Sunday, March 13, 2011

ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്


ഇടതുമുന്നണി ഭരണത്തിന് എഴുപതിന് മുകളിൽ മാർക്ക്

ഒരു സംസ്ഥാന ഗവർണ്മെന്റിന് ഒരുപാട് പരിമിതികളുണ്ട്.പ്രത്യേകിച്ചും കേന്ദ്രം ഭരിക്കുന്ന മുന്നണി സംസ്ഥാനം ഭരിക്കുന്ന മുന്നണിയ്ക്ക് അനുകൂലമായ മുന്നണിയല്ലെങ്കിൽ. അധികാരത്തിന്റെ കാര്യത്തിലും സംസ്ഥാനത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട്. എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി തീരുമാനിച്ച് നടപ്പിലാ‍ക്കാനാകില്ല. ഈ പരിമിതികൾ എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നതിനാൽ നൂറുശതമാനം സംതൃപ്തിയോടെ ഭരിക്കാനോ വിജയിക്കാനോ ഒരു സംസ്ഥാന ഭരണകൂടത്തിന് കഴിയില്ല.

ഒരു സംസ്ഥാന ഭരണകൂടത്തിന് പരമാവധി പോയാൽ ഒരു തൊണ്ണൂറു ശതമാനം വിജയം കൈവരിക്കാൻ കഴിയും. അതിനെ സമ്പൂർണ്ണ വിജയമായിത്തന്നെ കണക്കാക്കാം. കാരണം അതിനപ്പുറം പോകാൻ കഴിയില്ലല്ലോ. എന്നാൽ ഒരു അറുപത് ശതമാനത്തിനു മേൽ മാർക്ക് നേടാൻ ഒരു സംസ്ഥാന സർക്കാരിന് കഴിഞ്ഞാൽ ആ ഗവർണ്മെന്റിനു ഗൂഡ് സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. അറുപതിനു മുകളിൽ മാർക്ക് വാങ്ങുന്ന ഒരു ഗവർണ്മെന്റിനെ നയിക്കുന്ന മുന്നണിയ്ക്ക് തുടർന്നു ഭരണം നേടാൻ അർഹയുണ്ടായിരിക്കും. ആ അർഹത അംഗീകരിക്കേണ്ടത് വോട്ടർമാരാണ്.

അപ്പോൾ കേരളത്തിലെ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർന്നും അധികാരത്തിൽ വരേണ്ടത് വികസന മുന്നേറ്റത്തിന് അനിവാര്യമാണ്. നിഷ്പക്ഷതയുടെ മൂടുപടം അണിഞ്ഞവർ പോലും ഈ ഗവർണ്മെന്റിന് എഴുപത് മാർക്കിന് മുകളിൽ നൽകുന്നുണ്ട് എന്നിരിക്കെ ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ തൊണ്ണൂറുശതമാനം വിജയകരമായ വികസന മുന്നേറ്റത്തിന് അത് സഹായമരമാകും എന്നതിൽ സംശയമില്ല.

ഇടതുപക്ഷ അനുകൂലികൾ ഈ ഗവർണ്മെന്റിന് എൺപത് ശതമാനം റേറ്റിംഗ് നൽകുന്നുണ്ട്. അത് ഒരു അവകാശവാദമായി കരുതിയാലും നിഷ്പക്ഷരും ഇടതുപക്ഷ വിരുദ്ധരും നൽകുന്ന എഴുപത് ശതമാനം റേറ്റിംഗിനെ ആർക്കും നിഷേധിക്കാനാകില്ല. നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ ഏറ്റവും മികച്ച ഭരണമാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം കാഴ്ചവച്ചിട്ടുള്ളത്.

Wednesday, March 9, 2011

എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ശ്രമം തുടങ്ങി

എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ചാനൽ ശ്രമം; തെരഞ്ഞെടുപ്പ് സർവ്വേകൾ നിരോധിക്കണം !

എല്‍.ഡി.എഫ് വിജയം കാംക്ഷിക്കുന്നവര്‍ പ്രതിഷേധിക്കുക!

എൽ.ഡി.എഫ് വിജയം അട്ടിമറിക്കാൻ ചാനൽ ശ്രമം. ഏഷ്യാനെറ്റ് സർവ്വെ ഫലം യു.ഡി.എഫിന് അനുകൂലമെന്ന്. ഇടതുമുന്നണിക്കനുകൂ‍ലമായി ജനവിധി വരുമെന്ന് ഉറപ്പായതോടെ അങ്കലാപ്പിലായ യു.ഡി.എഫ് പാളയത്തെ രക്ഷിച്ചെടുക്കാനുള്ള ഗൂഢ പദ്ധതിയാണിത്. ഇത്തവണ തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാം. ഏഷ്യാനെറ്റ് സർവ്വേയിൽ തെക്കൻ കേരളത്തിൽ യു.ഡി.എഫ് മുന്നിലാണത്രേ!

