്ടി വരും. അപ്പോൾ സാമൂഹ്യബോധമില്ലാത്തവരും അരാഷ്ട്രീയവാദികളും സ്വാർത്ഥരുമായ ചില മൂരാച്ചികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി സമരം ചെയ്യാതിരിയ്ക്കാനൊന്നും പറ്റില്ല. പിന്നെ എന്താണെന്നു വച്ചാൽ അവശ്യ സർവീസുകളിൽ കുറച്ചു വിഭാഗങ്ങളെക്കൂടി ഉൾപെടുത്തി ഹർത്താലിന്റെ കാഠിന്യം അല്പം കുറയ്ക്കുന്നതു നല്ലതാണ്.
ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളെ ഹർത്താലുകളിൽ നിന്നു പാടേ ഒഴിവാക്കണം. റോഡു ബ്ലോക്കിംഗും വഴിയിലെ അക്രമങ്ങളും ഒഴിവാക്കണം. ഒരു ദിവസം കടമമ്പോളങ്ങളും വ്യവസായങ്ങളും സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു എന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഒരു ദിവസം പട്ടിണി ആയി പോയാലും കുഴപ്പമൊന്നുമില്ല. നമ്മുടെ രാജ്യത്ത് ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരുന്ന പാവങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷെ വാഹനങ്ങളുടെ കാര്യം അങ്ങനെയല്ല. എപ്പോഴാണ് ആളുകൾക്ക് അസുഖം വരുന്നതെന്നും അപകടങ്ങൾ ഉണ്ടാകുന്നതെന്നും അറിയത്തില്ല. വാഹനം തടയപ്പെട്ടാൽ യഥാവിഥി ചികിത്സ കിട്ടാതെ ആളുകൾ മരിച്ചു പോകാം. അങ്ങനെയുള്ള അനുഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുള്ളതാണ്. അതുപോലെ പെട്ടെന്ന് ദൂരെയുള്ള വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ അവിടെയൊന്നു പോയി അവസാനമായി മരിച്ച ആളിനെ ഒന്നു കണ്ടു വരുവാൻ സാധിയ്ക്കണ്ടേ? അതിനു വാഹനം ഓടണ്ടെ? അതു പോലെ തന്നെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമൊക്കെ പണിയെടുക്കാൻ ദിവസവും സമയവും നിശ്ചയിച്ച് ടിക്കറ്റും എടുക്കുന്നവർക്ക് യഥാസമയം വിമാന താവളത്തിലും മറ്റും എത്താൻ കഴിയേണ്ടേ? അല്ലെങ്കിൽ ചിലപ്പോൾ അവരുടെ ജോലി തന്നെ നഷ്ടപ്പെട്ടെന്നിരിയ്ക്കും. അതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന ലാഘവത്തിൽ നമുക്കു തള്ളിക്കളയാൻ ആകില്ല. മുൻ കൂട്ടി നിശ്ചയിക്കുന്ന വിവാഹം തുടങ്ങി മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങളെയും ബാധിയ്ക്കുന്നതാണു ഗതാഗത തടസ്സം. അതു പോലെ പെട്ടെന്നുണ്ടാകുന്ന മിന്നൽ ഹർത്താലുകൾ മൂലം ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവർ പാതി വഴിയിൽ ആയിപ്പോകും. ചിലപ്പോൾ ഒരാൾ ഒരു കാര്യ സാദ്ധ്യത്തിനു കാസർകോടുനിന്ന് തിരുവനന്തപുരത്ത് എത്തുമ്പോഴായിരിയ്ക്കും ഹർത്താൽ ഉണ്ടാവുക. വന്ന കാര്യം ഒട്ടു നടക്കുകയുമില്ല; തിരിച്ചു പോകാനും കഴിയില്ല. അങ്ങനെ പല ബുദ്ധിമുട്ടുകളും ഗതാഗത സ്തംഭനം മൂലം ഉണ്ടാകാം. അങ്ങനെ ഏതു വിധത്തിൽ നോക്കിയാലും ആശുപത്രി ഉൾപ്പെടെ മറ്റ് അവശ്യ സർവീസുകൾ പോലെ ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളെ പാടേ ഹർത്താലിൽനിന്നും നിന്നും ഒഴിവാക്കി നിർത്തേണ്ടതാണ്.