മലബാർ മേഖലയിൽ എൽ.ഡി.എഫിനു മുൻ തൂക്കമെന്നും. അത്രയെങ്കിലും ഇപ്പോൾ സമ്മതിക്കാതെ പറ്റില്ലല്ലോ. എന്നിട്ടും എൺപത്തി ഏഴിനപ്പുറം സീറ്റ് യു.ഡി.എഫിന് കിട്ടുമെന്ന് സർവ്വേ ഫലം പറയുന്നില്ലത്രേ. നോക്കണേ നൂറ്റിപ്പത്തിൽ കിടന്ന പ്രതീക്ഷ ഇടിഞ്ഞ് താണത്. തെരഞ്ഞെടുപ്പിന്യെ സ്വാധീനിക്കും എന്നതിനാൽ സർവ്വേകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തടയേണ്ടതാണ്.

പാവങ്ങൾക്ക് മുൻ തീരുമാനപ്രകാരം രണ്ട് രൂപയ്ക്ക് അരി കൊടുക്കാനുള്ള നടപടി നിറുത്തിവയ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ദുരുദ്ദേശ കപട സർവ്വേകളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല? ആർക്കാണ് ആരു ജയിക്കുമെന്നറിയാൻ ഇത്ര തിടുക്കം? ആർക്ക് വേണ്ടിയാണ് സർവ്വേ? ഇത് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ചാനലുകളെയും സർവ്വേ നടത്തുന്ന മറ്റ് ഏജൻസികളെയും കർശനമായി നിയന്ത്രിക്കണം

Thursday, June 24, 2010

റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ....

റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ.....

റോഡരികിൽ പൊതു യോഗങ്ങൾ നടത്തരുതെന്ന് ബഹുമാനപ്പെട്ട ഹിക്കോടതി വിധി! അങ്ങനെ ഒരു ജനാധിപത്യാവകാശം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. പെരുകി വരുന്ന റോഡപകടങ്ങളാണത്രേ ഇത്തരം ഒരു വിധിക്കുള്ള പ്രേരണകളിൽ ഒന്ന്. ഇതു കേട്ടാൽ തോന്നും എന്നും ഇവിടെ റോഡിൽ പൊതുയോഗങ്ങളാണെന്ന്. കാരണം റോഡപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. ഇതൊക്കെ റോഡരികിൽ പൊതുയോഗങ്ങൾ നടക്കുന്നതുകൊണ്ടാണോ?

പൊതു യോഗങ്ങൾ മൈതാനങ്ങളിൽ ഒതുക്കണമെന്നാണു കോടതി നിർദ്ദേശം. കൊള്ളാം! പണ്ടും വലിയ പൊതു സമ്മേളനങ്ങളൊക്കെ വലിയ മൈതാനങ്ങളിൽ വച്ചു തന്നെയാണു നടത്തിയിരുന്നത്. ഇന്നും അങ്ങനെ തന്നെ. എന്നാൽ ചെറു യോഗങ്ങളൊക്കെ റോഡരികിലാണ് നടത്തി വരുന്നത്. റോഡരികെന്നു പറയുമ്പോൾ നാലാളു കൂടുന്ന ഏതെങ്കിലും ഒരു ജംഗ്ഷനിലെ റോഡരികിലാണ് സാധാരണ പൊതു യോഗങ്ങൾ നടക്കാറ്. ഇത് യോഗത്തിൽ പറയുന്ന കാര്യങ്ങൾ നാലാളു കാണാനും കേൾക്കാനുമാണു നടത്തുന്നത്. ഒഴിഞ്ഞ മൈതാനിയിൽ കൊണ്ടുവച്ച് എല്ലാ യോഗങ്ങളും നടത്തിയിട്ട് എന്തു കാര്യം?

രാഷ്ട്രീയ പാർട്ടികളാണ് പ്രധാനമായും ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പൊതു യോഗങ്ങൾ നടത്താറ്. അവയെ ഇല്ലാതാക്കുകയെന്നതു തന്നെയാണ് വിധി ശരിക്കും ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയാവകാശങ്ങളുടെ നിഷേധമാ‍ണിത്. ഇത് ഭരണ ഘടനാ ലംഘനമാണ്. ഒരു സമര രൂപമായ ബന്ദ് മുമ്പേ നിരോധിച്ചു. കലായങ്ങളിലെ രാഷ്ട്രീയം നിരോധിച്ചതിനു തുല്യമായ നിബന്ധനകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു. തന്മൂലം കലാലയങ്ങൾ അരാജകത്വത്തിലേയ്ക്ക് നീങ്ങുന്നു.

ഇപ്പോളിതാ പൊതു യോഗങ്ങൾ നടത്താനുള്ള അവകാശവും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനു പിന്നിൽ അരാഷ്ട്രീയ വാദമാണ്. ഏതോ അരാഷ്ട്രീയ വാദികളായിരിക്കണം ഇങ്ങനെ ഒരു വിധി വരാൻ കാരണമായ ഹർജി നൽകിയിട്ടുണ്ടാകുക. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി സമ്മേളിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനും ഒക്കെയുള്ള അവകാശമുണ്ട്. അവയുടെ നിഷേധമാണ് വിധി. ഇത് ജനാധിപത്യ ധ്വംസനമല്ലാതെ മറ്റൊന്നുമല്ല.

ജനങ്ങളിൽ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രബുദ്ധത ഉണ്ടാക്കിക്കൊടുക്കുന്നതിൽ കവലയോഗങ്ങൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. അതൊക്കെ റോഡിന്റെ ഒരു ഓരം പറ്റി നടത്തിയതുകൊണ്ട് ഒരാകാശവും ഇതുവരെ ഇടിഞ്ഞു വീണിട്ടില്ല. ഇതൊന്നുമില്ലെങ്കിൽ എന്തു ജനധിപത്യം? ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് ഏതെങ്കിലും വ്യക്തിക്കോ ഏതാനും വ്യക്തികൾക്കോ ഉണ്ടായ ഒറ്റപ്പെട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു നൽകുന്ന ആവലാതിയിന്മേൽ ഇത്തരം വിധി നൽകി ജനാധിപത്യത്തെ മൊത്തത്തിൽ ദുർബലപ്പെടുത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ ബഹുമാനപ്പെട്ട കോടതികൾക്ക് ചേർന്നതല്ല.

ആശയപ്രകാശനത്തിനുള്ള അവകാശം നിഷേധിക്കുന്ന വിധിക്കെതിരെ ഡി.വൈ.എഫ്. ഐയുടെ പ്രതികരണം വന്നിട്ടുണ്ട്. ഇനി മറ്റു സംഘടനകളും വിധിയിൽ ഒളിഞ്ഞിരിക്കുന്ന നഗ്നമായ ജനാധിപത്യ ധ്വംസനത്തിനെതിരെ രംഗത്തു വരേണ്ടതാണ്. വിധി നിലനിന്നാൽ ഇനി ഒരു കാൽനട ജാഥ പോലും നടത്താൻ കഴിയില്ല. കാൽനടജാഥകൾ നടത്തുന്നത് സാധാരണ പൊതു വഴികളിലൂടെയാണ്. (നാളെ ഇതും നിഷേധിച്ചുകൊണ്ട് കോടതി വിധി വന്നേക്കാം). കാൽനടജാഥകൾ ചുമ്മാ അങ്ങു പോകുന്നവയല്ല. ഇടയ്ക്ക് ആളുകൂടുന്ന ജംഗ്ഷനുകളിൽ സ്വീകരണങ്ങളുണ്ടാകും. ജാഥയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രസംഗങ്ങളുണ്ടാകും.

ആശയ പ്രചരണം അവരവരുടെ വീട്ടിൽ കതകടച്ചിരുന്ന് നടത്തേണ്ട ഒന്നല്ല. സമരങ്ങൾ അവരവരുടെ വീട്ടുമുറ്റത്ത് ഒറ്റയ്ക്ക് നടത്താവുന്നവയല്ല. പൊതു സ്ഥലങ്ങളിൽ തന്നെയാണ് ജനാധിപത്യ പ്രവർത്തനങ്ങൾ ഒക്കെ നടത്തി വരുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പും രാഷ്ട്രീയ പ്രവർത്തനവും സമരവും ഒക്കെ നടത്തിയിരുന്നത് തെരുവുകളിൽതന്നെയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യമായ പങ്ക് വഹിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. രാഷ്ട്രീയ പാർട്ടികളുടെ സമാധന പരമയ ഏതു പ്രവർത്തനങ്ങൾക്കും തടയിടുന്നത് ജനാധിപത്ത്യവിരുദ്ധമാണ്.

(അറിഞ്ഞുടൻ ഉറക്കപ്പിരാന്തിലിരുന്ന് എഴുതിയതാണ്. പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടേക്കും)

അനുബന്ധം:

പോസ്റ്റിനു് ആദ്യം കമന്റു നൽകിയ ജയപ്രകാശിന്റെ വരികളും അതിനുള്ള മറുപടിയും കൂടി അനുബന്ധമായി ചേർക്കുന്നു.

Dear Saji,

No civic concious citizen would say that road is also meant for the political parties to show their might. Road is meant for vehicular traffic. Court has upheld and protected our civic rights. Be more civic concious and sensible, Mr. Saji.