ഏതായാലും ഹർത്താൽ വിജയിക്കണമെങ്കിൽ ജനങ്ങൾക്ക് അല്പം ഭയമൊക്കെ ഉണ്ടാകണം എന്നിരിയ്ക്കിലും ഹർത്താൽ ദിവസം അതിന് ആഹ്വാനം ചെയ്യുന്നവരുടെ അനുയായികൾ തെരുവിലിറങ്ങി ആളുകളെയും, നിരത്തിലിറങ്ങുന്ന വാഹനങ്ങളെയും നേരിട്ടും പതിയിരുന്നും ആക്രമിയ്ക്കുന്ന പരമ്പരാഗത രീതി അവസാനിപ്പിയ്ക്കണം. ഹർത്താൽ ദിവസം അത്യാവശ്യക്കാർ മാത്രമേ ജീവൻ പണയം വച്ച് വാഹനത്തിൽ സഞ്ചരിയ്ക്കൂ എന്ന കാര്യമെങ്കിലും പരിഗണിച്ച് അവരെ ഉപദ്രവിക്കാതിരിയ്ക്കണം.അക്രമമൊന്നും ഇല്ലാതെ തന്നെ പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ വിജയിപ്പിയ്ക്കാനും ജനാധിപത്യം സാക്രികമാക്കി മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന നിലയിൽ കുറച്ചൊക്കെ പക്വത ആർജ്ജിച്ചു വരുന്നുണ്ട് നമ്മുടെ ജനാധിപത്യം. അല്ലെങ്കിൽ അങ്ങനെ ഒരു സംസ്കാരം കൊണ്ടുവരാൻ രാഷ്ട്രീയപാർട്ടികളും ജനങ്ങൾ ആകെത്തന്നെയും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും പരിശ്രമിയ്ക്കണം. ഇവിടെ കേരളമാകെ ഹർത്താൽ ആഹ്വാനം ചെയ്ത് വിജയിപ്പിയ്ക്കുവാൻ കഴിയുന്ന രാഷ്ട്രീയപാർട്ടികൾ മൂന്നെണ്ണമാണ്. സി.പി.എം, കോൺഗ്രസ്സ്, ബി,ജെ.പി. മുസ്ലിം ലീഗ് ഉൾപ്പെടെ മറ്റു രാഷ്ട്രീയ കക്ഷികൾക്കൊക്കെ ചില പ്രത്യേക മേഖലകളിൽ ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയും. ബി.ജെ.പി അനുയായികൾ എണ്ണത്തിൽ കുറവാണെങ്കിലും കായികമായി കേരളത്തിൽ അങ്ങോളമിങ്ങോളം കുറച്ചു കരുത്തുള്ളവരാണ്. അതുകൊണ്ട് അവർക്കും ഹർത്താൽ വിജയിപ്പിയ്ക്കാൻ കഴിയുന്നു. പിന്നെ സി.പി.എമ്മും, കോൺഗ്രസ്സും കേരളത്തിൽ എവിടെയും കായികശക്തി ഉള്ളവരാണ്. പച്ചയ്ക്കു പറഞ്ഞാൽ അക്രമ പ്രവർത്തനങ്ങൾ നടത്താനുള്ള കരുത്തുള്ളവർ എന്നർത്ഥം. അതുകൊണ്ടു തന്നെ അവർ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾ കേരളമാകെ സമ്പൂർണ്ണ വിജയം ആയിരിയ്ക്കും. അതായത് ഇവിടെ ഹർത്താലിനെ സംബന്ധിച്ച് എന്തെങ്കിലും ചില മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിൽ സി.പി.എം, കോൺഗ്രസ്സ്, ബി.ജെ.പി, എന്നീ കക്ഷികൾക്കു തന്നെയാണ് നിർണ്ണായകമായ പങ്ക് വഹിയ്ക്കാൻ കഴിയുക. എല്ലാ രാഷ്ട്ട്രീയ കക്ഷികളും കൂടിയിരുന്ന് ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തണമെന്നൊക്കെ പറയുന്നത് എത്രകണ്ട് പ്രായോഗികമാകുമെന്നറിയില്ല.പക്ഷെ ഓരോ പാർട്ടികൾക്കും ഇക്കാര്യത്തിൽ; ഒറ്റയ്ക്കൊറ്റയ്ക്ക് പ്രായോഗികമായ ചില തീരുമാനങ്ങളൊക്കെ എടുക്കാൻ സാധിയ്ക്കും. ആ തീരുമാനങ്ങൾ ഏതാണ്ടൊക്കെ ഒത്തു വരികയും ചെയ്തെന്നിരിയ്ക്കും. അങ്ങനെ ഒരു സമവായത്തിനു നമുക്ക് കാതോർക്കാം.അല്ലാതെ റ്റി. വി ചാനലിൽ കയറിയിരുന്ന് വായിലുവരുന്നതു കോതയ്ക്കു പാട്ടെന്ന മട്ടിൽ ചർച്ച ചെയ്തതുകൊണ്ട് മാത്രം ഒരു കാര്യവുമില്ല. പക്ഷെ ചാനലുകൾ അടക്കം മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ ഗുണകരമായ പങ്ക് വഹിയ്ക്കാൻ കഴിയും എന്നത് നിഷേധിയ്ക്കുന്നുമില്ല.
പിൻകുറിപ്പ്: ഇന്നിപ്പോൾ ഹർത്താൽ ഒരു ആഘോഷമായി മാറിയിട്ടുണ്ട്. മുൻ കൂട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താലാണെങ്കിൽ പ്രത്യേകിച്ചും. പലരുടെയും വീട്ടിൽ അന്ന് ഓണം ആയിരിയ്ക്കും. ചിലർ കാലേക്കൂട്ടീ കോഴിയിറച്ചിയും കുപ്പിയുമെല്ലാം വാങ്ങി തയ്യറാക്കി വയ്ക്കുന്നു. ഹർത്താൽ അടിച്ചു പൊളിയ്ക്കുന്നു. മൊബൈലിലൂടെ വേണ്ടപ്പെട്ടവർക്കെല്ലാം ഹർത്താൽ ആശംസകൾ നേരുന്നു!
No comments:
Post a Comment