Jayaprakash, Maldives.
jayaprakashts@gmail.com

പ്രിയ ജയപ്രകാശ്,

റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്. പോലീസും ഇക്കാര്യത്തിൽ സഹയിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ മുഴുവൻ വിവരദോഷികളാണെന്നു കരുതുന്നതുശരിയല്ല.

വാഹനങ്ങൾ ആൾക്കൂട്ടം കാണുമ്പോൾ ഒന്നു സ്ലോ ചെയ്തു പോകേണ്ടിവരും. അതിപ്പോൾ എവിടെയെങ്കിലും മറ്റുതരത്തിൽ ട്രാഫിക്ക് തടസം ഉണ്ടാകുമ്പോഴും ഒന്നു സ്ലോ ചെയ്യേണ്ടതായോ അല്പം ചവിട്ടേണ്ടതായൊ വരാമല്ലോ. അല്ലാതെ വാഹന അപകടങ്ങൾക്ക് മുഴുവൻ പൊതുയോഗങ്ങളാണ് കാരണമെന്നൊക്കെ നിരീക്ഷിക്കുന്നതി ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ടാണ്.

ഇപ്പോൾ പ്രകടനങ്ങൾ നടത്തുന്നത് പബ്ലിക്ക് റോഡിലൂടെയാണല്ലോ നാളെ അതുംകൂടി വിലക്കിയാൽ എവിടെ പ്രകടനം നടത്തും. അവനവന്റെ വീട്ടു വളപ്പിലോ? സുഹൃത്തേ ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭവികമാണ്. ഇതൊന്നും കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണു നല്ലത്!

നാലാമത് വന്ന അനോണിമസ് കമന്റു കൂടി അനുബന്ധമായി താഴെ ചേർക്കുന്നു:

ഹൈക്കോടതി വിധി, റോഡരികിൽ പൊതുയോഗങ്ങളും മറും നിരോധിച്ചു കൊണ്ടുള്ള വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷെ ഒരു സംശയം, രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗം മാത്രമല്ലല്ലൊ പ്രശ്നം. റോഡരികിലല്ല നടുറോടിൽ പോലും ആനയും അമ്പാരിയും എഴുന്നുള്ളിച്ച് ഉൽസവം നടത്തുന്നത്, റോഡ് ബ്ളോക്ക് ചെയ്ത് പള്ളികളിൽ പരിപാടി നടത്തുന്നത് നിരോധിക്കുമോ?

എന്തോക്കെയായാലും രാഷ്ട്രീയ പാർട്ടികൾ മനുഷ്യന് ആത്യന്തികമായി ഗുണമേ ചെയ്യൂ ചെയ്തിട്ടുള്ളു. എന്നാൽ മതങ്ങൾ എന്നും മനുഷ്യനെ പിന്നോക്കം വലിച്ചിട്ടേയുള്ളു. നോക്കൂ കോടതി പുരോഗമനത്തെ തടയുന്നതു കണ്ടോ, എത്ര ലാഘവത്തോടെയുമാണത് ചെയ്യുന്നതെന്നും കണ്ടോ

Friday, February 26, 2010

യു.കലാനാഥൻ മാസ്റ്ററെ സി.പി.എം -ൽ തിരിച്ചെടുക്കണം

യു. കലാനാഥൻ മാസ്റ്ററെ സി.പി. ഐ (എം)-ൽ തിരിച്ചെടുക്കണം

2010 ഫെബ്രുവരി 28 തീയതിവച്ച് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേരള യുക്തിവാദിസംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററുമായുള്ള അഭിമുഖത്തിന്റെ വെളിച്ചത്തിൽ എഴുതുന്നതാണ് ഈ കുറിപ്പ്.

വർഷങ്ങൾക്കു മുമ്പ് മതങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തെ ചൊല്ലി സി.പി.എമ്മിൽ നിന്നും പുറത്താക്കിയ കേരള യുക്തിവാദി സംഘം സംസ്ഥാന പ്രെസിഡന്റ് യു. കലാനാഥൻ മാസ്റ്ററെ പാർട്ടിയിൽ തിരിച്ചെടുക്കണം. ഇതിന് സ. പിണറായി വിജയൻ മുൻ കൈ എടുക്കണം. തീർച്ചയായും സഖാവ് പിണറായിക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്ന് ഈയുള്ളവൻ വിശ്വസിക്കുന്നു. വി.എസിനും ഇക്കാര്യത്തിൽ കടമയുണ്ട്. മത വിശ്വാസികൾക്ക്പോലും പാർട്ടിയിൽ അംഗമാകാമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള സ്ഥിതിക്ക് മതമില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുന്നത് ശരിയല്ല.

തന്റെമേൽ പാർട്ടി നടപടിയെടുത്തിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സി.പി.എമ്മി നോടുള്ള അചഞ്ചലമായ കൂറ് നിലനിർത്തി പോരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കലാനാഥനെ പാർട്ടി അംഗത്വത്തിനു പുറത്തുനിർത്തുന്നത് അദ്ദേഹത്തോട് കാട്ടുന്ന അനാദരവാണെന്ന് നാളെ ചരിത്രം വിലയിരുത്തും. കലാനാഥൻ പാർട്ടിയിൽ നിന്നും പുറത്തു പോകാനുണ്ടായ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് ഇന്നത്തെ സാഹചര്യം. കലാ‍നാഥനെ പോലെ ഒരാളെ തിരിച്ചെടുക്കുന്നതിൽ പാർട്ടി ആരെയും ഭയക്കേണ്ടതില്ല. അല്ലെങ്കിൽ തന്നെ പാർട്ടി, ആരെ എന്തിനെ ഭയക്കണം?

പാർട്ടി വിശ്വസിച്ച് കൊണ്ടുവന്ന പലരും അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിർപക്ഷങ്ങളിലേക്ക് കൂറു മാറുമ്പോഴും ഒന്നും നേടാൻ വേണ്ടി എങ്ങോട്ടും ചാഞ്ചാടാതെ നിന്ന കലാനാഥൻ മാസ്റ്ററെ യുക്തിവാദി ആയി പോയതിന്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിച്ചു നിർത്തുന്നത് തീരെ ശരിയല്ല. അല്ലെങ്കിൽതന്നെ പാർട്ടിക്കുള്ളിൽ നിൽക്കുന്ന നല്ലൊരു പങ്ക് നേതാക്കളും പ്രവർത്തകരും യുക്തിവാദിസംഘം പ്രവർത്തകർ അല്ലെങ്കിലും സത്യത്തിൽ തികഞ്ഞ യുക്തിവാദികൾ തന്നെയാണ് എന്നതല്ലേ സത്യം?

കൂടാതെ പാർട്ടിയിൽ അംഗത്വവും ചുമതലകളും ഉള്ള എത്രയോ പേർ യുക്തിവാദി സംഘത്തിലും പ്രവർത്തിക്കുന്നു. പിന്നെ അതിന്റെ സംസ്ഥാന പ്രെസിഡന്റിനെ എന്തിനു പാർട്ടിയിൽ നിന്നും പുറത്ത് നിർത്തുന്നു? യുക്തിവാദി സംഘം മതങ്ങളെയും മത സംഘടനകളെയും കാൾ നീചമാണോ?

പാർട്ടിക്ക് നേരിട്ട് നടത്താൻ കഴിയാത്ത പല കാമ്പെയിനുകളും ഏറ്റെടുത്ത് നടത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമല്ലേ യുക്തിവാദി സംഘം? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? ഭൂരിപക്ഷം മതവിശ്വാസികൾ ജീവിക്കുന്ന സമൂഹത്തിൽ പാർട്ടിക്കുള്ള പരിമിതികൾ കുറച്ചെങ്കിലും പരിഹരിക്കാൻ സഹായിക്കുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തെ ദോഷൈകദൃഷ്ടിയോടെ നോക്കി കാണുന്നത് ശരിയാണോ?

നോക്കൂ, ബംഗാളിൽ ജ്യോതി ബാസു അടക്കമുള്ള നേതാക്കൾ അവരുടെ കണ്ണുകൾ ദാനം ചെയ്യുകയും മൃതുദേഹങ്ങൾ മെഡിക്കൽ പഠനത്തിനു വിട്ടു കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഇതൊക്കെ തന്നെയല്ലേ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം ആദർശപരമാ‍യ ദുശാഠ്യങ്ങൾ ചില യുക്തിവാദികളിൽ ഉണ്ടായിരിക്കാം. പക്ഷെ ആ ദുശാഠ്യത്തിനുപിന്നിൽ ഉള്ളത് ആശയപരമായ ഒരു ആത്മാർത്ഥതയാണെന്ന സത്യം നമുക്ക് അംഗീകരിച്ചുകൂടെ?

ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പല കൊടിയ അന്ധവിശ്വാസങ്ങൾ പോലും വച്ചു പുലർത്തുന്ന എത്രയെങ്കിലും ആളുകൾ സി.പി.എം അംഗങ്ങളും നേതാക്കളും പ്രവർത്തകരും ആയിരിക്കുമ്പോഴാണ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന അതിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള കലാനാഥൻ മാഷിനെ പോലുൽളളവർ പാർട്ടിയിൽ അംഗത്വമില്ലാത്തതിൽ മനം നൊന്തു കഴിയുന്നത്.

നേരിയ ചില അഭിപ്രായ വ്യത്യാസങ്ങളുടെയും അന്നത്തെ ചില രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെയും സമ്മർദ്ദം കൊണ്ടായിരിക്കണം പതിറ്റാണ്ടുകൾക്ക് മുമ്പ് കലാനാഥനു മേൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുള്ളത്. അത് തിരുത്താൻ പാർട്ടിക്കും പാർട്ടിയോട് പൊരുത്തപ്പെടാൻ കലാനാഥനും സമയം അതിക്രമിച്ചിരിക്കുന്നു. കലാനാഥൻ അന്ന് പാർട്ടിയിൽ നിന്ന് പുറത്തു പോയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഡൽഹിയിലോ തിരുവനന്തപുരത്തോ എ.കെ. ജി സെന്ററുകളിലോ അതുമല്ലെങ്കിൽ പാർട്ടിയുടേ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ പ്രധാനപ്പെട്ട ചുമതലയിൽ ഇരുന്നു കൊണ്ട് വിലപ്പെട്ട സേവനങ്ങൾ പാർട്ടിക്ക് നൽകുമായിരുന്നു.

യുക്തിവാദി സംഘത്തിനുള്ളിൽ പവനനും കലാനാഥനും ചിലപ്പോഴൊക്കെ ചർച്ചകളിലും ഡിബേറ്റുകളിലും മറ്റും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കോഴിക്കോട്ട് യുക്തിവാദി സംഘം സമ്മേളനം നടക്കുമ്പോൾ പ്രതിനിധികളുടെ ചർച്ചയിൽ ചില പ്രതിനിധികൾ അതിരുവിട്ട് സംഘം ഭാരവാഹിയായ കലനാഥൻ മാസ്റ്ററെ വിമർശിച്ചപ്പോൾ പവനൻ സാർ രോഷത്തോടെ ചാടിയെഴുന്നേറ്റ് ആ പ്രതിനിധികളെ ശാസിച്ചത് ഈയുള്ളവൻ ഓർക്കുന്നു.

അന്ന് പവനൻ പറഞ്ഞത് യുക്തിവാദി സംഘം ഉപേക്ഷിച്ച് പാർട്ടിയിൽ നിന്നിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ഉന്നതമായ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈ ദുർബലമായ പ്രസ്ഥാനം കൊണ്ടു നടക്കുന്ന കലാനാഥനെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ്. പവനൻ അത് അല്പം കടുപ്പിച്ച് തന്നെ പറയുകയുണ്ടായി. യുക്തിവാദി സംഘത്തിന് കലാനാഥനോടുള്ള കടപ്പാട് പവനന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. പവനസാർ അന്നു പറഞ്ഞതുപോലെ നിശ്ചയമായും പാർട്ടിനേതൃത്വത്തിൽ തിരക്കുള്ളൊരു ചുമതല കലാനാഥൻ മാഷിനു ലഭിക്കുമായിരുന്നു.

എന്തൊക്കെ താൽക്കാലികമായ തിരിച്ചടികൾ ഉണ്ടായാലും തീർച്ചയായും സി.പി.എമ്മിലും അതു നേതൃത്വം കൊടുക്കുന്ന ഇടതുപഷത്തിലും മാത്രമാണ് മാനവികതയിൽ വിശ്വസിക്കുന്ന ആർക്കും പ്രതീക്ഷകൾ ഉള്ളത്. അതുകൊണ്ട് സി.പി.എം കുറച്ചുകൂടി അവസരത്തിനൊത്ത് ഉയരാനും നിലപാടുകളിൽ കുറച്ചുകൂടി ചങ്കൂറ്റം കാണിക്കാനും തയ്യാറാകണം. മതങ്ങളെ ഭയന്ന് പുരോഗമനാശയങ്ങൾ വച്ചു പുലർത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്തു നിർത്തുന്ന സമീപനം പാർട്ടിക്ക് സ്വീകരിച്ചു കൂട. ഇതൊരു അപേക്ഷയാണ്.

സ.കലാനാഥൻ മാസ്റ്റർ ഇന്നും വിശ്വസിക്കുന്ന സി.പി.ഐ (എം) -ൽ അദ്ദേഹത്തിന് അംഗത്വം നൽകണം. അത് പാർട്ടിയുടെ കടമയാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഈ സായന്തനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം നൽകണം. പ്രത്യേകിച്ചും സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ സേവനങ്ങൾ പാർട്ടിക്ക് ഇനിയും ഒരു മുതൽക്കൂട്ടായിരിക്കും.

മാത്രവുമല്ല മാർക്സിസം അരച്ചു കലക്കി കുടിച്ച ഒരു അടിയുറച്ച മാർക്സിസ്റ്റുകാരനാണ് അദ്ദേഹം. മാനവികതയുടെ മൂർത്തരൂപമെന്നു വിശേഷിപ്പിക്കാവുന്ന ഈ നല്ല മനുഷ്യനെ പാർട്ടി അവഗണിച്ച് സ്വയം തെറ്റു തുടരുന്നതെന്തിന്? അതുകൊണ്ട് മാഷിനോട് പാർട്ടി ഉടൻ നീറ്റി ചെയ്യുക. തീർച്ചയായും അതിനുള്ള ആർജ്ജവം സി.പി.ഐ (എം)-നുണ്ട്; ഉണ്ടാകണം!

Tuesday, February 16, 2010

ടാറ്റയുടെ സാമ്രാജ്യം


റ്റാറ്റയുടെ സാമ്രാജ്യം

ആയിരത്തി തൊള്ളയിരത്തി നാല്പത്തിയേഴിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു നമ്മൾ മനസിലാക്കിയിട്ടുണ്ട്. അതില്പിന്നെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായെന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒരു ഭരണഘടനയും അതിൻപ്രകാരം ഒരു ഭരണവ്യവസ്ഥിതിയും നീതിന്യായ വിഭാഗവും മറ്റും പ്രവർത്തിക്കുന്നതായും നമുക്കറിയാം. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും അതിൻപ്രകാരം ഭരണകൂടങ്ങൾ മാ‍റിമാറിവരുന്നതും നമുക്ക് നാളിതുവരെയും അനുഭവമുള്ളതാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇവിടുത്ത പൌരന്മാർ എന്ന നിലയിൽ നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വേറെയും പല കാര്യങ്ങളും നമുക്കറിയാം. എന്നാൽ നമുക്ക് അറിയാവുന്നതിനപ്പുറം നമുക്ക് അറിയാവുന്നവയ്ക്ക് നേർവിപരീതമായ പല കാര്യങ്ങളും ഉണ്ടെന്നും അങ്ങനെ ഒരുപാടറിവുകൾ നമുക്ക് മിസ് ആകുന്നുണ്ടായിരുന്നെന്നും ഉള്ള ചില പുതിയ അറിവുകൾ നമ്മെ തേടിയെത്തുകയാണിപ്പോൾ!

ഇവിടെ വിവരങ്ങൾ അറിയുവാൻ മറ്റേതൊരു രാജ്യത്തെയുമെന്ന പോലെ ഒരുപാട് സൌകര്യങ്ങൾ നമുക്കുമുണ്ട്. മാധ്യമങ്ങളായ മാധ്യമങ്ങൾ. അതും ദൃശ്യവും ശ്രവ്യവും. പത്രങ്ങൾ, ആനുകാലികങ്ങൾ, ചാനലുകളായ ചാനലുകൾ. വിവരസാങ്കേതിക വിദ്യയുടെ പുതുപുത്തൻ ഉറവിടങ്ങൾ. സർക്കാരിന്റെ തന്നെ വിവിധ ബോധന മാർഗ്ഗങ്ങൾ. പാഠപുസ്തകങ്ങൾ..... എല്ലാറ്റിലുമുപരി സർക്കാർ സ്ഥാപങ്ങളിൽ നിന്നും എന്തെങ്കിലും അറിയണമെങ്കിൽ ഇന്ന് വിവരാവകാശനിയമങ്ങൾതന്നെയുണ്ട്. അങ്ങനെ എന്തെന്തെല്ലാം മാർഗ്ഗങ്ങളിലൂടെ നാം എന്തെന്തെല്ലാം അറിഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഇവിടെ സമ്പന്നരും ദരിദ്രരുമുണ്ട്. അതിൽതന്നെ തീരെ ദരിദ്രരും സമ്പന്നരിൽ തന്നെ ഹെക്ടർ കണക്കിനു ഭൂമിയുള്ളവർ ഉണ്ടെന്നും നാം അറിഞ്ഞു വച്ചിട്ടുണ്ട്. ഇങ്ങനെ പലതും പലതും നമുക്കറിയാമായിരുന്നിട്ടും ഇതുവരെ അറിയാതെ പോയ ഒരു പ്രധാ‍ന കാര്യം നാം ഇപ്പോൾ നടുക്കത്തോടെ അറിയുന്നു. അതായത് ഇന്ത്യ എന്ന ഈ സ്വതന്ത്ര രാജ്യത്തിനുള്ളിൽ മറ്റു ചില സ്വതന്ത്ര സാമ്രാജ്യങ്ങൾ ഉണ്ടെന്ന്! സ്വന്തമായി ഭരണവും നീതിയും നിയമവും പോലീസും പട്ടാളവുമുള്ള ( അവരെ ദുഷ്ടബുദ്ധികൾ ഗുണ്ടകൾ എന്നു വിളിക്കും) നികുതി പിരിക്കാൻ ഉദ്യോഗസ്ഥരുമുള്ള സ്വതന്ത്ര സാമ്രാജ്യങ്ങൾ! അങ്ങനെയുള്ള പ്രദേശങ്ങളെ സാധാരണ സ്വതന്ത്ര രാജ്യങ്ങളായാണ് രാഷ്ട്രതന്ത്ര ശാസ്ത്രം പരിഗണിക്കുക. ഇവിടെ നമ്മുടെ ഈ കൊച്ചു കേരളത്തിലെ കിഴക്കൻ മലയിൽ മനോഹരമായ സ്ഥലത്ത് ആരുമറിയാതെ അങ്ങനെ ഒരു സാമ്രാജ്യം നിലനിൽക്കുകയായിരുന്നുവത്രെ! നമ്മുടെ ഭർണകർത്താക്കളും നീതിപീഠങ്ങൾ പോലും പലപ്പോഴും വകവച്ചുകൊടുത്തിട്ടുള്ളതാണത്രേ അവരുടെ ഈ പ്രത്യേക അധികാരം!

പറഞ്ഞത് റ്റാറ്റയുടെ മൂന്നാറിലെ ആ സാമ്രാജ്യത്തെക്കുറിച്ചു തന്നെ. സ്വകാര്യ നിയമങ്ങളും, നിയമപാലകരും, നികുതി പിരിയ്ക്കലും മറ്റും മറ്റുമായി ഒരു കൊച്ചു സ്വതന്ത്ര രാജ്യം പോലെ പ്രവർത്തിക്കുകയായിരുന്നുവത്രേ മൂന്നാർ. ആരും ഇതുവരെ അതറിഞ്ഞില്ലത്രേ! ഒരു സ്വതന്ത്രരാജ്യത്തിനുള്ളിൽ മറ്റൊരു സ്വതന്ത്രസാമ്രാജ്യമോ? സ്വകാര്യവ്യക്തികൾക്ക് ഇത്രയധികം അധികാരാവകാശങ്ങൾ ഭൂമിയുടെ മേൽ ലഭിക്കുന്നതെങ്ങനെ? സ്വത്തും പണവും സമ്പാദിക്കുന്നവർക്ക് നികുതികളിലൂടെയും മറ്റും നിയന്ത്രണങ്ങൾ ഉണ്ടാക്കിയിരിക്കുന്നതു തന്നെ രാജ്യത്തെ മൊത്തം ഭൂമി അളന്നു വാങ്ങി രാജ്യം സ്വകാര്യസ്വത്താക്കാതിരിക്കുവാനാണ്. ഭൂമി ആളുകൾക്ക് വിലയ്ക്കു വാങ്ങുകയും കൈമാറ്റം ചെയ്യുകയും വച്ചനുഭവിക്കുകയും ചെയ്യാമെങ്കിലും എല്ലാ ഭൂമിയും രാഷ്ട്രത്തിന്റെ വകയാണ്.
ഭൂമിയുടെ മേൽ കൈവശ-കൈമാറ്റ അധികാരങ്ങളല്ലാതെ അവയുടെ മേൽ ആത്യന്തികമായ അവകാശം ആർക്കുമില്ല. ഏതു സമയത്തും രാഷ്ട്രത്തിനാവശ്യം വന്നാൽ ആരുടെ ഭൂമിയും കണ്ടുകെട്ടാം. സമ്പൂർണ്ണ മുതലാളിത്ത രാജ്യങ്ങളിൽ പോലും ഭൂമിയുടെ മേൽ ഉള്ള വ്യക്തികളുടെ അവകാശം സ്ഥിരമോ സമ്പൂർണ്ണമോ അല്ല. അനുഭവ കൈമാറ്റ അവകാശങ്ങൾ എന്നു പറഞ്ഞാൽ അത് ഹെക്ടർ കണക്കിനു ഭൂമി വാങ്ങി സാമ്രാജ്യങ്ങൾ സ്ഥാപിക്കാനുള്ള അവകാശമല്ല. എന്നാൽ മൂന്നാറിൽ റ്റാറ്റ സ്ഥാപിച്ചിരിക്കുന്നത് ഒരു കൊച്ചു സ്വതന്ത്ര സാമ്രാജ്യം തന്നെയാണ്. അതിനുള്ള അവകാശം ഇന്ത്യയിൽ ആർക്കുമില്ല. എല്ലാം രാജ്യത്തെ ഭരണകൂടത്തിനും രാഷ്ട്രത്തിനും നിയമങ്ങൾക്കും കീഴിലായിരിക്കണം. ഇപ്പോൾ റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് നാം അറിഞ്ഞു. ഇതു പോലെ നമ്മുടെ രാജ്യത്ത് എത്രയെത്ര കൊച്ചു കൊച്ചു ഭൂസാമ്രാജ്യങ്ങൾ ഉണ്ടായിരിക്കാം. എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രമാണല്ലോ പലരും പലതും അറിയുക.

മൂന്നാറിലെ
റ്റാറ്റയുടെ സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൽ പുതിയലക്കം ചിന്തയിലെ ഈ ലേഖനം ഇവിടെ ചെന്ന് ഒന്നു വായിച്ചാൽ മതി.